ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് 26 മുതൽ
text_fieldsകോഴിക്കോട്: ബേപ്പൂര്‍ ഇന്റര്‍നാഷനല്‍ വാട്ടര്‍ ഫെസ്റ്റ് സീസണ്‍ -5 കൂടുതല്‍ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പൊതുജനങ്ങള്‍ പങ്കെടുക്കുന്ന കലാ -സാംസ്‌കാരിക പരിപാടികളും മത്സരങ്ങളുമാണ് ഇത്തവണത്തെ ഫെസ്റ്റിന്റെ പ്രത്യേകതയെന്നും മന്ത്രി പറഞ്ഞു. ജില്ല കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന ഫെസ്റ്റ് കോര്‍ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെഗാ ഇവന്റുകള്‍ക്ക് പകരം പ്രാദേശിക കലാകാരന്മാരുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും റസിഡന്റ്‌സ് അസോസിയേഷനുകളുടെയും കലാപരിപാടികള്‍ അരങ്ങേറും. വയോജനങ്ങള്‍, മത്സ്യത്തൊഴിലാളികള്‍, സ്ത്രീകള്‍, കുട്ടികള്‍ തുടങ്ങി എല്ലാ ജനവിഭാഗങ്ങളുടെയും കലാവിഷ്‌കാരങ്ങള്‍ക്ക് ഫെസ്റ്റ് വേദിയാകുമെന്നും മന്ത്രി പറഞ്ഞു. സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ ജില്ല കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അധ്യക്ഷത വഹിച്ചു.
തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രത്യേക കര്‍മപദ്ധതി തയാറാക്കുമെന്നും ചാലിയത്തുനിന്ന് ബേപ്പൂരിലേക്ക് പ്രത്യേക ജങ്കാര്‍ സര്‍വിസ് ഉള്‍പ്പെടെയുള്ള സാധ്യതകള്‍ പരിശോധിക്കുമെന്നും ജില്ല കലക്ടര്‍ പറഞ്ഞു. പാര്‍ക്കിങ്, സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവയുടെ അന്തിമ രൂപമായതായി സിറ്റി പൊലീസ് കമീഷണര്‍ ടി. നാരായണന്‍ അറിയിച്ചു.
ഈ മാസം 26, 27, 28 തീയതികളിലാണ് ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് അരങ്ങേറുന്നത്. വിവിധ പരിപാടികള്‍ക്കും മത്സരങ്ങള്‍ക്കും ബേപ്പൂര്‍, ചാലിയം, നല്ലൂര്‍, രാമനാട്ടുകര, ഫറോക്ക് വി പാര്‍ക്ക്, നല്ലളം വി പാര്‍ക്ക്, നല്ലളം അബ്ദുറഹ്‌മാന്‍ പാര്‍ക്ക് എന്നിവിടങ്ങളിലാണ് വേദിയൊരുങ്ങുക.
25 മുതല്‍ 29വരെ ബേപ്പൂരില്‍ ഫുഡ് ഫെസ്റ്റും സംഘടിപ്പിക്കും. മാനാഞ്ചിറ സ്‌ക്വയറില്‍ ഒരുക്കുന്ന പ്രത്യേക വൈദ്യുതാലങ്കാരങ്ങള്‍ 22ന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
25ന് കോഴിക്കോട് നിന്ന് ബേപ്പൂരിലേക്ക് സൈക്കിള്‍ റാലിയും 28ന് ചാലിയത്തുനിന്ന് ബേപ്പൂരിലേക്ക് മാരത്തോണും സംഘടിപ്പിക്കും. ഫെസ്റ്റ് ദിനങ്ങളില്‍ വൈകിട്ട് വിവിധ വേദികളിലായി ബേപ്പൂര്‍ മണ്ഡലത്തിലെ വിവിധ സംഘങ്ങളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറും.
മുഖ്യ ആകര്‍ഷകമായ കൈറ്റ് ഫെസ്റ്റിവലില്‍ അഞ്ച് രാജ്യങ്ങളില്‍നിന്നും 15 സംസ്ഥാനങ്ങളില്‍ നിന്നും മത്സരാര്‍ഥികള്‍ പങ്കാളികളാകും.
