ചക്ല- വികസനമെന്തന്നറിയാത്ത എഴുപതുകളുടെ തുടർച്ച പേറുന്ന ദരിദ്രഗ്രാമം
text_fieldsചക്ലയിലെ നാട്ടുവഴികൾ വീടുകൾക്ക് ഇടയിലൂടെ ആരംഭിച്ച്, ഓരോ വളവിലും പലതായി വളരുന്നു, ആ വഴികളിലൂടെ നടക്കുമ്പോൾ കടുക് പാടങ്ങൾ കാണാം, നാട്ടുവഴികളോട് ചേർന്ന് തന്നെ തെങ്ങും, പ്ലാവും, മാവും,വാഴകളും നിറഞ്ഞ പറമ്പുകളിൽ മൺചുമരുകളോട് കൂടിയ വൈക്കോലും, പ്ലാസ്റ്റിക് ഷീറ്റുകളും മേഞ്ഞ ചെറിയ ചെറിയ വീടുകളും കാണാം. മിക്കവാറും വീടുകൾ നിത്യദാരിദ്യത്തിന്റെ ദുരിതങ്ങൾ പുകയുന്നവയാണ്. ബംഗാളിലെ ഗ്രാമങ്ങളിലെ വീടുകൾക്ക് അനേകം പ്രത്യേകതകൾ കാണാം. ഏറ്റവും പ്രധാനമായി കാണുന്ന പ്രത്യേകത അവരുടെ അടുക്കള വീട്ടുമുറ്റത്ത് തന്നെ മണ്ണിൽ തീർത്ത അടുപ്പുകളോട് കൂടിയതാണ്.വീടുകൾക്ക് അകത്ത് ശുചിമുറി എന്ന ആശയംസങ്കൽപിക്കാവുന്ന കാര്യം പോലുമല്ല!
വീട്ടുപറമ്പിൽ കാർഷിക സംസ്ക്കാരത്തിൻ്റെ പ്രതീകങ്ങളായ വൈക്കോൽക്കൂനയും (കച്ചിത്തുറു) പശുത്തൊഴുത്തും ഒപ്പം വൈക്കോൽ പിരിച്ചുണ്ടാക്കിയ കയർ (വൈക്കോൽ കയർ) ഉപയോഗിച്ച് ഭംഗിയിൽ മെനഞ്ഞെടുത്ത പത്തായവും കാണാം.വൈക്കോൽ ഭരണിപ്പത്തായങ്ങൾ നെല്ലും, ഗോതാമ്പും സൂക്ഷിക്കാൻ ഗ്രാമീണ കർഷകരുടേതായ ഒരു കണ്ടുപിടിത്തമാണ്,കൗതുകം ഉണർത്തുന്ന കാഴ്ചയുമാണ്. യാത്രയിലെ കൗതുകരമായ അത്ഭുതമായിരുന്നു വൈക്കോൽ ഭരണിപ്പത്തായങ്ങൾ! തലമുറകളായി മണ്ണിൽ അധ്വാനിച്ച് ജീവിക്കുന്ന മനുഷ്യർ, എന്തായിയിരിക്കും അവരുടെ സ്വപ്നങ്ങളിലും ചിന്തകളിലും? ആവശ്യത്തിന് ഭക്ഷണവും, കയറിക്കിടക്കാൻ അടച്ചുറപ്പുള്ള ഒരു വീടും മാത്രമാവുമോ..?
വീടുകൾ
ബംഗാളി ഗ്രാമങ്ങളിലെ അമ്പതുശതമാനം ഗ്രാമീണരും മണ്ണുകൊണ്ടുള്ള ഒറ്റമുറി കുടിലുകളിലാണ് താമസിക്കുന്നത്.24 നോർത്ത് പര്‍ഗാനാസിലെ സ്ഥിതിയും മറിച്ചല്ല. ചക്ലയിലെ വീടുകൾക്കും ബലമുള്ള വസ്തുക്കള്‍ കൊണ്ടുള്ള ചുമരോ,മേല്‍ക്കൂരയോ ഇല്ല. മണ്ണ്കുഴച്ച് ഉറപ്പിച്ചുണ്ടാക്കിയ തറയിൽ മണ്ണും അതിനിടയിൽ മുളയും ഉപയോഗിച്ച് ഭിത്തികെട്ടി വൈക്കോലോ, ഷീറ്റോ മേഞ്ഞ മേൽക്കൂരയാൽ തീർത്താണ് ഗ്രാമീണർ വീടുകൾ നിർമിക്കുന്നത്. ഇത്തരം മൺവീടുകൾ മണ്ണും, ചാണകവും മെഴുകി സംരക്ഷിക്കുകയെന്നത് ശ്രമകരമാണെന്ന് ഗ്രാമീണരിൽനിന്നും അറിയാൻ കഴിഞ്ഞു. മഴക്കാലത്തും, മഞ്ഞുകാലത്തും അവർ അനുഭവിക്കുന്ന കെടുതികൾ അനവധിയാണ്.
