കടൽകടന്ന് ബേപ്പൂര്‍!
text_fieldsകോഴിക്കോട്: ബേപ്പൂരിലെ വിനോദസഞ്ചാര വികസനത്തിന് അന്താരാഷ്ട്ര അംഗീകാരം. നെതര്‍ലന്‍ഡ്‌സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ഡെസ്റ്റിനേഷന്‍സ് സംഘടനയുടെ ആഗോള സുസ്ഥിര വിനോദസഞ്ചാര കേന്ദ്രങ്ങളെ അടയാളപ്പെടുത്തുന്ന ‘നൂറ് ഗ്രീന്‍ ഡെസ്റ്റിനേഷന്‍സ് 2025’ പട്ടികയിലാണ് ബേപ്പൂര്‍ സ്ഥാനം പിടിച്ചത്.
‘സംസ്‌കാരവും പൈതൃകവും’ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് അംഗീകാരം. ഏഷ്യയിലെ 32 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഉള്‍പ്പെട്ട പട്ടികയില്‍ ഇന്ത്യയില്‍നിന്ന് ബേപ്പൂരും തമിഴ്‌നാട്ടിലെ മഹാബലിപുരവുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഏഷ്യാ പസഫിക് സിറ്റീസ് കോണ്‍ഫറന്‍സിനോടനുബന്ധിച്ച് ഈ മാസം അവസാനം ദുബൈയില്‍ നടക്കുന്ന ‘സുസ്ഥിര വിനോദസഞ്ചാര ഫോറ’ത്തില്‍ അംഗീകാര സാക്ഷ്യപത്രം സമ്മാനിക്കും.
ബേപ്പൂരിന്റെ ചരിത്രപരമായ പ്രാധാന്യം, മാരിടൈം ബന്ധങ്ങള്‍, നൂറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന ഉരു നിർമാണം, സാഹിത്യ വിനോദസഞ്ചാര സര്‍ക്യൂട്ട്, പ്രകൃതിയെയും സമൂഹത്തെയും പരിഗണിച്ചുള്ള സുസ്ഥിര വിനോദസഞ്ചാര വികസനം എന്നിവ അംഗീകാരത്തിനായി പരിഗണിക്കപ്പെട്ടു.
സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട 30 സൂചികകളുടെ റിപ്പോര്‍ട്ട് ഇതിനായി സമര്‍പ്പിച്ചിരുന്നു. ജില്ല ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് പ്രവൃത്തികള്‍ ഏകോപിപ്പിച്ചത്. കഴിഞ്ഞ നാലുവര്‍ഷമായി മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ബേപ്പൂര്‍ കേന്ദ്രീകരിച്ച് ഒട്ടേറെ വിനോദസഞ്ചാര വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. അടിസ്ഥാന സൗകര്യ വികസനം, അന്താരാഷ്ട്ര ശ്രദ്ധ നേടിയ ബേപ്പൂര്‍ വാട്ടര്‍ഫെസ്റ്റ്, ചാമ്പ്യന്‍സ് ലീഗ് വള്ളംകളി, സാംസ്‌കാരിക, സാഹിത്യ, ഉത്തരവാദ വിനോദസഞ്ചാര പദ്ധതികള്‍ എന്നിവയെല്ലാം ലോക വിനോദസഞ്ചാര ഭൂപടത്തില്‍ ബേപ്പൂരിനെ അടയാളപ്പെടുത്താന്‍ കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

