ആദ്യത്തെ കൗതുകം കഴിഞ്ഞാൽ പിന്നെന്ത്? വിമാന യാത്രയിൽ അറിയാനേറെ
text_fieldsബസിൽ കയറുന്നതുപോലെ അത്ര ലളിതമല്ല വിമാനയാത്രയിലെ നടപടിക്രമങ്ങളെന്ന് എല്ലാവർക്കും അറിയാമായിരിക്കും. ബസിൽ യാത്ര ചെയ്യാൻ മുൻകൂട്ടി തയ്യാറെടുപ്പ് പോലും വേണ്ട. റോഡരികിൽനിന്ന് കൈകാണിച്ച് ബസിൽ കയറി ലക്ഷ്യസ്ഥാനത്തേക്ക് പോകുന്നതുപോലെ പെട്ടെന്ന് ചെയ്തുതീർക്കാവുന്ന ഒന്നല്ല ഫ്ലൈറ്റ് യാത്ര. ടിക്കറ്റ് ബുക്കിങ് മുതൽ വിമാനത്താവളത്തിലെത്തുന്നതും സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി വിമാനത്തിൽ കയറുന്നതും വരെ കൃത്യമായ നടപടിക്രമങ്ങളുണ്ട്. സുരക്ഷയ്ക്ക് അതീവ പ്രാധാന്യം നൽകുന്നതിനാൽ ഓരോ ഘട്ടത്തിലും യാത്രക്കാർ പാലിക്കേണ്ട നിയമങ്ങളുമുണ്ട്.
ഇന്ന് ഓൺലൈൻ ചെക്ക്-ഇൻ സൗകര്യങ്ങളും ഡിജിറ്റൽ ബോർഡിങ് പാസുകളുമെല്ലാം വിമാനയാത്ര നടപടികൾ എളുപ്പമാക്കിയിട്ടുണ്ട്. എന്നാൽ സുരക്ഷാ പരിശോധനകളിൽ അശ്രദ്ധ കാണിക്കാനാവില്ല. ബാഗിൽ എന്തൊക്കെ കൊണ്ടുപോകാം, എത്ര സമയം മുമ്പ് വിമാനത്താവളത്തിലെത്തണം, പരിശോധനയ്ക്കിടെ എന്തൊക്കെ ശ്രദ്ധിക്കണം തുടങ്ങിയ കാര്യങ്ങളിൽ ചെറിയ അജ്ഞത പോലും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയേക്കാം.
വിമാനത്താവളത്തിൽ പ്രവേശിക്കുന്നതു മുതൽ വിമാനത്തിൽ കയറുന്നതുവരെയുള്ള പ്രധാന നടപടിക്രമങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ആദ്യമായി വിമാനത്തിൽ കയറുന്നവർക്കു മാത്രമല്ല, പതിവായി യാത്ര ചെയ്യുന്നവർക്കുപോലും വിമാനയാത്രയുമായി ബന്ധപ്പെട്ട സംശയങ്ങളുണ്ടാകാം. സ്ഥിരം യാത്രികർക്ക് അനുഭവങ്ങളിലൂടെ ഇക്കാര്യങ്ങളിൽ കൃത്യമായ ധാരണയുണ്ടായിരിക്കും. വല്ലപ്പോഴും പോകുന്നവർക്ക് തീർത്താൽ തീരാത്ത സംശയങ്ങളായിരിക്കും ഉണ്ടാവുക.
വിമാനയാത്രയ്ക്കു മുമ്പ് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ
- വിമാനത്താവളത്തിൽ എത്ര സമയം മുമ്പ് എത്തണം?
കൃത്യസമയത്ത് വിമാനത്താവളത്തിലെത്തുക എന്നത് പ്രധാനമാണ്. ആഭ്യന്തര യാത്രകൾക്ക് പുറപ്പെടുന്നതിന് ഏകദേശം രണ്ട് മണിക്കൂർ മുമ്പും അന്താരാഷ്ട്ര യാത്രകൾക്ക് മൂന്ന് മണിക്കൂർ മുമ്പും എത്തണമെന്നാണ് പൊതുവേയുള്ള നിയമം. ചെക്ക്-ഇൻ, ബാഗേജ് നൽകൽ, സുരക്ഷാ പരിശോധന, ബോർഡിങ് തുടങ്ങിയ നടപടികൾ പൂർത്തിയാക്കാനാണ് ഈ സമയക്രമം.