ഗ്രാമങ്ങളിലെ വീടുകളുടെ വൈദ്യുതീകരണം പൂർത്തീകരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ചില വീടുകൾക്ക്മുൻവശത്ത് നീണ്ട വരാന്തയുണ്ട്. അത്തരം വീടുകളുടെ വാരാന്തയിൽനിന്നും അകത്തേക്ക് കടക്കുന്നത് ഒരു വലിയ മുറിയിലേക്കാണ്.ഇത്രയുമായാൽ വീടായി, ഇത്തരം വീടുകളിൽ പ്രായമായവരും, കുട്ടികളുമടക്കം ചുരുങ്ങിയത് 10 മുതൽ16 അംഗങ്ങളെങ്കിലും ഉണ്ടാവും. ബംഗാളി ഗ്രാമങ്ങളിലെ വീട്ടകങ്ങളിലല്ല അടുക്കള, മറിച്ച് വീടിന് മുൻവശത്ത് മുറ്റത്ത് പ്രത്യേകമായാണ് അടുക്കളയും, മണ്ണടുപ്പും (ഉലു).ഇത്തരം അടുപ്പുകളുടെ നിർമാണത്തിലും പ്രതേകതയുണ്ട്. മണ്ണ് കുഴിച്ചെടുത്ത് ഉണ്ടാക്കിയ കുഴിയടുപ്പുകളാണ് ഗ്രാമക്കാഴ്ചകളിലെ മറ്റൊരു കൗതുകം.കേവലം കൗതുകത്തിനപ്പുറത്ത് ഊർജ സംരക്ഷണത്തിൻ്റെ ഉദാഹരണമാണത്. പൊതുവെ വിറകിന് ക്ഷാമമുള്ളതിനാൽ ചാണകവറളികളാണ് ഗ്രാമീണ വീടുകളിൽ പാചകവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്.ശുചിമുറി സൗകര്യങ്ങൾ മുഴുവൻ വീടുകളിലും വീടിന് പുറത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നു.
ഗ്രാമീണരുടെ സാമ്പത്തികാവസ്ഥയെക്കുറിച്ച് നടത്തിയ സര്‍വേയുടെ കണക്കുകള്‍ പ്രകാരം അമ്പതുശതമാനം ഗ്രാമീണരും മണ്ണുകൊണ്ടുള്ള ഒറ്റമുറികുടിലുകളിലാണ് താമസിക്കുന്നത്. 24 നോർത്ത് പര്‍ഗാനാസ് ജില്ലയിലെ 67 ശതമാനം വീടുകള്‍ക്കും ബലമുള്ള വസ്തുക്കള്‍ കൊണ്ടുള്ള ചുമരോ മേല്‍ക്കൂരയോ ഇല്ല. ഗ്രാമങ്ങളിലെ മുഴുവൻ വീടുകളും വൈദ്യുതീകരിക്കുക എന്ന ആശയം പ്രാവർത്തികമാവാൻ ഇനിയും കടമ്പകളുണ്ട്. ജില്ലയിലെ 17.4 ശതമാനം വീടുകളിലും ജീവിക്കുന്നവര്‍ വര്‍ഷത്തില്‍ മൂന്നുമാസമെങ്കിലും ഒരുനേരം ഭക്ഷണം കഴിച്ചു കൊണ്ട് ജീവിക്കുമ്പോൾ പത്തുമാസവും ഇങ്ങനെ ഒരു നേരത്തെ ഭക്ഷണം മാത്രം കഴിച്ച് ജീവിക്കുന്ന വര്‍ 2.4 ശതമാനം വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
