ഇന്ത്യൻ യാത്രികർ നാലുതരമെന്ന് ഗൂഗ്ൾ; നിങ്ങളിതിൽ ഏതുതരം യാത്രക്കാരാണ്?
text_fieldsയാത്ര ഇഷ്ടമില്ലാത്തവർ ആരാണുണ്ടാവുക. യാത്ര ഇപ്പോൾ ജീവിതത്തിന്റെ ഭാഗമെന്നതിലുപരി, വ്യക്തിത്വത്തിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുകയാണ്. ഓരോരുത്തർക്കും ഓരോതരം യാത്രയാണ് ഇഷ്ടം. ഓരോരുത്തരുടെയും വ്യക്തിത്വത്തിനനുസരിച്ച് അത് മാറിക്കൊണ്ടിരിക്കുന്നു.
ഗൂഗ്ളിന്റെ പുതിയ റിപ്പോർട്ട് (ട്രാവൽ റിവയേഡ്: ഡികോഡിങ് ദി ഇന്ത്യൻ ട്രാവലർ) പ്രകാരം ഇന്ത്യയിൽ നാലുതരം യാത്രക്കാരാണുള്ളത്. യാത്രയുടെ രീതി, ലക്ഷ്യം, തയാറെടുപ്പ്, അന്വേഷണത്തിന്റെ സമീപനം തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഗൂഗ്ൾ ഇന്ത്യക്കാരുടെ യാത്രാഭിരുചിയെ നിർണയിച്ചത്.
മെമ്മറി മേക്കേഴ്സ്
നല്ല ഓർമകളും അനുഭവങ്ങളും ലഭിക്കുക എന്നതായിരിക്കും പലപ്പോഴും യാത്രകളുടെ ലക്ഷ്യം. ‘മെമ്മറി മേക്കേഴ്സ്’ എന്നാൽ, ചില അനുഭവങ്ങൾ ലഭിക്കാൻ മാത്രമായി യാത്ര ചെയ്യുന്നവരാണ്. ഉദാഹരണത്തിന്, ഇഷ്ടപ്പെടുന്ന ഒരു സംഗീതജ്ഞൻ തൊട്ടടുത്ത സംസ്ഥാനത്ത് ഒരു സംഗീത പരിപാടി നടത്തുന്നുവെന്ന് കരുതുക. ആ പരിപാടി വീക്ഷിക്കുന്നതിന് മാത്രമായൊരു യാത്ര.
ഒളിമ്പിക്സ്, ലോകകപ്പ് തുടങ്ങിയ കായിക വിനോദങ്ങൾ നേരിൽ കാണാനായി യാത്ര ചെയ്യുന്നവരുണ്ട്. ഇത്തരം യാത്രികരാണ് മെമ്മറി മേക്കേഴ്സ്. ഒരിക്കൽമാത്രം അനുഭവവേദ്യമാകുന്ന അനുഭവങ്ങൾ ഓർമിക്കുമ്പോൾ ‘ഞാനവിടെ ഉണ്ടായിരുന്നു’വെന്ന് പറയാനുള്ള യാത്ര.
ഗ്ലോബ്ട്രോട്ടേഴ്സ്
ഇത് ശരിക്കും കാശ് മുടക്കിയുള്ള ഉലകം ചുറ്റൽ തന്നെയാണ്. നല്ല ഹോട്ടലുകളും മറ്റും ബുക് ചെയ്ത് നടത്തുന്ന അന്താരാഷ്ട്ര യാത്രകൾ. വെക്കേഷനുകൾ ചെലവഴിക്കുന്നതിനും മറ്റുമുള്ള യാത്രകളും ഇതിൽപെടും. നമുക്ക് ചുറ്റുമുള്ള വിശാലമായ ലോകത്തെ അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യുക എന്നതാണ് ഈ യാത്രയുടെ ലക്ഷ്യം.
നവാഗത യാത്രികർ
പേര് പറയുന്നത് പോലെ — ആദ്യയാത്രകൾക്ക് ഇറങ്ങുന്ന, ആവേശമുള്ള, എന്നാൽ ചെലവിൽ ജാഗ്രത പുലർത്തുന്ന യുവതലമുറയുടെ യാത്രയാണിത്. ഗൂഗ്ൾ പഠനം അനുസിച്ച് ജെൻ സീ വനിതകളാണ് ഇത്തരം യാത്രകൾ ഏറ്റവും ഇഷ്ടപ്പെടുന്നത്. 24 മണിക്കൂറിനുള്ളിൽ ബുക്കിങ് നിർവഹിക്കാവുന്നതും നാലോ അഞ്ചോ രാത്രികൾമാത്രം നീളുന്നതുമായ യാത്രയാണിത്.
തീർഥാടന യാത്ര
പുരാതന ആരാധനാലയങ്ങളും അധ്യാത്മിക കേന്ദ്രങ്ങളും ലക്ഷ്യമാക്കിയുള്ള യാത്ര. ജെൻ സി മുതൽ ജെൻ എക്സ് വരെയുള്ള സകല തലമുറകളും ഇഷ്ടപ്പെടുന്ന യാത്രയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

