Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightറെയിൽവേ സമയമാറ്റം...

റെയിൽവേ സമയമാറ്റം അറിയിച്ചില്ല, യാത്ര മുടങ്ങി; യാത്രികന് വൻ തുക നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

text_fields
bookmark_border
റെയിൽവേ സമയമാറ്റം അറിയിച്ചില്ല, യാത്ര മുടങ്ങി; യാത്രികന് വൻ തുക നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
cancel

തിരുവനന്തപുരം: സമയമാറ്റം മുൻകൂട്ടി അറിയിക്കാതെ ട്രെയിൻ നേരത്തെ പുറപ്പെട്ടതുമൂലം യാത്ര മുടങ്ങിയ സംഭവത്തിൽ സൗത്ത് റെയിൽവേ 31,784 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമീഷന്റെ ഉത്തരവ്. തിരുവനന്തപുരം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റേതാണ് വിധി.

യാത്രക്കാരെ സമയമാറ്റം അറിയിച്ചതായി തെളിയിക്കാൻ റെയിൽവേയ്ക്ക് കഴിഞ്ഞില്ലെന്ന് കമീഷൻ വ്യക്തമാക്കി. യാത്രക്കാർക്ക് കൃത്യസമയത്ത് ഗുണനിലവാരമുള്ള സേവനങ്ങൾ ലഭിക്കാൻ അവകാശമുണ്ടെന്നും ഭരണാധികാരികളുടെ ഇഷ്ടത്തിനനുസരിച്ച് യാത്രക്കാർ ബുദ്ധിമുട്ടേണ്ടിവരരുതെന്നും കമീഷൻ നിരീക്ഷിച്ചു. പൊതുഗതാഗതം നിലനിൽക്കണമെങ്കിൽ സംവിധാനങ്ങളും പ്രവർത്തന സംസ്കാരവും മെച്ചപ്പെടുത്തണമെന്ന് കമീഷൻ ഓർമ്മിപ്പിച്ചു.

മൂർകാംബിക ക്ഷേത്ര ദർശനത്തിന് ശേഷം മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് 2019 നവംബർ മൂന്നിനാണ് പ്രശാന്ത കുമാർ പിയും കുടുംബവും (10 പേർ) എൻ.സെഡ്.എം-ടി.വി.സി സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ മടക്കയാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. വൈകീട്ട് അഞ്ചു മണിയോടെ മംഗളൂരു റെയിൽവേ സ്റ്റേഷനിൽ എത്തിയ സംഘം 'വേർ ഈസ് മൈ ട്രെയിൻ' ആപ്പ് പരിശോധിച്ചപ്പോൾ ട്രെയിൻ 5:40-ന് എത്തുമെന്നായിരുന്നു കാണിച്ചിരുന്നത്. എന്നാൽ അന്വേഷണ കൗണ്ടറിൽ ചെന്നപ്പോഴാണ് സമയമാറ്റത്തെ തുടർന്ന് ട്രെയിൻ 2:50-ന് തന്നെ പുറപ്പെട്ടുപോയ വിവരം ഇവർ അറിയുന്നത്. തുടർന്ന് മറ്റ് മാർഗങ്ങളില്ലാതെ അന്ത്യോദയ എക്സ്പ്രസിൽ ജനറൽ ടിക്കറ്റെടുത്താണ് സംഘം നാട്ടിലെത്തിയത്.

നവംബർ ഒന്ന് മുതൽ പുതിയ നോൺ-മൺസൂൺ ടൈംടേബിൾ നിലവിൽ വന്നിട്ടുണ്ടെന്നും പത്രങ്ങളിലൂടെയും റിസർവേഷൻ ടിക്കറ്റിലെ കുറിപ്പുകളിലൂടെയും യാത്രക്കാരെ വിവരം അറിയിച്ചിട്ടുണ്ടെന്നുമായിരുന്നു റെയിൽവേയുടെ വാദം. എന്നാൽ പരാതിക്കാരന് ഈ വിവരം ലഭിച്ചുവെന്ന് തെളിയിക്കുന്ന ഒരു രേഖയും ഹാജരാക്കാൻ റെയിൽവേയ്ക്ക് കഴിഞ്ഞില്ല. ഔദ്യോഗിക എൻ.ടി.ഇ.എസ് ആപ്പിന് പകരം സ്വകാര്യ ആപ്പാണ് പരാതിക്കാരൻ ആശ്രയിച്ചതെന്ന റെയിൽവേയുടെ വാദവും കമീഷൻ തള്ളി.

യാത്രക്കാർക്ക് സമയമാറ്റം മുൻകൂട്ടി നൽകുന്നതിൽ പരാജയപ്പെട്ടത് സേവനത്തിലെ വീഴ്ചയാണെന്ന് കമീഷൻ വിലയിരുത്തി. തുടർന്ന് ടിക്കറ്റ് തുകയായ 3,784 രൂപ (2019 നവംബർ മൂന്ന് മുതൽ 6% പലിശയോടെ), മാനസിക ബുദ്ധിമുട്ടുകൾക്ക് 25,000 രൂപ, കോടതി ചെലവിലേക്ക് 3,000 രൂപ എന്നിവ നൽകാനാണ് ഉത്തരവിട്ടത്. ഒരു മാസത്തിനകം തുക നൽകിയില്ലെങ്കിൽ കോടതി ചെലവ് ഒഴികെയുള്ള തുകയ്ക്ക് ഒമ്പത് ശതമാനം പലിശ നൽകേണ്ടിവരുമെന്നും ഉത്തരവിലുണ്ട്. പ്രസിഡന്റ് പി.വി. ജയരാജൻ, അംഗങ്ങളായ പ്രീത ജി. നായർ, വിജു വി.ആർ എന്നിവരടങ്ങിയ ബെഞ്ചാണ് റെയിൽവേയ്ക്ക് എതിരെ ഉത്തരവ് പുറപ്പെടുവിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railwayConsumer Courtrailway timing
News Summary - Huge Compensation Ordered for Passenger
Next Story