പുരുഷന്മാരുടെ പ്രധാന വരുമാനമാർഗം കാർഷികമേഖല തന്നെയാണ്. എട്ടു മണിക്കൂർ ജോലിയെന്നത് കേവലമൊരു സങ്കൽപവും. ഓരോ കാലത്തും വ്യത്യസ്തതരം കൃഷികളാണ് ചക്ലയിൽ.സ്വന്തം കൃഷിഭൂമിയിൽ കൃഷി ചെയ്തു ജീവിക്കുന്നവരും, മറ്റുള്ളവരുടെ കൃഷിയിടങ്ങളിൽ കൂലിപ്പണിക്ക് പോയി ജീവിതമാർഗം കണ്ടെത്തുന്നവരും ചക്ലയിൽ ഉണ്ട്. ദിവസകൂലി 200 രൂപയോ 250 രൂപയോ ലഭിക്കും. ബംഗാളിൽ മിനിമം കൂലി 200 രൂപക്കും 300 രൂപക്കുമിടയിലാണ്.ടോട്ടോയും,എൻജിൻ ബാൻ എന്ന വിവിദ്ദോശ്യ വാഹനം ഓടിച്ചും, ബീഡി തെറുത്തും, കൃഷിയിടങ്ങളിൽ പണിയെടുത്തും, കാലിമേച്ചും, മറ്റ് പരമ്പരാഗത കുലത്തൊഴിലുകൾ ചെയ്തും ഉപജീവനം നടത്തുന്ന സാധാരണ മനുഷ്യരെയാണ് ചക്ലയിൽ കാണാൻ സാധിച്ചത്, പരിമിത സൗകര്യങ്ങള്‍ മാത്രമുള്ള കൂരകൾ എന്ന് വിളിക്കാവുന്ന വീടുകളിൽ ജീവിക്കുന്നവരുമായ സാധാരണ മനുഷ്യരാണ് ബഹുഭൂരിപക്ഷവും. കളിചിരികളുടെ നിറശോഭയിലൂടെ കടന്നു പോകേണ്ട ബാല്യകാലത്തു തന്നെ വിശപ്പടക്കാൻ രക്ഷിതാക്കളോടെപ്പം ചെറിയതൊഴിലുകൾ ചെയ്യുന്ന 12 വയസ്സുപോലും തികയാത്ത കുട്ടികൾ! പണിയെടുക്കുന്ന എട്ടും പൊട്ടും തിരിയാത്ത കുഞ്ഞുമക്കളെ നേരിൽ കണ്ടത് ഏറ്റവും പരിഷ്കൃതം എന്ന് കരുതിയ ബംഗാളിലായിരുന്നു എന്ന യാഥാർഥ്യം ഉള്ളുപൊളളിക്കുന്നു.
വീടിന് പുറത്തുപണിക്ക് പോകുന്ന പുരുഷന്മാർ മാത്രമെ പുറത്ത് നിന്നും ഭക്ഷണം കഴിക്കൂ. ചായ മാത്രം ലഭിക്കുന്ന ഒന്നോ,രണ്ടോ ചായക്കടക ളും, ഭക്ഷണം ലഭിക്കുന്ന കടകളും ഗ്രാമീണ അങ്ങാടികളിൽ കാണാം. പച്ചക്കറി വ്യാപാരവും, മീൻകച്ചവടവും തകൃതിയായി നടക്കുന്ന ഗ്രാമച്ചന്തകൾ, വിശാലമായി കെട്ടി ഉണ്ടാക്കി ഒരു വലിയ ഷെഡ്ഡുകളിലാണ്. ചായക്കടകൾ പുരുഷന്മാരുടെ കേന്ദ്രങ്ങളാണ്, നാട്ടിലെ പൊതുകാര്യങ്ങൾ ചർച്ചക്ക് വരുന്ന കേന്ദ്രങ്ങളിൽ മൺകപ്പിൽ ലഭിക്കുന്ന 50 എംഎൽ ചായ മനുഷ്യരെ പരസ്പരം സാമൂഹികമായി ബന്ധിപ്പിക്കുന്നു! ഇന്ത്യൻ സാഹിത്യ- രാഷ്ട്രീയ-സാമൂഹിക മേഖല കളിൽ മികച്ച സംഭാവനകൾ നൽകപ്പെട്ട മഹദ് വ്യക്തികൾ ജനിച്ചു വളർന്ന ബംഗാളിെൻറ ഗ്രാമങ്ങളിലെ ജീവിതം ഇങ്ങ നെയാണ്. ചരിത്രം അതിെൻറ നാൾവഴികളിൽ ബംഗാളിനെ അടയാളപ്പെടുത്തിയത് വായനയിലൂടെ അറിഞ്ഞ കേരളീയനായ എനിക്ക് ചക്ലയിൽ ഒരു വായനശാല പോലും കണ്ടെത്താനായില്ല! പുകയിലവസ്തുക്കളുടെ ഉപയോഗം കൂടുതലാണ് എങ്കിലും മദ്യവും, മദ്യപാനികളെയും ചക്ലയിൽ കാണാൻ കഴിഞ്ഞില്ല എന്നത് പ്രത്യേകം പറയേണ്ട കാര്യമാണ്.
