കോവിഡാനന്തര കാലത്തെ സഞ്ചാരപ്രിയർ ഇന്ത്യക്കാരാകുമെന്ന് പഠനം
text_fieldsന്യൂഡൽഹി: കോവിഡ് മഹാമാരിയുടെ ഭീഷണിയിൽ നിന്ന് ലോകം മുക്തമാകുമ്പോൾ ഇന്ത്യക്കാരാകും ഏറ്റവും കൂടുതൽ ലോകസഞ്ചാരം നടത്തുകയെന്ന് പഠനം. അന്താരാഷ്ട്ര യാത്രകൾക്കുള്ള അനുവാദം ലഭിച്ചാൽ അതിന് തയാറാവാൻ ഏറ്റവും ആത്മവിശ്വാസം ഇന്ത്യക്കാർ പ്രകടിപ്പിക്കുന്നതായി പഠനത്തിൽ പറയുന്നു. ലോകസഞ്ചാരികൾ കൂടുതലുള്ള 17 രാജ്യങ്ങളിലാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.
ഇന്ത്യയിൽ നിന്ന് സർവേയിൽ പങ്കെടുത്ത 77 ശതമാനം പേരും അടുത്ത 12 മാസത്തിനിടെ രാജ്യാന്തര യാത്ര നടത്താൻ ഏറെ താൽപര്യമുള്ളവരാണ്. തായ്ലൻഡിലെ 70 ശതമാനം പേരും ഇന്തൊനേഷ്യയിലെ 60 ശതമാനം പേരും രാജ്യംവിട്ടുള്ള യാത്രക്ക് ഒരുക്കമാണ്.
ലോക്ഡൗണിന് ശേഷമുള്ള യാത്രാകേന്ദ്രമായി ഇന്ത്യ, ഇന്തൊനേഷ്യ, തായ്ലൻഡ്, ഹോങ്കോങ്, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ളവർ തെരഞ്ഞെടുത്തത് സിങ്കപ്പൂരിനെയാണ്.
സാമൂഹിക ഗവേഷക ഏജൻസിയായ ബ്ലാക്ബോക്സ് റിസർച്ച്, ഡൈനാറ്റ, ലാഗ്വേജ് കണക്ട് എന്നിവ സംയുക്തമായാണ് കോവിഡാനന്തര കാലത്തെ സഞ്ചാര മേഖലയിലെ ഭയവും സാധ്യതകളും സംബന്ധിച്ച് പഠനം നടത്തിയത്. 17 രാജ്യങ്ങളിൽ നിന്നായി 10,195 പേർ സർവേയിൽ പങ്കെടുത്തു.
അതേസമയം, ട്രാവൽ മേഖലയിൽനിന്നുയരുന്ന മോശം വാർത്തകൾ സഞ്ചാരികൾക്ക് അത്ര സുഖം പകരുന്നവയല്ല. വിനോദസഞ്ചാര മേഖല സമീപഭാവിയിൽ പഴയതുപോലെയാകാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.
പല പ്രമുഖ ട്രാവൽ കമ്പനികളും വൻ നഷ്ടം നേരിടുകയാണ്. ട്രാവൽ ബുക്കിങ് ഭീമന്മാരായ എക്സ്പീഡിയക്ക് 82 ശതമാനം വരുമാന ഇടിവാണ് കോവിഡ് മൂലമുണ്ടായത്. ഫ്രഞ്ച് ആഢംബര ഹോട്ടൽ ഗ്രൂപ്പായ അക്കോർ 150 കോടി യൂറോയുടെ നഷ്ടമാണ് നേരിട്ടത്. 1000 ഓഫിസ് തസ്തികകൾ ഇവർ വെട്ടിക്കുറച്ചുകഴിഞ്ഞു.
കോവിഡ് ഭീഷണി തുടരുന്ന സാഹചര്യത്തിൽ പല രാജ്യങ്ങളും രാജ്യാന്തര വിമാന സർവിസുകൾ പുനരാരംഭിച്ചിട്ടില്ല. വിനോദ സഞ്ചാര കേന്ദ്രങ്ങളും അടഞ്ഞുകിടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

