കുളിരണിഞ്ഞ് ഹൈറേഞ്ച് മലനിരകൾ
text_fieldsമൂന്നാർ
തൊടുപുഴ: തണുപ്പുകാലമെത്തും മുമ്പേ ഹൈറേഞ്ച് തണുത്തു തുടങ്ങി. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി ഇത്തവണ ശൈത്യം നേരത്തെ എത്തുന്ന രീതിയിലാണ് കാര്യങ്ങൾ. മൂന്നാറിലും പരിസര പ്രദേശങ്ങളിലും താപനില താഴ്ന്ന നിലയിലാണ്. തേയിലത്തോട്ടങ്ങളും പുൽമേടുകളും തണുപ്പിന്റെ പിടിയിലാണ്. കുണ്ടള ഡാമിൽ 14ന് താപനില 7.9 ഡിഗ്രി സെൽഷ്യസിലെത്തി. മൂന്നാറിൽ 9.7 ഡിഗ്രിയും വട്ടവടയിൽ 10.9 ഡിഗ്രിയുമാണ് ഇതേദിവസം രേഖപ്പെടുത്തിയത്.
രണ്ടാഴ്ച മുമ്പ് മൂന്നാറിലെ താപനില അഞ്ചിലേക്ക് താഴ്ന്നിരുന്നു. രാവിലെയും വൈകീട്ടും കോടയും തണുപ്പും ചേർന്ന് മൂന്നാറിപ്പോൾ കാഴ്ചയുടെ മറ്റൊരു അനുഭൂതി സമ്മാനിക്കുകയാണ്. കുണ്ടള, മാട്ടുപ്പെട്ടി, വട്ടവട, കാന്തല്ലൂർ, പീരുമേട്, കുമളി തുടങ്ങിയ മേഖലകളിലാണ് പുലർച്ച തണുപ്പ് കൂടുതൽ അനുഭവപ്പെടുന്നത്. തേയിലത്തോട്ടങ്ങളിലും ഉയർന്ന പ്രദേശങ്ങളിലെ പുൽമേടുകളിലും രാവിലെ മഞ്ഞുകണങ്ങൾ രൂപപ്പെടുന്നുണ്ട്. പുലർച്ചയുള്ള മൂടൽമഞ്ഞും തണുത്ത കാറ്റും ഹൈറേഞ്ചിന്റെ ശൈത്യകാല ഭംഗി വർധിപ്പിക്കുന്നു. തണുപ്പ് ആസ്വദിക്കാൻ സഞ്ചാരികളും കൂടുതലായി മൂന്നാറിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്.
വടക്കുകിഴക്കൻ കാറ്റിന്റെ സ്വാധീനവും മഴയുടെ കുറവും രാത്രികാല താപനില താഴാൻ കാരണമായെന്നാണ് കാലാവസ്ഥ വിലയിരുത്തൽ. പകൽസമയത്ത് ജില്ലയുടെ പല ഭാഗങ്ങളിലും 32 മുതൽ 35 വരെ ഡിഗ്രി ചൂട് അനുഭവപ്പെടുന്നുണ്ട്. ഒക്ടോബർ ഒന്നുമുതൽ നവംബർ 14 വരെ ജില്ലയിൽ ലഭിക്കേണ്ട മഴയിലും കുറവുണ്ടായി. വരുംദിവസങ്ങളിലും ഹൈറേഞ്ചിൽ രാത്രികാല തണുപ്പ് തുടരാനാണ് സാധ്യത. ഡിസംബർ മധ്യത്തോടെ തണുപ്പ് കൂടുതൽ ശക്തമായേക്കും. ഇത് വിനോദസഞ്ചാര മേഖലക്കും പ്രതീക്ഷ നൽകുന്നു.
അവധി ദിനങ്ങളിലെ കുരുക്ക് ഒഴിവാക്കിയാൽ കൂടുതൽ സഞ്ചാരികളെ മൂന്നാറിലേക്ക് എത്തിക്കാൻ കഴിയുമെന്ന് വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. പലരും ഞായറാഴ്ചകളിലും മറ്റും ഇവിടേക്കെത്താൻ മടിക്കുന്ന സാഹചര്യമുണ്ട്. അടിയന്തരമായി അധികൃതർ ഇടപെട്ട് പരിഹാരം കാണണമെന്നും ഇവർ ആവശ്യപ്പെട്ടു.