ചക്ലയിലെ സ്ത്രീസമൂഹം
ബംഗാളി ഗ്രാമങ്ങളിലെ സ്ത്രീകൾ സാധാരണയായി ഒരിക്കലും വിടിന് പുറത്ത് ജോലിക്ക് പോകാറില്ല.വീട് (കുടിൽ)വൃത്തിയാക്കി മുതിർന്നവരെയും, കുട്ടികളെയും പരിപാലിക്കുക, പാചകം ചെയ്യുക എന്നീ ഗാർഹിക ചുമതലകളിൽ ഒതുങ്ങിക്കഴിയുന്നവരാണ് .ഗാർഹിക പ്രവർത്തനങ്ങൾക്കപ്പുറം എന്തെങ്കിലും ചെയ്യാൻ അവർക്ക് സാധിക്കുമായിരുന്നില്ല കാരണങ്ങൾ പലതാണ്,ബംഗാളി ഗ്രാമങ്ങളിലെ സ്ത്രീകളിൽ ബഹുഭൂരിപക്ഷവും നിരക്ഷരരാണ്. സമൂഹത്തിെൻറ ശാപമായി ശൈശവവിവാഹങ്ങളും ഇന്നും നിലനിൽക്കുന്നു. കുടിലുകളിൽ കുടുംബിനികളും,അമ്മമാരുമായി അനാരോഗ്യവും, ദാരിദ്ര്യവും നിറഞ്ഞ ചുറ്റുപാടുകളിൽ ജനിച്ച കുട്ടികളുമായി അവർ ജീവിച്ചുവരുന്നു.
നിരക്ഷരരായ അവർക്ക് പശുക്കളോ,ആടുകളോ,നാലഞ്ച് കോഴികളോ ഉള്ളവരാണ് എങ്കിൽ കൊടുക്കൽ-വാങ്ങലുകളിൽ കണക്കുകൂട്ടലുകൾ എപ്പോഴും പിഴയ്ക്കുന്നു. ഒരു മുട്ടയുടെ വില അഞ്ച് രൂപ ആണെങ്കിൽ, 6 മുട്ട ആർക്കെങ്കിലും വിറ്റാൽ അവർക്ക് 6 അഞ്ച് രൂപ നാണയങ്ങൾ തന്നെ കിട്ടണം, അല്ലാതെ വന്നാൽ അവരുടെ കണക്കുകൂട്ടലുകൾ ഒത്തുപോകില്ല. പാലോ മുട്ടയോ വിറ്റു കിട്ടുന്ന ചെറിയ വരുമാനത്തുക കണക്കുകൂട്ടാൻ പോലും ഗ്രാമീണസ്ത്രീകൾക്ക് കഴിയുന്നില്ല.ഗ്രാമീണ കുടുംബിനികൾ ഒരിക്കലും ഒരു മണി അരിയോ, ഒരു കഷണം പച്ചക്കറിയോ പാഴാക്കില്ല, ഇപ്പോഴും ദിവസേന ഭക്ഷണാവശ്യങ്ങൾ നിറവേറ്റാൻ ഓരോ കുടുംബങ്ങളും പാടുപെടുന്നു. കാലാനുസൃതമായ കാർഷികവിളകൾ തന്നെയാണ് അവരുടെ ഭക്ഷണവും. ഒരു സാരിയോ,തുണിയോ നിറംമങ്ങി നൂലുകളുടെ ഊടും,പാവും അഴിഞ്ഞ് കീറത്തുണി ആയാലും അവർ ഉപേക്ഷിക്കില്ല! പലതരത്തിലുള്ള പുനരുപയോഗത്തിലൂടെ അവർ തങ്ങളുടെ ഇല്ലായ്മകളെ മറികടക്കുന്നു. 2000 രൂപയുണ്ടെങ്കിൽ മകളുടെ അല്ലെങ്കിൽ മകന്റെ വിവാഹം ഗ്രാമീണ മനുഷ്യർ ആർഭാടമായി നടത്തുന്നു.ബംഗാളി ഗ്രാമങ്ങളിലെ ഏകദേശം 41.6 ശതമാനം സ്ത്രീകളും18വയസ്സിന് മുമ്പ് വിവാഹിതരായവരും,അതിൽ 22.3 ശതമാനം സ്ത്രീകളും അമ്മമാരായവരുമാണ്.