കാർ വീടാക്കി ലോകം ചുറ്റുന്ന വിദേശ ദമ്പതിമാർ
text_fieldsമാറ്റിഫെർനോണും നിക്കോണും കാറിൽ
വൈക്കം: കാർ വീടാക്കിയൊരുക്കി ലോകം ചുറ്റുന്ന വിദേശ ദമ്പതികൾ കേരളീയരുടെ മനം കവരുന്നു. ഓസ്ട്രേലിയൻ സ്വദേശിയായ 36 കാരനായ മാറ്റിഫെർനോണും 31 കാരിയായ ബ്രസീലിയൻ സ്വദേശി നിക്കോലിയുമാണ് ലോകം ചുറ്റുന്നതിന്റെ ഭാഗമായി വൈക്കത്തെത്തിയത്.
40രാജ്യങ്ങൾ ഇതിനകം ചുറ്റിക്കണ്ട മാറ്റിഫെർനോൺ ഒരു യാത്രക്കിടെയാണ് നിക്കോലിയെ പരിചയപ്പെട്ടത്. സൗഹൃദം പ്രണയത്തിലേക്ക് വഴി മാറിയതോടെ 2024 ഒക്ടോബറിൽ ഇരുവരും ലോകം ചുറ്റാൻ കാറിലേറി. ഇതിനായി തന്റെ ടൊയോട്ട ലാൻഡ് ക്രൂയിസർ 78 സീരിയസിൽ ആവശ്യമായ ക്രമീകരണം വരുത്തി. വൈദ്യുതിക്കായി വാഹനത്തിന് മുകളിൽ സോളാർ പാനൽ സ്ഥാപിച്ചു.
ഓസ്ട്രേലിയയിലെ മെൽബൺ തുറമുഖത്തുനിന്ന് കപ്പലിലാണ് ഇന്ത്യയിലെത്തിയത്. കേരളത്തിലെത്തിയശേഷം കണ്ണൂരും വയനാടും ചുറ്റിക്കറങ്ങി. വയനാട്ടിലെ വട്ടക്കര ഗ്രാമത്തിലെത്തിയപ്പോൾ പ്രദേശവാസികളായ ദിയാൻ, രാഹുൽ എന്നിവരെ പരിചയപ്പെട്ടു. ഇവരുടെ സുഹൃത്തായ അരുണിന്റെ വിവാഹത്തിൽ പങ്കെടുത്തത് അനുസ്മരണീയമായ അനുഭവമാണെന്ന് മാറ്റിയും നിക്കോലിയും പറയുന്നു.
വൈക്കത്തെത്തിയ ശേഷം മുണ്ടാറിലേക്ക് ടൂർ ഓപറേർമാരായ ബേബി, വാസുദേവൻ എന്നിവർക്കൊപ്പം മുണ്ടാർ ചുറ്റി ആമ്പൽ വസന്തം കണ്ട് നാട്ടുതോട്ടിലൂടെ തലയാഴം, വെച്ചൂർ ഭാഗങ്ങൾ കറങ്ങി. ഉച്ചയോടെ തോട്ടകം ആറ്റുതീരത്തെത്തി കരിമീനും കാളാഞ്ചിയും ചെമ്മീൻ വിഭവങ്ങളും കൂട്ടി ഊണ് കഴിച്ചു. വൈക്കത്തുനിന്ന് ജങ്കാറിലേറി കായൽകടന്ന് മറുകരയിലെത്തിയ മാറ്റിയും നിക്കോലിയും ആലപ്പുഴയുടെ സൗന്ദര്യം നുകർന്നു ജില്ലകൾ കടന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് കടക്കും. മാർച്ച് ആദ്യം ഹിമാലയം സന്ദർശിച്ച് നേപ്പാളിലൂടെ മറ്റു രാജ്യങ്ങളിലേക്ക് യാത്ര തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

