
representative image
മലപ്പുറം - മലക്കപ്പാറ കെ.എസ്.ആർ.ടി.സി യാത്രക്ക് മികച്ച പ്രതികരണം; നാളെ രണ്ട് ബസുകൾ
text_fieldsമലപ്പുറം: മൂന്നാറിലേക്കുള്ള ഉല്ലാസ യാത്ര സർവിസിന് പിന്നാലെ മലപ്പുറത്തുനിന്ന് ആരംഭിക്കുന്ന മലക്കാപ്പാറ കെ.എസ്.ആർ.ടി.സി യാത്രക്കും മികച്ച പ്രതികരണം. ഞായറാഴ്ചയാണ് ആദ്യ സർവിസ് ആരംഭിക്കുക. കാട്ടിലൂടെയുള്ള മലക്കപ്പാറ യാത്ര കുറഞ്ഞ ചെലവില്‍ ആസ്വദിക്കാനുള്ള അവസരമാണ് മലപ്പുറം കെ.എസ്.ആർ.ടി.സി ഒരുക്കുന്നത്.
കഴിഞ്ഞയാഴ്ചയാണ് ഇൗ യാത്ര പ്രഖ്യാപിച്ചത്. യാത്രയുടെ ടിക്കറ്റ് ബുക്ക് ചെയ്യാൻ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇതിന്‍റെ അടിസ്ഥാനത്തിൽ നാളെ 4.45ന് മറ്റൊരു ബസ് കൂടി മലക്കപ്പാറയിലേക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
രാവിലെ പുറപ്പെടുന്ന ബസുകള്‍ ഉച്ചക്ക് 12.30നും 1.30നും ഇടയിൽ മലക്കപ്പാറയിലെത്തും. രണ്ടരയോടെ തമിഴ്നാട് അതിര്‍ത്തിക്കരികില്‍ വെച്ച് മടങ്ങും. രാത്രി പത്തു മണിയോടെയാണ് മലപ്പുറത്ത് എത്തുക.
ഏകദിന യാത്രക്ക് 600 രൂപയാണ് ഈടാക്കുന്നത്. ഭക്ഷണം പാക്കേജിൽ ഉള്‍പ്പെടുന്നില്ല. അതേസമയം, മലക്കപ്പാറയില്‍ നാടന്‍ ഭക്ഷണത്തിന് സൗകര്യം ഒരുക്കും.
അതിരപ്പിള്ളി കഴിഞ്ഞാൽ ഏകദേശം 60 കിലോമീറ്ററോളം വനത്തിനുള്ളിലൂടെയാണ് യാത്ര. ധാരാളം മൃഗങ്ങളുള്ള ഭാഗമാണിത്. ഭാഗ്യമുണ്ടെങ്കിൽ അവയെ കാണാനാകും. അതിരപ്പിള്ളി വ്യൂ പോയിന്‍റ്, ചാർപ്പ വെള്ളച്ചാട്ടം, വാഴച്ചാല്‍, പെരിങ്ങൽക്കുത്ത് ഡാം റിസർവോയർ, ആനക്കയം പാലം, ഷോളയാർ ഡാം, വാൽവ് ഹൗസ്, പെൻസ്റ്റോക്, നെല്ലിക്കുന്ന്, മലക്കപ്പാറ ടീ എസ്റ്റേറ്റ് എന്നിവയും യാത്രയിൽ അടുത്തറിയാനാകും.
ചാലക്കുടിയില്‍നിന്ന് പരിചയസമ്പന്നനായ ഒരു ഡ്രൈവര്‍ കൂടി വണ്ടിയിലുണ്ടാകും. നിലവില്‍ ചാലക്കുടിയില്‍നിന്ന് കെ.എസ്.ആർ.ടി.സിയുടെ മലക്കപ്പാറ പാക്കേജ് ഉണ്ട്. എല്ലാ ഞായറാഴ്ചയും മലപ്പുറത്തുനിന്ന് മലക്കപ്പാറ യാത്ര സർവിസ് നടത്താനാണ് തീരുമാനം. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും: 0483 2734950, 9447203014.
മലപ്പുറം കൂടാതെ ആലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിൽനിന്നും മലക്കപ്പാറയിലേക്ക് കെ.എസ്.ആർ.ടി.സി സർവിസ് നടത്തുന്നുണ്ട്. ഹരിപ്പാട്ടിൽനിന്ന് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് 0479 2412620 നമ്പറിൽ വിവരങ്ങൾ ലഭിക്കും.
നവംബർ നാലിനാണ് ആലപ്പുഴയിൽനിന്നുള്ള ആദ്യ സർവിസ്. വിവരങ്ങൾക്ക്: 9544258564.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