ജനിച്ച് ആദ്യ മണിക്കൂറിനുള്ളിൽ 47.5 ശതമാനം കുട്ടികൾക്ക് മാത്രമാണ് മുലപ്പാൽ കിട്ടുന്നത്, നവജാതശിശു മരണനിരക്ക് 1,000 ജീവനുള്ള ജനനങ്ങളിൽ 18 ആണ്.അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലെ വളർച്ചാ മുരടിപ്പ് 32.5 ശതമാനമാണ്.സംസ്ഥാനത്ത് കുട്ടികളിലെ പോഷകാഹാരക്കുറവ് മൂലമുള്ള വിളർച്ച 54.2 ശതമാനവുമാണെന്നാണ് ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരമുള്ള കണക്ക്. മാതൃമരണങ്ങളുടെ വലിയൊരു അനുപാതം ഇപ്പോഴും മുസ്‍ലിം, ഗോത്ര, പട്ടികജാതി ജനവിഭാഗങ്ങൾക്കിടയിലാണ് സംഭവിക്കുന്നത്. പശ്ചിമബംഗാളിലെ ഗ്രാമീണ ആരോഗ്യപരിപാലനരംഗം പരിതാപകരമാണ്,അതുകൊണ്ട് തന്നെ ഗ്രാമീണ ജനത ആരോഗ്യപരിപാലനത്തിനും, ചികിത്സക്കും വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു, ഗ്രാമീണ ആശുപത്രികളുടെ കാര്യത്തിലായാലും അവയുടെ അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണപ്രവർത്തനങ്ങളുടെ കാര്യത്തിലായാലും കാര്യക്ഷമതയെന്നൊന്നില്ല.
പൊതു ഗതാഗതസൗകര്യങ്ങൾ അപര്യാപ്തമായ ഗ്രാമങ്ങളാണ് പലതും,അത്തരം ഗ്രാമപ്രദേശങ്ങളിൽ പലപ്പോഴും പ്രവർത്തനക്ഷമമായ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ പോലുമില്ല,ആധുനിക വൈദ്യശാസ്ത്ര ബിരുദധാരികളായ ഡോക്ടർമാരും, മറ്റ് ആരോഗ്യ പ്രവർത്തകരുംഇല്ല! ഗ്രാമങ്ങളിലെ ആരോഗ്യമേഖലയെന്നൊന്നുണ്ടോ എന്ന് തോന്നിപ്പോകും.ചക്ലയിലെ വഴിയോരങ്ങളിലും, വീട്ടുപറമ്പുകളിലും ഈന്തപ്പനകളുണ്ട്, ഇന്തപ്പനനീരില്‍ നിന്നും ശർക്കര ഉണ്ടാക്കുകയെന്നത് ഇവിടത്തെ ഗ്രാമീണ കുടിൽ വ്യവസായവുമാണ്.എന്നാൽ ഈന്തപ്പനകളുടെ ഇളം കൊതുമ്പലിെൻറ ഭാഗങ്ങൾ ചക്ലയിലെ സ്ത്രീകളും മറ്റൊരു രീതിയിൽ ഉപയോഗിച്ചു വരുന്നുവെന്നത് ഞെട്ടലോടെയാണ് അറിഞ്ഞത്, ഈന്തപ്പനകളുടെ തലഭാഗത്ത് പാകമായി വരുന്ന ഇളം കൊതുമ്പില്‍ നല്ല പതുപതുത്ത ഒരു ഭാഗമുണ്ട്, അത് മുറിച്ചെടുത്താൽ ആർത്തവസമയങ്ങളിൽ തുണിക്ക് പകരമായി ഉപയോഗിക്കാന്‍ കഴിയുമത്രേ,ബംഗാളിഗ്രാമങ്ങളിൽ സർവസാധാരണമായി കാണുന്ന കുളങ്ങളുടെ ഓരം