വിമാനത്താവളത്തെ ഈ പുതിയ മാറ്റം അറിഞ്ഞോ, കൊച്ചിയിൽനിന്ന് ഇനി ക്യൂ നിൽക്കാതെ പറക്കാം; രാജ്യത്താദ്യം
text_fieldsകൊച്ചി: അന്താരാഷ്ട്ര യാത്രക്കാർക്കായി ഡിജിയാത്ര സംവിധാനം നടപ്പാക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമായി സിയാൽ. ചൊവ്വാഴ്ച മാലദ്വീപിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്തവരാണ് അന്താരാഷ്ട്ര ഡിജിയാത്രാ സൗകര്യം ആദ്യമായി പ്രയോജനപ്പെടുത്തിയത്.
ഇ-പാസ്‌പോർട്ടുകളും ബയോമെട്രിക് മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് ഡിജിയാത്ര സംവിധാനം പ്രവർത്തിക്കുന്നത്. അന്താരാഷ്ട്ര സർവിസ് നടത്തുന്ന തെരഞ്ഞെടുത്ത വിമാനക്കമ്പനികൾക്ക് മാത്രമായി പരീക്ഷണാടിസ്ഥാനത്തിലാണ് ഈ സംവിധാനം നിലവിൽ നടപ്പിലാക്കിയിരിക്കുന്നത്. യാത്രക്കാരുടെ തിരിച്ചറിയൽ ഉറപ്പാക്കുന്നതിനൊപ്പം ടെർമിനൽ പ്രവേശനം, സുരക്ഷാ പരിശോധന തുടങ്ങിയ ഘട്ടങ്ങളിൽ രേഖകളുടെ ഉപയോഗം കുറക്കാനും ഇതിലൂടെ സാധിക്കും. യാത്രാനടപടികൾ കൂടുതൽ സുഗമമാക്കുകയാണ് ലക്ഷ്യം.
2023 ആഗസ്റ്റ് 15നാണ് സിയാലിൽ ആഭ്യന്തര യാത്രക്കാർക്കായി ഡിജിയാത്ര ആരംഭിച്ചത്. നിലവിൽ ആഭ്യന്തര യാത്രക്കാരിൽ മൂന്നിലൊരാൾ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്. സിയാലിന്റെ ടെക്നോളജി ആൻഡ് ഇന്നൊവേഷൻ വിഭാഗം തദ്ദേശീയമായി വികസിപ്പിച്ച ഇ-ബോർഡിങ് സോഫ്റ്റ്‌വെയറാണ് സംവിധാനത്തിന്റെ അടിസ്ഥാനം.
സ്വന്തം പ്രവർത്തനങ്ങൾക്കായി വികസിപ്പിച്ച സോഫ്റ്റ്‌വെയറുകളും അനുബന്ധ സാങ്കേതികവിദ്യയും സിയാൽ ഏവിയേഷൻ കൺസൾട്ടൻസി ആൻഡ് എക്സ്പെർട്ട് സർവിസസ് ലിമിറ്റഡിലൂടെ മറ്റ് വിമാനത്താവളങ്ങൾക്കും ലഭ്യമാക്കും.
കൺസൾട്ടൻസി മേഖലയിലെ സിയാലിന്റെ പുതിയ സംരംഭമായ ഏവിയേഷൻ കൺസൾട്ടൻസി ആൻഡ് എക്സ്പെർട്ട് സർവിസസ് ഉദ്‌ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചിരുന്നു. വിമാനത്താവള വികസനം, പ്രവർത്തനം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ സിയാൽ നേടിയ അനുഭവസമ്പത്തും വൈദഗ്ധ്യവും മറ്റ് വിമാനത്താവളങ്ങൾക്കും വ്യോമയാന മേഖലയിലെ സ്ഥാപനങ്ങൾക്കും പ്രയോജനപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
സിയാലിന്റെ കൺസൾട്ടൻസി സേവനങ്ങളുടെ ആദ്യ ഉപഭോക്താവാണ് പശ്ചിമ ബംഗാളിലെ ദുർഗാപുർ വിമാനത്താവളം. യാത്രക്കാരുടെ തിരിച്ചറിയൽ ഉറപ്പാക്കുന്നതിനായി സിയാൽ തദ്ദേശീയമായി വികസിപ്പിച്ച പാസഞ്ചർ വെരിഫിക്കേഷൻ സിസ്റ്റം ഇവിടെ ലഭ്യമാക്കും. സ്വന്തം സാങ്കേതികവിദ്യകൾ മറ്റ് വിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള സിയാലിന്റെ പദ്ധതിയിലെ ആദ്യ ചുവടുവയ്പാണിത്.
‘യാത്രക്കാർക്ക് കൂടുതൽ മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിനായി വിവിധ പദ്ധതികളാണ് സിയാൽ നടപ്പാക്കിവരുന്നത്. രാജ്യാന്തര യാത്രക്കാർക്കുകൂടി ഡിജിയാത്രാ സൗകര്യം വ്യാപിപ്പിച്ചത് ഇതിന്റെ ഭാഗമാണ്. ഏവിയേഷൻ കൺസൾട്ടൻസി ആൻഡ് എക്സ്പെർട്ട് സർവീസസ്) വഴി സിയാൽ നടപ്പിലാക്കിയ ഇത്തരം സാങ്കേതികവിദ്യകൾ മറ്റ് വിമാനത്താവളങ്ങൾക്കും ലഭ്യമാക്കാനും അവയുടെ ഉപയോഗം വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നു’ സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു.