കപ്പലുകളുടെയും നാവിക സാങ്കേതിക വിദ്യയുടെയും പ്രദര്‍ശനം, ജലസാഹസിക പ്രകടനങ്ങള്‍, കലോത്സവം തുടങ്ങിയവ ഫെസ്റ്റിന്റെ ഭാഗമായുണ്ടാകും. ബീച്ച് സ്പോര്‍ട്സ് മത്സരങ്ങളുടെ ഭാഗമായ കബഡി, ബീച്ച് ഫുട്ബാള്‍, ബീച്ച് വോളിബാള്‍ മത്സരങ്ങള്‍ യഥാക്രമം ഈ മാസം 22, 23, 24 തീയതികളില്‍ നടക്കും.
ചെസ് മത്സരം, കളരി, കരാട്ടെ, മാര്‍ഷല്‍ ആര്‍ട്സ് ഡെമോണ്‍സ്ട്രേഷന്‍ എന്നിവയും ഉണ്ടാകും. കയാക്കിങ്, സെയിലിങ്, സര്‍ഫിങ്, സ്റ്റാന്‍ഡ് അപ്പ് പാഡലിങ്, ജെറ്റ് സ്‌കി, ഫ്ളൈ ബാര്‍ഡ്, ഡിങ്കി ബാട്ട് റേസ്, കണ്‍ട്രി ബാട്ട് റേസ്, കേരളത്തില്‍ ആദ്യമായി ഡ്രാഗണ്‍ ബാട്ട് റേസ് എന്നിവ ഡിസംബര്‍ 26 മുതല്‍ 28 വരെ നടക്കും.
റെസിഡന്‍ഷ്യല്‍ കലോത്സവം, കുടുംബശ്രീ കലോത്സവം എന്നിവയുടെ ഭാഗമായി വിവിധ വേദികളിലായി സിനിമാറ്റിക് ഡാന്‍സ്, ഗാനമേള, കോമഡി സ്‌കിറ്റ്, നൊസ്റ്റാള്‍ജിക് ഡാന്‍സ്, ഒപ്പന, തിരുവാതിരകളി, കോല്‍ക്കളി, നാടന്‍പാട്ട് തുടങ്ങിയവ അരങ്ങേറും.
സ്‌കൂള്‍ കലോത്സവ ജേതാക്കളുടെ പരിപാടികള്‍, ഭിന്നശേഷി കുട്ടികള്‍, മ്യൂസിക് സ്‌കൂളുകള്‍, വയോജനങ്ങള്‍ എന്നിവരുടെ കലാപരിപാടികള്‍, പ്രാദേശിക നാടകങ്ങള്‍, കുട്ടികള്‍ക്കായുള്ള മാജിക് ഷോ എന്നിവയും സംഘടിപ്പിക്കും.
യോഗത്തില്‍ സബ് കലക്ടര്‍ എസ്. ഗൗതം രാജ്, ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ അരുണ്‍ കെ. പവിത്രന്‍, എ.ഡി.എം മുഹമ്മദ് റഫീഖ്, ഡെപ്യൂട്ടി കലക്ടര്‍മാരായ രേഖ, ഷാമിന്‍ സെബാസ്റ്റിയന്‍, ടൂറിസം വകുപ്പ് ജോ. ഡയറക്ടര്‍ ഡി. ഗിരീഷ് കുമാര്‍, കുടുംബശ്രീ ജില്ല കോഓഡിനേറ്റര്‍ പി.സി. കവിത, ഡി.ടി.പി.സി സെക്രട്ടറി ഡോ. ടി. നിഖില്‍ദാസ്, എസ്.എസ്.കെ ജില്ല പ്രോജക്ട് കോഓഡിനേറ്റര്‍ ഡോ. എ.കെ. അബ്ദുല്‍ ഹക്കീം, വിവിധ സബ് കമ്മിറ്റി ഭാരവാഹികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

