ഫാൽക്കൺ കണ്ട ഖത്തർ; സുന്ദര കാഴ്ചയുമായി ഖത്തർ ടൂറിസം
text_fieldsവിനോദ സഞ്ചാര മേഖലയുടെ പ്രചാരണത്തിന്റെ ഭാഗമായി ഖത്തർ ടൂറിസം
പുറത്തിറക്കിയ വിഡിയോയിൽ നിന്ന്
ദോഹ: ഖത്തറിന്റെ സുന്ദരമായ പലകാഴ്ചകളും നമ്മൾ കണ്ടിട്ടുണ്ട്. കാമറ കണ്ണിലൂടെയും, ആകാശ യാത്രയിലും തുടങ്ങിയ മനോഹരമായ ദൃശ്യയാത്രകൾ ഒട്ടേറെ കണ്ടവരാണ് നമ്മൾ. അതിൽ നിന്നൊരു വേറിട്ടകാഴ്ച അവതരിപ്പിച്ചിരിക്കുകയാണ് ഖത്തർ ടൂറിസം. ‘ഖത്തർ; ഫാൽക്കണിന്റെ കണ്ണിലൂടെ’ എന്ന പേരിൽ പുറത്തിറക്കിയ ഒരു വിഡിയോയിലൂടെയാണ് ഖത്തർ ടൂറിസം രാജ്യത്തിന്റെ വേറിട്ടൊരു കാഴ്ച ലോകത്തിന് മുന്നിലെത്തിക്കുന്നത്.
മരുഭൂമിയും, കടൽത്തീരവും, ആകാശം മുട്ടെ ഉയർന്നുനിൽക്കുന്ന കെട്ടിടങ്ങളാൽ സമ്പന്നമായ നഗരവും, ലോകകപ്പ് വേദികളായ ലുസൈൽ, അൽ ജനൂബ്, അൽ ബെയ്ത് സ്റ്റേഡിയങ്ങളും, കടലും ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ പറക്കുന്ന ഫാൽക്കൺ പക്ഷിയുടെ കാഴ്ചയിലാണ് ഖത്തറിന്റെ സൗന്ദര്യം അവതരിപ്പിക്കുന്നത്.
വെസ്റ്റ് ബേയിൽ നിന്നുള്ള ദൃശ്യം. ഷെറാട്ടൺ ഹോട്ടലും, പ്രധാന കെട്ടിടങ്ങളുമെല്ലാം കാണാം
ഖത്തർ ടൂറിസം പ്രമോഷന്റെ ഭാഗമായാണ് വേറിട്ടൊരു വിഡിയോ ദൃശ്യം അവതരിപ്പിച്ചിരിക്കുന്നത്. അതാവട്ടെ, മരുഭൂമിക്ക് ഏറെ പ്രിയപ്പെട്ടതും, അറബികളുടെ ജീവിതത്തോട് ഇഴുകിചേർന്നതുമായ ഫാൽക്കണിന്റെ കാഴ്ചയിലൂടെ തന്നെയായി മാറി.
ഖത്തറിനെ ആസ്വദിക്കാൻ ആഴത്തിലും ആധികാരികവുമായൊരു കാഴ്ച അവതരിപ്പിക്കുന്നതിനുവേണ്ടിയാണ് ഫാൽക്കൺ വ്യൂ തിരഞ്ഞെടുത്തതെന്ന് ഖത്തർ ടൂറിസം ചീഫ് ഓപറേറ്റിങ് ഓഫിസർ ബെർതോൾഡ് ട്രെങ്കൽ പറഞ്ഞു. രാജ്യത്തിന്റെ സുന്ദരമായ പ്രകൃതിയും, ചരിത്ര സ്ഥലങ്ങളും, ആധുനിക രൂപകൽപനകളും ഉൾപ്പെടെ എല്ലാ മുഖങ്ങളും കാഴ്ചക്കാരിലെത്തിക്കുന്നതാണ് ഫാൽക്കൺ യാത്രയെന്ന് അദ്ദേഹം പറഞ്ഞു.
57 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വിഡിയോ സക്രീതിലെ പ്രഭാത കാഴ്ചയിലൂടെയാണ് ആരംഭിക്കുന്നത്. മരുഭൂമിയും കടലും ഒന്നിക്കുന്ന തീരവും, വെസ്റ്റ്ബേയിലെ നഗരങ്ങളും സ്റ്റേഡിയങ്ങളുടെ വിദൂരവും ഹ്രസ്വവുമായ ദൃശ്യങ്ങളുമെല്ലാം ചേരുന്നു.
5000ത്തോളം വർഷമായി മരുഭൂമിയുമായി ബന്ധമുള്ള ഫാൽക്കണുകൾ, ഖത്തറിന്റെ ദേശീയപക്ഷി കൂടിയാണ്. 3000 അടി ഉയരത്തിൽ പറക്കാൻ ശേഷിയുള്ള, ഇവ ഒരു ദിവസം 300 കിലോമീറ്റർ ദൂരം വരെ താണ്ടാനും മിടുക്കരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

