
ഇന്ത്യക്ക് അഭിമാനിക്കാം; ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റോഡിന്‍റെ നിർമാണം പൂർത്തിയായി
text_fieldsന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റോഡ് കിഴക്കൻ ലഡാക്കിൽ 19,300 അടി ഉയരത്തിൽ നിർമാണം പൂർത്തിയായതായി കേന്ദ്ര സർക്കാർ അറിയിച്ചു. ബോർഡർ റോഡ്സ് ഓർഗനൈസേഷന്‍റെ നേതൃത്വത്തിലാണ് ഉംലിംഗ്ല പാസ് നിർമിച്ചതെന്ന് സർക്കാർ ബുധനാഴ്ച പ്രസ്താവനയിൽ അറിയിച്ചു.
എവറസ്റ്റ് ബേസ് ക്യാമ്പുകളേക്കാൾ ഉയരത്തിലാണ് റോഡ് നിർമിച്ചിരിക്കുന്നത്. നേപ്പാളിലെ തെക്കൻ ബേസ് ക്യാമ്പ് 17,598 അടി ഉയരത്തിലാണ്. ടിബറ്റിലെ നോർത്ത് ബേസ് ക്യാമ്പ് 16,900 അടിയിലുമാണ്. അതേസമയം ഇവിടേക്കൊന്നും റോഡില്ല.
ബൊളീവിയയിലെ 18,953 അടി ഉയരത്തിലുള്ള ഉതുറുങ്കു റോഡിന്‍റെ റെക്കോർഡാണ് ഉംലിംഗ്ല മറികടന്നത്. പുതിയ പാത ലഡാക്കിലെ സാമൂഹിക-സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്ന് സർക്കാർ അറിയിച്ചു.
നാല് വർഷങ്ങൾക്ക് മുമ്പ് തന്നെ ഈ പാത വാർത്തകളിൽ ഇടംപിടിച്ചിരുന്നു. 52 കിലോമീറ്റർ നീളമുള്ള റോഡിന്‍റെ ടാറിങ് ഇപ്പോഴാണ് പൂർത്തിയായത്.
ചിസംലെയിൽനിന്ന് ചൈനീസ് അതിർത്തിയിലുള്ള ഡെംചോക്കിലേക്കാണ് ഈ പാത നീളുന്നത്. പുതിയ പാത സൈന്യത്തിന് പുറമെ പ്രാദേശിക ജനങ്ങൾക്കും ഏറെ സഹായകമാകും. ഈ ഭാഗത്ത് മൈനസ് 40 വരെ താപനില താഴാറുണ്ട്. കൂടാതെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് 50 ശതമാനം മാത്രമാണ് ഓക്സിജന്റെ അളവ്.
ലഡാക്കിൽ തന്നെയുള്ള ഖർദുങ് ല ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പാതയായി അറിയപ്പെടാറുണ്ട്. എന്നാൽ, ഔദ്യോഗിക രേഖകൾ പ്രകാരം 17,600 അടി മാത്രമാണ് ഇതിന്‍റെ ഉയരം. ഖർദുങ് ലാ സഞ്ചാരികളുടെ പ്രിയപ്പെട്ട പാതയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
