ഹില്‍ഗാര്‍ഡന്‍ ടൂറിസം പദ്ധതിരേഖ സമര്‍പ്പിച്ചു; സഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങി കല്യാണത്തണ്ട്
text_fieldsകല്യാണത്തണ്ട് മലയില്‍നിന്നുള്ള കാഴ്ച
ഇടുക്കി: ഒരുവശത്ത് പച്ചപുതച്ച് നില്ക്കുന്ന മലനിരകള്‍, അതിനിടയില്‍ നീലപ്പരവതാനി വിരിച്ചപോലെ ഇടുക്കി ജലാശയവും അവയിലെ പച്ചത്തുരുത്തുകളും, ഒപ്പം കോടമഞ്ഞും കുളിര്‍ക്കാറ്റും മറുവശത്ത് കട്ടപ്പന നഗരത്തിന്റെ അതിവിശാലമായ കാഴ്ച.
ഇടുക്കിക്കാര്‍ക്ക് സുപരിചിതമായ കല്യാണത്തണ്ട് മലനിരകള്‍ തേടി മറ്റു നാടുകളില്‍നിന്ന് കൂടുതല്‍ ആളുകള്‍ എത്തുന്നത് ഒരിക്കല്‍ ഇവിടെ വന്നുപോയവരുടെ വാക്കുകളിലൂടെ ഈ മനോഹാരിത അറിഞ്ഞാണ്. വലിയ ടൂറിസം സാധ്യതകളുള്ള കട്ടപ്പന നഗരസഭ പരിധിയിലെ കല്യാണത്തണ്ടില്‍ ഹില്‍ഗാര്‍ഡന്‍ ടൂറിസം പദ്ധതിക്കുള്ള വിശദമായ പദ്ധതിരേഖ (ഡി.പി.ആര്) സമര്‍പ്പിച്ചത് ജില്ലയിലെ വിനോദസഞ്ചാര മേഖലക്ക് പുത്തനുണര്‍വ് പകര്‍ന്നിരിക്കുകയാണ്.
സംസ്ഥാനനിര്‍മിതി കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് 6.5 കോടി രൂപയുടെ പദ്ധതി തയാറാക്കിയിരിക്കുന്നത്. വാച്ച് ടവര്‍, പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടര്‍, കഫറ്റേരിയ, ടോയ്ലറ്റ് സംവിധാനം, പാതകള്‍, ഫെന്‍സിങ്, കുട്ടികള്‍ക്ക് കളിക്കാനുള്ള ഉപകരണങ്ങളും ഇതര സംവിധാനങ്ങളും തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് ഡി.പി.ആര് തയാറാക്കിയിരിക്കുന്നത്. പദ്ധതിയുടെ പ്രാരംഭഘട്ടമായി നഗരസഭ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാച്ച് ടവര്‍ നിര്‍മിക്കുന്നതിന് 30 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. റവന്യൂ ഭൂമി നഗരസഭക്ക് പാട്ടത്തിന് ലഭ്യമാക്കി പദ്ധതി നടപ്പാക്കാനുള്ള നടപടികളും ആരംഭിച്ചു. മൂന്നാര്‍, തേക്കടി തുടങ്ങിയ സ്ഥലങ്ങളിലെത്തുന്ന വിനോദസഞ്ചാരികളെ കട്ടപ്പനയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തെ ടൂറിസം ഭൂപടത്തില്‍ കട്ടപ്പനയും ഇടംപിടിക്കും.
ലോകശ്രദ്ധ ആകര്‍ഷിക്കുന്ന പ്രകൃതിവിസ്മയങ്ങള്‍കൊണ്ട് സമ്പന്നമാണ് ഇടുക്കിയിലെ വിനോദസഞ്ചാരമേഖല. ജില്ലയിലെ ചെറുതും വലുതുമായ വിനോദസഞ്ചാര കേന്ദ്രങ്ങളെ കൂട്ടിയിണക്കി ടൂറിസം സാധ്യത പ്രയോജനപ്പെടുത്തുന്നതിനുള്ള നിരവധി പദ്ധതികളാണ് ജില്ലയില്‍ ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നത്.
ഇടുക്കിയുടെ മനോഹാരിത തേടിയെത്തുന്ന സഞ്ചാരികളെ ഇരുകൈകളും നീട്ടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് കല്യാണത്തണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

