തേക്കടിയിൽ സഞ്ചാരികളുടെ തിരക്ക്
text_fieldsകുമളി: മഴയും കടുത്ത വേനൽ ചൂടുമില്ലാത്ത കാലാവസ്ഥയിൽ തേക്കടിയുടെ കാഴ്ചകൾ കാണാൻ കർക്കടകത്തിലും വിനോദസഞ്ചാരികളുടെ തിരക്ക്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നുള്ള വിനോദ സഞ്ചാരികളാണ് തേക്കടി കാണാൻ എത്തുന്നത്. ആഴ്ചയുടെ അവസാന ദിനങ്ങളിലെ അവധികളിലാണ് തിരക്കേറെയുള്ളത്.
തേക്കടി തടാകത്തിലെ ബോട്ട് സവാരി, വനത്തിനുള്ളിലെ ട്രക്കിങ് ഉൾപ്പെടെ വിവിധ വിനോദ സഞ്ചാര പരിപാടികൾ എന്നിവയെല്ലാം ആസ്വദിച്ചാണ് സഞ്ചാരികൾ മടങ്ങുന്നത്.
അവധി ദിനമാണെങ്കിലും തേക്കടിക്ക് ഉൾക്കൊള്ളാൻ പറ്റുന്ന തിരക്കാണ് ഇപ്പോഴുള്ളത്. സഞ്ചാരികൾക്ക് മുഴുവൻ ബോട്ട് സവാരിക്ക് പോകാനാവുന്നതും കുമളിയിലും പരിസരങ്ങളിലും കുറഞ്ഞ നിരക്കിലും മെച്ചമായ താമസ സൗകര്യം ഉള്ളതും സഞ്ചാരികൾക്ക് നേട്ടമാണ്.
ഓണക്കാലത്തെ വലിയ തിരക്കിനു മുമ്പ് തേക്കടി സന്ദർശിക്കുന്ന സഞ്ചാരികൾക്ക് ഇത് മെച്ചപ്പെട്ട സീസണാണെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. മഴ നിറഞ്ഞ കർക്കടകത്തിൽ സഞ്ചാരികളില്ലാതെ നഷ്ടക്കണക്ക് പറയുന്ന വിനോദസഞ്ചാര മേഖലക്ക് ഇപ്രാവശ്യം സഞ്ചാരികളൊഴിഞ്ഞ ദിവസങ്ങളില്ലാത്തത് വലിയ നേട്ടമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

