കാട്ടിക്കുളം ടു കശ്മീർ; ഓട്ടോയിൽ
text_fieldsസിറാജ്, അഷ്കർ, സിയാദ്, ഷഫീഖ് എന്നിവർ ഓട്ടോറിക്ഷയിൽ യാത്ര തിരിക്കാൻ ഇറങ്ങിയപ്പോൾ
മാനന്തവാടി: സൈക്കിളിലും ബുള്ളറ്റിലും മറ്റുമൊക്കെ കേരളത്തിൽനിന്ന് കശ്മീരിലേക്ക് യാത്ര പോകുന്നവരുണ്ട്. എന്നാൽ, ഓട്ടോറിക്ഷയിൽ ഇന്ത്യയുടെ പല ഭാഗങ്ങളും ചുറ്റിക്കറങ്ങി കശ്മീരിലേക്കുള്ള യാത്രയിലാണ് വയനാട്ടിലെ നാല് യുവാക്കൾ.
കാട്ടിക്കുളം സ്വദേശികളായ സിറാജ്, അഷ്കർ, ബാവലി സ്വദേശിയായ സിയാദ്, മുള്ളൻകൊല്ലി സ്വദേശിയായ ഷഫീഖ് എന്നിവരാണ് കഴിഞ്ഞ ദിവസം രാവിലെ വയനാട്ടിൽനിന്ന് യാത്ര പുറപ്പെട്ടിരിക്കുന്നത്.
യാത്രാ ഒരുക്കത്തിെൻറ ടീസർ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ബംഗളൂരു, ഹുബ്ബാലി, പുണെ,ഗുജറാത്ത്, അജ്മീർ, പഞ്ചാബ്, കശ്മീർ, ലഡാക്ക്, മണാലി, ഡൽഹി എന്നീ ഇന്ത്യയിലെ പ്രധാന വിനോദ നഗരങ്ങളൊക്കെ ഓട്ടോയിൽ ചുറ്റിക്കറങ്ങുകയാണ് ലക്ഷ്യം.
ദിവസ വേതനക്കാരായ ഇവർ ഒരുപാട് നാളത്തെ സ്വപ്നങ്ങൾക്കൊടുവിലാണ് രണ്ടു മാസത്തോളം നീളുന്ന ഓട്ടോ യാത്ര സഫലീകരിക്കാൻ ഒരുങ്ങുന്നത്. ഓരോരുത്തരും 30,000 രൂപയോളം പങ്കിട്ടാണ് യാത്ര.
ഇൻസ്റ്റഗ്രാമിലും വാട്സ് ആപിലുമൊക്കെ നിരവധി പേരാണ് ഇവരുടെ യാത്രാ ടീസർ വിഡിയോ പങ്കുവെക്കുന്നത്.

