വർണ വിസ്മയങ്ങളുടെ ഗാർഡൻ ഗ്ലോ
text_fieldsചൂടിൽനിന്ന് തണുപ്പിലേക്ക് മാറുന്നതോടെ യു.എ.ഇയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഓരോന്നായി തുറന്നുകൊണ്ടിരിക്കുകയാണ്. ദുബൈ സഫാരി പാർക്ക്, ഷാർജ സഫാരി, മിറക്ക്ൾ ഗാർഡൻ എന്നിവക്ക് പുറമെ ഗാർഡൻ ഗ്ലോയിലേക്കും ഇപ്പോൾ സന്ദർശകർക്ക് പ്രവേശനം നൽകുന്നുണ്ട്. പുതിയ ആകർഷണങ്ങളുമായാണ് ഗാർഡൻ ഗ്ലോയുടെ ഇത്തവണത്തെ വരവ്.വർണ വിസ്മയങ്ങളുടെ മേളമാണ് ഗാർഡൻ ഗ്ലോ. എട്ടാം സീസണുമായി എത്തുമ്പോഴും ഗാർഡൻ ഗ്ലോയിലെ നിറച്ചാർത്തുകൾക്ക് യാതൊരു കുറവുമില്ല. സന്ദർശകരെ സംബന്ധിച്ചിടത്തോളം അപൂർവ ലോകമാണ് ഗാർഡൻ ഗ്ലോ. വിഷ്വൽ ആർട്ടുകൾ ഉപയോഗപ്പെടുത്തി പ്രകാശത്തിന്‍റെ സഹായത്തോടെ പ്രത്യേക ലോകമാണ് ഇവിടെ സൃഷ്ടിച്ചിരിക്കുന്നത്.
വർണവിളക്കുകളാണ് ഇവിടെ വിസ്മയമൊരുക്കുന്നത്. ലൈറ്റുകൾ ഉപയോഗിച്ച് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് ഇവർ കാണിച്ചുതരുന്നു. പത്ത് ദശലക്ഷത്തിലധികം എൽ.ഇ.ഡി.ലൈറ്റുകളും റീസൈക്കിൾഡ് തുണിത്തരങ്ങളുമാണ് ഗാർഡൻ ഗ്ലോ അലങ്കരിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ഊർജ സംരക്ഷണ ബൾബുകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നതെന്നതാണ് മറ്റൊരു പ്രത്യേകത. മൃഗങ്ങളുടെയും പൂക്കളുടെയും രൂപങ്ങൾ ലൈറ്റുകൾ ഉപയോഗിച്ച് നിർമിച്ചിരിക്കുന്നതും കാണാം.
ദിനോസർ പാർക്കാണ് കുട്ടികളുടെ ഇഷ്ട കേന്ദ്രം. മൂന്ന് കാലഘട്ടങ്ങളിലായി ജീവിച്ചിരുന്ന 100ലേറെ ദിനോസറുകളൂടെ രൂപം ഇവിടെ കാണാം. ദിനോ മ്യൂസിയവും അമ്യൂസ്‌മെന്‍റ് കിയോസ്‌കുകളും രസകരമായ അനുഭവമാണ്.മറ്റൊരു ആകർഷണം മാജിക് പാർക്കാണ്. ഇരുപത്തിയഞ്ചിലേറെ മാന്ത്രിക ഫ്രെയിമുകൾ ഇവിടെയുണ്ട്. ഐസ് പാർക്ക്, ഗ്ലോ പാർക്ക്, ആർട്ട് പാർക്ക് എന്നിവയെ നിലനിർത്തികൊണ്ടാണ് മാജിക് പാർക്ക്. കൈകൾ കൊണ്ടുനിർമിച്ച ലൈറ്റുകളാണ് പൂന്തോട്ടത്തിൽ ഉപയോഗിച്ചിരിക്കുന്നത്. മേഖലയിലെ ഏറ്റവും വലിയ ഐസ് പാർക്കും പ്രധാന ആകർഷണമാകും.
ടിക്കറ്റും സമയവും
ഞായർ മുതൽ വെള്ളിവരെ വൈകുന്നേരം അഞ്ച് മുതൽ രാത്രി 11 വരെയാണ് പ്രവേശനം. ശനിയാഴ്ചയും മറ്റ് പൊതു അവധി ദിനങ്ങളിലും വൈകുന്നേരം അഞ്ച് മുതൽ രാത്രി 12 വരെ തുറന്നിരിക്കും. 70 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ദുബൈൽ സബീൽ പാർക്കിന് സമീപത്താണ് ഗാർഡൻ ഗ്ലോ. കൂടുതൽ വിവരങ്ങൾക്ക് +971 559188126 എന്ന നമ്പറിൽ ബന്ധപ്പെടാം. ടിക്കറ്റ് ബുക്ക് ചെയ്യാൻ dubaigardenglow.com വെബ്സൈറ്റ് സന്ദർശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

