വെളുത്തുള്ളിക്കായലോരത്ത് കാണാം കാഴ്ചകൾ
text_fieldsഅരൂർ: ചന്തിരൂർ വെളുത്തുള്ളിക്കായലിൽ ഉദയാസ്തമന ശോഭ കൺനിറയെ കാണാനെത്തുന്ന സഞ്ചാരികൾക്കായി വിസ്മയം ഒരുക്കി കയാക്കിങ്. വെളുത്തുള്ളി ബണ്ടിൽ താമസിക്കുന്ന ദിലീപ്, രതീഷ് എന്നീ സഹോദരങ്ങളുടെ സ്വപ്നമാണ് വെളുത്തുള്ളി കായലിലെ ഓളപ്പരപ്പിൽ യാഥാർഥ്യമായത്. സ്വന്തമായി രണ്ടരലക്ഷം രൂപ നിക്ഷേപിച്ച് വാങ്ങിയ ആറ് കയാക്കുകൾ വെളുത്തുള്ളിക്കായലിലെ പുതിയ വിനോദസഞ്ചാര സാധ്യതകളുടെ തിരയടിക്കുകയാണ്.
രണ്ടുപേർക്ക് ഒരുമിച്ചിരുന്ന് തുഴയാവുന്ന ഈ കയാക്കുകൾക്ക് മണിക്കൂറിന് 300 രൂപയാണ് വാടക. കായലിൽ ഇറങ്ങാൻ പേടിയുള്ളവരും ആദ്യമായി തുഴ കൈയിലെടുക്കുന്നവരും ഒട്ടും ഭയക്കേണ്ടതില്ല. ലൈഫ് ജാക്കറ്റുകളും മതിയായ സുരക്ഷ മുൻകരുതലുകളും ഓരോ യാത്രികനും ഉറപ്പാക്കിയിട്ടുണ്ട്. ജലയാനങ്ങളിൽ കയറാൻ ഭയമില്ലെങ്കിൽ നിശ്ചലമായ ജലാശയത്തിൽ തുഴഞ്ഞ് കറങ്ങി നടക്കാം.
നിബിഡമായ കണ്ടൽക്കാടുകളുടെ പച്ചപ്പിലൂടെ ശാന്തമായി ഒഴുകിനടക്കാം. ഓരോ തുഴപ്പാച്ചിലിലും കായൽക്കാറ്റ് മനസ്സിനെയും ശരീരത്തെയും കുളിരണിയിക്കും. രാവിലെ ആറ് മുതൽ വൈകീട്ട് ഏഴുവരെയാണ് കയാക്കിങ് സമയം. വെളുത്തുള്ളിക്കായലോരത്തിന് മറ്റൊരു അപൂർവ്വ സൗന്ദര്യം കൂടിയുണ്ട്. കന്യാകുമാരിയിലെന്നപോലെ ഒരേയിടത്തുനിന്ന് സൂര്യോദയവും സൂര്യാസ്തമനവും ആസ്വദിക്കാം. പുലർച്ച വെളുത്തുള്ളി ചാലിലൂടെ പുഞ്ചിരി തൂകിയെത്തുന്ന സൂര്യനും വൈകിട്ട് ആറിന് കായലിനെ ചുവപ്പണിയിച്ച് വിടപറയുന്ന അസ്തമയവും ഒരേ തീരത്തുനിന്നുതന്നെ കാണാം.
കായൽക്കാറ്റ് കൊണ്ട് സായാഹ്നങ്ങൾ ചെലവഴിക്കാനെത്തുന്നവർക്കായി അരൂർ പഞ്ചായത്തും മനോഹരമായൊരു ആർച്ചും ഒരുക്കിയിട്ടുണ്ട്. കായലോരത്ത് തീർത്ത പുതിയ നടപ്പാതയും ഇരിപ്പിടങ്ങളും നാടിന്റെ കൂട്ടായ്മകൾക്കും സായാഹ്ന നടത്തങ്ങൾക്കും പ്രിയപ്പെട്ട ഇടമായി മാറിക്കഴിഞ്ഞു. പച്ചപ്പും ഓളങ്ങളും പ്രണയം പറയുന്ന ചന്തിരൂർ വെളുത്തുള്ളിക്കായൽ ഇന്ന് വെറുമൊരു കായൽക്കാഴ്ചയല്ല; ജീവിതത്തിരക്കുകൾക്കിടയിൽ മനസ്സിന് കുളിർമഴ പെയ്യുന്ന ഒരുസായാഹ്ന വിശ്രമകേന്ദ്രം കൂടിയാണ്.

