ഓണക്കാലത്ത് കൂടുതൽ സഞ്ചാരികൾ എത്തിയെങ്കിലും നേട്ടമില്ലാതെ വയനാടൻ ടൂറിസം മേഖല
text_fieldsകൽപറ്റ: ഇക്കുറി ഓണക്കാലത്ത് മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ സഞ്ചാരികൾ ജില്ലയിൽ എത്തിയെങ്കിലും പ്രത്യേക ഗുണം ലഭിക്കാതെ ടൂറിസം മേഖല. ചുരംകയറിയ സഞ്ചാരികളിൽ ഏറെയും ജില്ലയിൽ ഒരു ദിനം പോലും തങ്ങിയില്ലെന്നാണ് കണക്കുകൾ പറയുന്നത്. 2024ലെ ഉരുൾദുരന്തത്തിനുശേഷം താരതമ്യേന കൂടുതൽ സഞ്ചാരികളെത്തിയ അവധിക്കാലമായിരുന്നു കഴിഞ്ഞത്. രാവിലെയെത്തി വൈകീട്ട് മടങ്ങുന്ന വിധത്തിലാണ് സഞ്ചാരികൾ യാത്ര ക്രമീകരിച്ചത്. ഇത് റിസോർട്ട്- ഹോംസ്റ്റേ സംരംഭങ്ങൾക്ക് തിരിച്ചടിയായി. ഏറെ പ്രതീക്ഷവെച്ചിരുന്ന ഓണക്കാല ബുക്കിങ്ങുകൾ പലർക്കും ലഭിച്ചതേയില്ല.
ഡി.ടി.പി.സി.യുടെ ഒൻപത് വിനോദസഞ്ചാരകേന്ദ്രങ്ങളിലായി ആഗസ്റ്റ് 22 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ 40,428 പേരാണ് വന്നത്. ശരാശരി 4,500 പേർ പ്രതിദിനം ഈ കേന്ദ്രങ്ങളിലെത്തി. കഴിഞ്ഞ ഓണക്കാലത്ത് പ്രതിദിനം 3750 സഞ്ചാരികളാണ് ഡി.ടി.പി.സി. കേന്ദ്രങ്ങളിലെത്തിയത്. ബാണാസുര ഡാമിൽ 19,670 പേരും കാരാപ്പുഴ ഡാംസൈറ്റിൽ 23,357 പേരും ഈ ഓണാവധിക്കാലത്തെത്തി. കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽനിന്നുള്ളവരാണ് ഇവരിൽ കൂടുതലും. പലരും രാവിലെവന്ന് രാത്രിയോടെ മടങ്ങുകയോ മൈസൂരു, ഗുണ്ടൽപ്പേട്ട്, ഊട്ടി തുടങ്ങിയ സമീപ ടൂറിസം ഡെസ്റ്റിനേഷനുകളിലേക്കുള്ള വഴിമധ്യേ വയനാട് സന്ദർശിക്കുകയോ ചെയ്തെന്നാണ് അനുമാനം.
2023ൽ ഓണക്കാലത്ത് ആറുദിവസത്തിനിടെ ഒരുലക്ഷത്തിനുമുകളിൽ ആളുകളാണ് ജില്ല സന്ദർശിച്ചത്. എന്നാൽ, ഇത്തവണ ചുരത്തിലെ വാഹനപ്പെരുപ്പവും ഗതാഗതതടസവും ഉത്രാടത്തിന് പേര്യ ചുരത്തിലുണ്ടായ മണ്ണിടിച്ചിലും സഞ്ചാരികളെ പിന്നോട്ടടിപ്പിച്ചു. ഉരുൾദുരന്തത്തിനുശേഷം സഞ്ചാരികൾ വയനാടിനെ എറെക്കുറെ കൈയൊഴിഞ്ഞിരുന്നു. എന്നാൽ ഏറെ മാസങ്ങൾക്കു ശേഷം വീണ്ടും പഴയ പടിയായി. ഉരുൾദുരന്തത്തിന് രണ്ടു വർഷം തികയാനിരിക്കെയാണ് കള്ളാടിയിൽ എട്ടുപേരുടെ മരണത്തിനിടയാക്കിയ മണ്ണിടിച്ചിൽ ഉണ്ടായത്. ജില്ലയിലെ പ്രധാന വിനോദ കേന്ദ്രമായ മേപ്പാടി മേഖലയിൽ തന്നെ ദുരന്തം ആവർത്തിച്ചത് സഞ്ചാരികളുടെ വരവിനെ കാര്യമായി ബാധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

