
വണ്ടിയെടുത്ത് ഒരുങ്ങിക്കോളൂ, രാജ്യാതിർത്തി കടന്ന് കൈലാസ പർവതം സന്ദർശിക്കാം
text_fieldsന്യൂഡൽഹി: പ്രധാന തീർത്ഥാടന കേന്ദ്രമായ കൈലാഷ്-മാനസരോവർ യാത്രക്ക് പോകാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നവർക്ക് ഇതാ ഒരു സന്തോഷ വാർത്ത. താമസിയാതെ ഈ ഹിമാലയൻ പറുദീസയിലേക്ക് സ്വന്തം വാഹനത്തിൽ യാത്ര ചെയ്യാൻ കഴിയും. ഉത്തരാഖണ്ഡിലെ ഗതിയാബാഗർ മുതൽ ലിപുലേഖ് വരെയുള്ള അതിർത്തി റോഡ് നവീകരിക്കുമെന്ന് കേന്ദ്ര മന്ത്രി അജയ് ഭട്ട് അറിയിച്ചു. പദ്ധതിക്കായി കേന്ദ്രം 60 കോടി രൂപയാണ് വകയിരിത്തിയിട്ടുള്ളത്.
ചൈനയുടെ ഭാഗമായ കൈലാസ പർവതത്തിലേക്ക് എല്ലാ വർഷവും ജൂണിനും സെപ്‌റ്റംബറിനും ഇടയിലാണ് തീർത്ഥാടനം ഉണ്ടാകാറ്. രണ്ട് റൂട്ടുകളിലൂടെയാണ് തീർഥാടകർ പോകാറ്. ഉത്തരാഖണ്ഡിലെ ലിപുലേഖ് ചുരത്തിലൂടെ കടന്നുപോകുന്ന റൂട്ടാണ് ഒന്ന്. മറ്റൊന്ന് സിക്കിമിലെ നാഥു ലാ ചുരത്തിലൂടെയാണ്.
പിത്തോരഗഡ് ജില്ലയിലെ ഗുൻജി ഗ്രാമത്തിൽ നടന്ന ഉത്സവത്തിലാണ് മന്ത്രി ഭട്ട് റോഡ് നവീകരണം പ്രഖ്യാപിച്ചത്. പുതിയ പദ്ധതി തീർത്ഥാടകർക്ക് മാത്രമല്ല, പ്രതിരോധ ഉദ്യോഗസ്ഥരെ അതിർത്തിയിലെ ഔട്ട്‌പോസ്റ്റുകളിൽ വേഗത്തിൽ എത്തിക്കാനും സഹായിക്കും.
വരും ദിവസങ്ങളിൽ ഈ പ്രദേശം ജനകീയ ടൂറിസം കേന്ദ്രമായി മാറുമെന്ന് മന്ത്രി പറഞ്ഞു. ഇന്തോ-ചൈന അതിർത്തിയിലെ റോഡ് ശൃംഖല ഹോംസ്റ്റേയും മറ്റ് വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട ബിസിനസുകളും നടത്താൻ തദ്ദേശീയരെ സഹായിക്കും. കഠിനമായ കാലാവസ്ഥ മാത്രമല്ല, യാത്രയിൽ ബുദ്ധിമുേട്ടറിയ ട്രെക്കിങ്ങുമുണ്ട്. ഇത് പ്രായമായവർക്കെല്ലാം പ്രയാസം സൃഷ്ടിച്ചിരുന്നു. അതിനാൽ, പുതിയ പാത ഈ പ്രയാസങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമാകും.
ചൈനയിലെ ടിബറ്റിൽ നീണ്ടുകിടക്കുന്ന ഹിമാലയത്തിന്‍റെ ഭാഗമാണ് കൈലാസ പർവതം. എഷ്യയിലെ നീളം കൂടിയ നദികളായ സത്‌ലജ്, ബ്രഹ്മപുത്ര, കർണാലി തുടങ്ങിയവയുടെ ഉത്ഭവ സ്ഥാനത്തിനടുത്താണ് കൈലാസപർവതം സ്ഥിതി ചെയ്യുന്നത്. ഹിന്ദുമതത്തിൽ കൈലാസം ശിവന്‍റെ വാസസ്ഥാനമായി കരുതുന്നു. ബുദ്ധ, ജൈന മതക്കാർക്കും ഇവിടം ഏറെ പുണ്യകേന്ദ്രമാണ്.
സമുദ്രനിരപ്പിൽനിന്നും 6690 മീറ്റർ ഉയരത്തിലാണ് കൈലാസം സ്ഥിതി ചെയ്യുന്നത്. സാധുവായ പാസ്പോർട്ടുള്ള ഇന്ത്യൻ തീർത്ഥാടകർക്കാണ് കൈലാഷ്-മാനസസരോവർ യാത്രക്ക് പോകാൻ സാധിക്കുക. ഓരോ വർഷവും തെരഞ്ഞെടുത്ത തീർത്ഥാടകരെ മാത്രമാണ് അനുവദിക്കാറ്. ഓൺലൈനായിട്ട് യാത്ര ബുക്ക് ചെയ്യാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
