Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിലെ സംഘർഷ സാഹചര്യം; കൊച്ചിയിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കി

text_fields
bookmark_border
https://www.madhyamam.com/tags/cial
cancel

നെടുമ്പാശ്ശേരി: സൗദി അറേബ്യയിലെ സംഘർഷ സാഹചര്യത്തെ തുടർന്ന് തിങ്കളാഴ്ച കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ടതും കൊച്ചിയിലേക്ക് എത്തേണ്ടതുമായ അഞ്ച്​ വിമാന സർവിസുകൾ റദ്ദാക്കി.

പുലർച്ചെ 4.45 ന് ദമാമിൽ നിന്ന് എത്തേണ്ട എയർ ഇന്ത്യ എക്സ്‌പ്രസ്, രാവിലെ 7.25 ന് ജിദ്ദയിൽ നിന്നുള്ള ആകാശ എയർ, വൈകീട്ട് 5.40 ന് ദമാമിൽ നിന്ന് എത്തേണ്ട എയർ ഇന്ത്യ എക്സ‌്പ്രസ്, 6.50 ന് ജിദ്ദയിൽ നിന്നുള്ള സൗദിയ എന്നീ സർവിസുകളാണ്​ റദ്ദാക്കിയതെന്ന് അധികൃതർ അറിയിച്ചു​. കൊച്ചിയിൽ നിന്ന് രാവിലെ 7.15 ന് പുറപ്പെടേണ്ട ദമാം സർവിസും ഉണ്ടായില്ല.

അതേസമയം, ഗൾഫ് മേഖലയിലെ സംഘർഷസാഹചര്യത്തിൽ സൗദി അറേബ്യയിലെ പ്രവാസി കേരളീയർ നേരിടുന്ന പ്രതിസന്ധികൾ ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന യോഗത്തിലെ നിർദേശങ്ങൾ സംസ്ഥാന സർക്കാറിന്റെ തുടർനടപടികൾക്കായി സമർപ്പിച്ചു.

സൗദി അറേബ്യയിൽനിന്ന് കേരളത്തിലേക്കും തിരിച്ചും താങ്ങാനാവുന്ന നിരക്കിൽ ചാർട്ടേഡ് വിമാന സർവിസുകൾ ഏർപ്പെടുത്തുക, അവധിക്ക് നാട്ടിലെത്തിയ ജീവനക്കാരുടെ മടക്കയാത്ര സുഗമമാക്കുക, മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് സൗകര്യം ഏര്‍പ്പെടുത്തുക, ഉംറ–വിസിറ്റ് വിസകളിൽ യാത്രാതടസ്സം നേരിടുന്നവർക്ക് യാത്ര, താമസം, ഭക്ഷണം എന്നിവ ഉറപ്പാക്കുക തുടങ്ങിയ നിർദേശങ്ങളാണ് സർക്കാറിന് സമർപ്പിച്ചത്.

പാസ്‌പോർട്ട്, നിയമസഹായം, തൊഴിൽ-വരുമാന പ്രതിസന്ധികൾ, അടിയന്തര ക്ഷേമസഹായം, വിമാനസർവീസുകളെക്കുറിച്ചുള്ള ഔദ്യോഗിക വിവരവിനിമയം തുടങ്ങിയ വിഷയങ്ങളും സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. സൗദിയിലെ പ്രധാന മലയാളി സംഘടനകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി തുടർചർച്ചകൾക്കായി വിപുലമായ യോഗം വിളിച്ചുചേർക്കുന്നതിനും തീരുമാനിച്ചു.

സൗദി അറേബ്യയിലെ ഇന്ത്യൻ പൗരന്മാർക്ക് റിയാദിലെ ഇന്ത്യൻ എംബസി കർശന സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ, അവയെ തടയുന്നതിനുള്ള പ്രതിരോധ നടപടികൾ, ആക്രമണങ്ങളുടെ ആഘാതമുണ്ടായ സ്ഥലങ്ങൾ എന്നിവ ചിത്രീകരിക്കുകയോ അവയുമായി ബന്ധപ്പെട്ട വിവരങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ പ്രസിദ്ധീകരിക്കുകയോ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയോ ചെയ്യരുതെന്ന് എംബസി നിർദേശിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story