എന്നാൽ വിമാനക്കമ്പനിയും വിമാനത്താവളവും അനുസരിച്ച് റിപ്പോർട്ടിങ് സമയത്തിൽ വ്യത്യാസമുണ്ടാകാം. ബോർഡിങ് പാസിൽ രേഖപ്പെടുത്തിയിരിക്കുന്ന സമയവും ഗേറ്റ് അടയ്ക്കുന്ന സമയവും ശ്രദ്ധിക്കണം. വിമാനം വൈകിയാലും യാത്രക്കാർക്കുള്ള ചെക്ക്-ഇൻ, ബോർഡിങ് സമയപരിധികൾ സ്വമേധയാ നീളണമെന്നില്ല.
- ചെക്ക്-ഇൻ, ബോർഡിങ് പാസ് എന്നിവ എന്താണ്?
വിമാനത്താവളത്തിലെത്തിയശേഷം യാത്രക്കാരൻ ആദ്യം പൂർത്തിയാക്കേണ്ട പ്രധാന നടപടികളിലൊന്നാണ് ചെക്ക്-ഇൻ. ഇതിലൂടെ യാത്രക്കാരന്റെ ബുക്കിങ് സ്ഥിരീകരിക്കുകയും ബോർഡിങ് പാസ് ലഭിക്കുകയും ചെയ്യുന്നു.
ഇന്ന് വിമാനക്കമ്പനികളുടെ വെബ്സൈറ്റിലൂടെയോ മൊബൈൽ ആപ്പിലൂടെയോ ഓൺലൈൻ ചെക്ക്-ഇൻ ചെയ്യാം. ചെക്ക്-ഇൻ ബാഗേജ് ഉണ്ടെങ്കിൽ അത് വിമാനക്കമ്പനിയുടെ നിശ്ചിത കൗണ്ടറിൽ നൽകണം. ബാഗേജ് ഇല്ലാത്ത യാത്രക്കാർക്കും വിമാനത്താവളത്തിലെത്തിയശേഷം സുരക്ഷാ പരിശോധന ഉൾപ്പെടെ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്.
ബോർഡിങ് പാസിൽ യാത്രക്കാരന്റെ പേര്, വിമാന നമ്പർ, പുറപ്പെടുന്ന സമയം, ബോർഡിങ് ഗേറ്റ് തുടങ്ങിയ വിവരങ്ങളുണ്ടാകും. ഈ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പാക്കണം.
- ഹാൻഡ് ബാഗേജ്, ചെക്ക്-ഇൻ ബാഗേജ് വ്യത്യാസമെന്ത്?
വിമാനത്തിനുള്ളിലേക്ക് യാത്രക്കാരൻ കൊണ്ടുപോകുന്ന ബാഗേജാണ് ഹാൻഡ് ബാഗേജ്. വിമാനത്തിന്റെ കാർഗോ വിഭാഗത്തിൽ യാത്രയ്ക്കായി നൽകുന്ന ബാഗേജാണ് ചെക്ക്-ഇൻ ബാഗേജ്.
ഹാൻഡ് ബാഗേജിന്റെ ഭാരവും വലുപ്പവും വിമാനക്കമ്പനിയുടെ നിബന്ധനകൾക്കനുസരിച്ചായിരിക്കും. ആഭ്യന്തര യാത്രകളിൽ ഏഴ് കിലോഗ്രാം ഹാൻഡ് ബാഗേജും 15 കിലോഗ്രാം ചെക്ക്-ഇൻ ബാഗേജും അനുവദിക്കുന്ന സേവനങ്ങളുണ്ടെങ്കിലും എല്ലാ ടിക്കറ്റുകൾക്കും ഇതേ പരിധിയല്ല.
ബാഗേജിന്റെ അനുവദനീയ ഭാരം ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പരിശോധിക്കണം. പരിധി കടന്നാൽ അധിക നിരക്ക് നൽകേണ്ടിവരാം. ലാപ്ടോപ്പ് ബാഗ് പോലുള്ള അധിക ബാഗുകൾ അനുവദിക്കുമോ എന്നതും വിമാനക്കമ്പനിയുടെ നിബന്ധനകളെ ആശ്രയിച്ചിരിക്കുന്നു.
