ഒരു രൂപ ചെലവിൽ വിനോദയാത്ര
text_fieldsവേങ്ങര സായംപ്രഭ ഹോമിൽനിന്നുള്ള ‘ഒരു രൂപക്കൊരു യാത്ര’ വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസീന ഫസൽ ഫ്ലാഗ് ഓഫ് ചെയ്യുന്നു
വേങ്ങര: ഒരു രൂപ നൽകി വിനോദയാത്ര പോയ സന്തോഷത്തിലാണ് ഒരുകൂട്ടം മുതിർന്ന പൗരന്മാർ. വേങ്ങര ഗ്രാമപഞ്ചായത്ത് സായംപ്രഭ ഹോമിൽനിന്നാണ് മുതിർന്ന പൗരന്മാരുടെ മാനസിക ഉല്ലാസത്തിന്റെ ഭാഗമായി ഒരു രൂപക്ക് വിനോദയാത്ര പോവാൻ സന്ദർഭമൊരുക്കിയത്. തുഞ്ചൻപറമ്പ്, നൂർ ലേക്ക്, കൂട്ടായി ബീച്ച്, പൊന്നാനി ബീച്ച് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് യാത്ര പോയത്. നൂർ ലേക്കിലെ കലാപരിപാടികളും പൊന്നാനി ജങ്കാർ യാത്രയും യാത്രക്ക് മാറ്റുകൂട്ടി.
43 മുതിർന്ന പൗരന്മാർ അടങ്ങിയ ടീമിനെ നയിക്കാൻ വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ, വൈസ് പ്രസിഡന്റ് കുഞ്ഞിമുഹമ്മദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ. സലീം, വാർഡ് മെംബർ കുറുക്കൻ മുഹമ്മദ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷാഹിന, കെയർ ഗിവർ ഇബ്രാഹിം എന്നിവരോടൊപ്പം ആരോഗ്യപ്രവർത്തകരും സന്നദ്ധപ്രവർത്തകരും ഈ സംഘത്തിൽ ചേർന്നു. ചൊവ്വാഴ്ച രാവിലെ എട്ടിന് വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഫ്ലാഗ് ഓഫ് ചെയ്ത യാത്ര രാത്രി എട്ടോടെ സമാപിച്ചു.