ചേർന്ന് ലഭിക്കുന്നതും,നനവ് പറ്റിയാല്‍ തീരെ ചളി ഇല്ലാതെ നല്ലപോലെ കുഴഞ്ഞു വരുന്നതുമായ ‘ലാൽ മിട്ടി’എന്ന് ബംഗാളിൽ അറിയപ്പെടുന്ന ഒരു തരം വെളുത്ത മണ്ണ് കാണാം, ഈ മണ്ണ് ഗ്രാമീണ സ്ത്രീകൾ ആര്‍ത്തവ തുണിക്കുള്ളില്‍വെക്കാനും ഉപയോഗിക്കുന്നു. വെള്ളം ചേര്‍ത്ത് പതപ്പിച്ചാൽ സോപ്പുപോലെ പതയുന്ന ഈ മണ്ണ്,‘ലാൽ മിട്ടി’ ദരിദ്രഗ്രാമങ്ങളിലെ സ്ത്രീകൾ വസ്ത്രങ്ങൾ അലക്കാനും, സോപ്പിന് പകരവുമായി ശരീര ശുചീകരണത്തിനും ഉപയോഗിക്കാറുണ്ടത്രേ. ബംഗാളിലെ കുഗ്രാമങ്ങളിലെ സ്ത്രീകൾ അവരുടെ ആരോഗ്യശുചിത്വത്തിനായി ഇത്തരം രീതികളൊക്കെയാണവലംബിക്കുന്നതെന്നത് പുറം ലോകത്തിന് അവിശ്വസനീയമാണ്.
ഈശ്വരചന്ദ്ര വിദ്യാസാഗറും, രാജാറാം മോഹൻ റായിയും, റാണി റാഷ്മോണിയും ജനിച്ച നാട്ടിൽ ബംഗാളിൽ ഇതെന്തൊക്കെയാണ് നടന്നുകൊണ്ടിരിക്കുന്നത്, ബ്രിട്ടീഷ്ഭരണത്തിൽ ബംഗാളിൽനിന്നും ഉയർന്നുവന്ന സാമൂഹിക-നവോത്ഥാന മൂല്യങ്ങളുടെ തുടർച്ച എന്ത്കൊണ്ട് ഉണ്ടായില്ല? ശൈവ വിവാഹം സ്ത്രീ സമൂഹത്തെ ഏതെക്കെ രീതിയിൽ ബാധിക്കുന്നുവെന്നറിയാൻ നിങ്ങൾ ചെയ്യേണ്ടത് ബംഗാളി ഗ്രാമങ്ങളെ പഠന വിധേയമാക്കുക എന്നതാണ്. ബംഗാളി ഗ്രാമങ്ങളെക്കാൾ വളരെ പരിതാപകരമാണ് മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഗ്രാമീണ ജീവതം എന്നാണ് അറിയാൻ കഴിഞ്ഞത്. 12-15 വയസ്സ് പ്രായമാകുമ്പോഴേക്കും ഒരു പഴയ സൈക്കിളോ അല്ലെങ്കിൽ ഒരു ഉന്തുവണ്ടിയോ സ്ത്രീധനമായി നൽകപ്പെട്ട് തന്നെക്കാൾ 18 വയസ്സെങ്കിലും പ്രായമായ ഒരാളുടെ ഭാര്യയായി മാറേണ്ടിവരിക, ബാപ്പർ ബാടിയിൽ (അച്ഛെൻറ വീട്ടിൽ) നിന്ന് ശുശ്രർബാടി പൊതുവെ എന്നറിയപ്പെടുന്ന ഭാർത്താവിെൻറഅല്ലെങ്കിൽ അമ്മായി അച്ഛെൻറ വീട്ടിലേക്ക് ജീവിതം പറിച്ചുനടപ്പെട്ടവർ, ൃ കുട്ടിയുടുപ്പുകളിൽ നിന്ന് സാരിയിലേക്ക് മാറുന്ന,സീമന്തരേഖയിൽ സിന്ദൂരം തൊടുന്ന,ശാഖയും പോലയും (ശാഖ-ശംഖ് കൊണ്ടുള്ള വള,പോലെ-ചുവന്ന നിറമുളള കുപ്പി വള) കൈയിൽ ധരിക്കുന്ന വിവാഹിതയായ ബംഗാളി വനിതയിലേക്കുള്ള രൂപമാറ്റം, ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന ഭർത്താവിന് കൈ കഴുകാൻ വെള്ളം കൊണ്ടുവന്ന് കൈ കഴുകിച്ച് ചോറ് , ദാൽ, ആലു,മീൻ മുതലായവ യഥാക്രമം വിളമ്പിക്കൊടുത്തും, ചൂടുകാലത്ത് അടുത്തിരുന്ന് വിശറികൊണ്ട് വീശിക്കൊടുത്തും, ഭക്ഷണ ശേഷം സിലിപ്സി എന്നറിയപ്പെടുന്ന അതായത് കൈ കഴുകി വെള്ളം ഒഴിക്കുന്ന തളിക പോലുള്ള പാത്രം മുന്നിൽവെച്ച് വെള്ളം ഒഴിച്ചുകൊടുത്തും കൈ തുടക്കാൻ തുണിയും, പല്ലിട കുത്താൻ ചെറിയ കമ്പുംകൊടുത്തും, പിന്നെ മക്കളെ ഗർഭം ധരിച്ച്,പ്രസവിച്ച് വളർത്തി അവരുടെ അമ്മയായിമാറിയും ഇങ്ങനെ എല്ലാ കാര്യത്തിലും സ്വന്തം ഭർത്താവിനും, കുടുംബത്തിനുമായി മാത്രം ജീവിക്കുന്നവരുടെയൊക്കെ ജിവിതം നേരിൽ കണ്ട് അറിയേണ്ടിവരുമ്പോൾ നമ്മൾ ജീവിക്കുന്ന സാമൂഹികക്രമത്തിന് അപ്പുറത്തുള്ള കാര്യങ്ങൾ വെറും കേട്ടുകേൾവികൾ അല്ല എന്ന് നാം തിരിച്ചറിയും.
ഗ്രാമങ്ങളിൽ വൈധവ്യം അനുഭവിക്കേണ്ടി വരുന്ന സ്ത്രീകളു ടെ ജീവിതം വളരെ പരിതാപകരമാണ്.പശ്ചിമ ബംഗാളിലെ ഗ്രാമങ്ങളിൽ നിന്നും അവർ എന്തുകൊണ്ട് 1400 കി.മീ സഞ്ചരിച്ച് വൃന്ദാവനിലേക്ക് പോകുന്നു? വർഷങ്ങളായി ആയിരക്കണക്കിന് സ്ത്രീകൾ താങ്കൾക്ക് മുമ്പേ നടന്നവരുടെ ചുവടുകൾ പിന്തുടർന്ന്, യമുനയുടെ തീരത്തുള്ള പൊടിപടലമുള്ള പട്ടണത്തിലേക്ക് എന്തിന് യാത്രയാവുന്നു? കേവലം മതവിശ്വാസമൊന്നു കൊണ്ട് മാത്രമാണോ ഇങ്ങനെസംഭവിക്കുന്നത്?കേവലം കൃഷ്ണഭക്തിക്ക് അപ്പുറം ബംഗാളി സാമൂഹിക ജീവിതത്തിൽ വൈധവ്യം അനുഭവിക്കേണ്ടി വരുന്ന സ്ത്രീയുടെ അവസ്ഥ വളരെ പരിതാപകരമാണ്,അതുകൊണ്ടുതന്നെയാണ് ഇങ്ങനെ സംഭവിക്കുന്നത്.നിറമുള്ള വസ്ത്രങ്ങളോ,എന്തിന് എല്ലാ തരത്തിലുമുള്ള ഭക്ഷണം പോലും അവർക്ക് നിഷേധിക്കപ്പെടുന്നു, ആഭരണങ്ങളും, ആഘോഷങ്ങളും, അയൽപക്കങ്ങളും നിഷേധിക്കപ്പെട്ട് ദുശ്ശകുനങ്ങളായി, സ്വന്തം കുടുംബങ്ങളാൽ തിരസ്ക്കരിക്കപ്പെട്ട് ജീവിക്കേണ്ടി വരുന്ന ഹതഭാഗ്യരായ സ്ത്രീകളെ സംരക്ഷിക്കാൻ സാമൂഹിക സുരക്ഷപദ്ധതികൾ നടപ്പാക്കാൻ എന്തുകൊണ്ട് കഴിഞ്ഞില്ല...? കഴിയുന്നില്ല...?
ഹിന്ദുമതത്തിലെ ഏറ്റവും ആദരണീയമായ ദൈവങ്ങളിലൊന്നായ ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന വൃന്ദാവന ക്ഷേത്രങ്ങളും, ആശ്രമങ്ങളും നിരവധിയുള്ള സ്ഥലമാണ് ഒപ്പം പശ്ചിമബംഗാളിലെ കുടുംബങ്ങളാൽ നിരസിക്കപ്പെട്ട പതിനായിരക്കണക്കിന് വിധവകളാലും നിറഞ്ഞതാണെന്നത് വർത്തമാനകാല യാഥാർഥ്യമാണ്.ഇവിടെയാണ് ഇന്ത്യക്കാകെ മാതൃക കാണിച്ച പശ്ചിമബംഗാളിന്റെ നവോത്ഥാന മൂല്യങ്ങൾ തുടർച്ചയില്ലാതെ എവിടെയാണ് നഷ്ടപ്പെട്ടത് എന്ന ചോദ്യം ഉയരുന്നത്, എന്തുകൊണ്ടാണ് ‘സോനാഗച്ചി’കൾ ഇന്നും നിലനിൽക്കുന്നുവെന്ന ചോദ്യവും ഉയരുന്നത്.തലമുറകളായി സ്ത്രീസമൂഹം അനുഭവിച്ചുവരുന്ന ശൈശവ വിവാഹം എന്ന ദുരാചാരം ഇന്ന് ബംഗാളിഗ്രാമങ്ങളിൽ കുറഞ്ഞു വരുന്നു.
പെൺകുട്ടികളുടെ സ്‌കൂൾ പ്രവേശനം 39.1ശതമാനവും,ആൺ കുട്ടികളുടെ 60.9 ശതമാനമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. തലമുറകളോളം ഏറെക്കുറെ ഇന്നും സ്ത്രീകൾക്ക് റൊട്ടി-കപ്ടാ-മക്കാൻ അല്ലെങ്കിൽ ഭക്ഷണം-വസ്ത്രം-ഭവനം പോലുള്ള അടിസ്ഥാനകാര്യങ്ങളായിരുന്നു ശ്രദ്ധ,എല്ലാത്തിനുമുപരി, കുടുംബം നടത്തിച്ചു കൊണ്ടുവന്നത് സ്ത്രീകളാണ്. കന്യാസ്ത്രീ (പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായം), സബൂജ് സാഥി. (സ്‌കൂളിൽ പോകുന്ന പെൺകുട്ടികൾക്കുള്ള സൈക്കിൾ സ്കീം), രൂപശ്രീ (പ്രായപൂർത്തിയായ,വിവാഹപ്രായമായ പെൺകുട്ടികൾക്ക് വിവാഹത്തിനുള്ള സാമ്പത്തിക സഹായം) സ്വാസ്ഥ്യ സാഥി (സ്ത്രീകൾക്ക് നൽകുന്ന ആരോഗ്യ കാർഡ് )തുടങ്ങിയ പദ്ധതികൾ ബംഗാളിലെ ഗ്രാമീണ സ്ത്രീകളിൽ വലിയ പ്രതീക്ഷകളായി മാറിക്കൊണ്ടിരിക്കുകയാണ്.(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