- ഹാൻഡ് ബാഗിൽ ദ്രാവകങ്ങൾ കൊണ്ടുപോകാമോ?
കൊണ്ടുപോകാം. എന്നാൽ ദ്രാവകങ്ങളുടെ അളവിന് നിയന്ത്രണങ്ങളുണ്ട്. പെർഫ്യൂം, ഷാംപൂ, ലോഷൻ തുടങ്ങിയവ ഹാൻഡ് ബാഗിൽ കൊണ്ടുപോകുമ്പോൾ സാധാരണയായി ഓരോ കുപ്പിയുടെയും ശേഷി 100 മില്ലി ലിറ്ററിൽ കൂടരുത്. ഇത്തരം കുപ്പികൾ ഒരു ലിറ്റർ ശേഷിയുള്ള സുതാര്യവും വീണ്ടും അടയ്ക്കാവുന്നതുമായ പ്ലാസ്റ്റിക് കവറിൽ സൂക്ഷിക്കേണ്ടിവരും. കുപ്പിയിൽ ശേഷിക്കുന്ന ദ്രാവകത്തിന്റെ അളവല്ല, കുപ്പിയുടെ പരമാവധി ശേഷിയാണ് പരിഗണിക്കുന്നത്. വിമാനത്താവളത്തിലെ സുരക്ഷാ ചട്ടങ്ങൾ അനുസരിച്ച് വ്യത്യാസങ്ങളുണ്ടാകാം. കൂടുതൽ അളവിലുള്ള ദ്രാവകങ്ങൾ അനുവദനീയമാണെങ്കിൽ അവ ചെക്ക്-ഇൻ ബാഗേജിൽ സൂക്ഷിക്കാം. അന്താരാഷ്ട്ര യാത്രകളിൽ പഴങ്ങൾ, പച്ചക്കറികൾ, മാംസം, പാലുൽപ്പന്നങ്ങൾ തുടങ്ങിയവ കൊണ്ടുപോകുന്നതിന് ലക്ഷ്യരാജ്യത്തിന്റെ കസ്റ്റംസ്, കൃഷി, ഭക്ഷ്യസുരക്ഷാ നിയമങ്ങൾ അനുസരിച്ച് നിയന്ത്രണങ്ങളുണ്ടാകാം. അതിനാൽ യാത്രയ്ക്കുമുമ്പ് ബന്ധപ്പെട്ട രാജ്യത്തിന്റെ നിബന്ധനകൾ പരിശോധിക്കുക.
- പാസ്പോർട്ടിന് ആറുമാസത്തെ കാലാവധി വേണമോ അന്താരാഷ്ട്ര യാത്രക്ക്?
പല രാജ്യങ്ങളും പ്രവേശനത്തിന് പാസ്പോർട്ടിൽ കുറഞ്ഞത് ആറുമാസത്തെ കാലാവധി ആവശ്യപ്പെടാറുണ്ട്. എന്നാൽ എല്ലാ രാജ്യങ്ങൾക്കും ഒരേ നിബന്ധനയല്ല. ചില രാജ്യങ്ങൾ വ്യത്യസ്ത കാലാവധി വ്യവസ്ഥകൾ പാലിക്കുമ്പോൾ വിസയുടെ സ്വഭാവവും യാത്രയുടെ ഉദ്ദേശ്യവും അനുസരിച്ചും വ്യത്യാസങ്ങളുണ്ടാകാം.
പാസ്പോർട്ടിന്റെ കാലാവധി മാത്രം പരിശോധിച്ചാൽ മതിയാകില്ല. വിസ, മടക്കയാത്രാ ടിക്കറ്റ്, മറ്റ് പ്രവേശന നിബന്ധനകൾ എന്നിവയും ഉറപ്പാക്കണം. യാത്ര പുറപ്പെടുന്നതിനു മുമ്പ് ലക്ഷ്യരാജ്യത്തിന്റെ ഔദ്യോഗിക നിർദേശങ്ങൾ പരിശോധിക്കുക.
- കത്തി, കത്രിക, നെയിൽ കട്ടർ എന്നിവ ബാഗിൽ സൂക്ഷിക്കാമോ?
മൂർച്ചയുള്ള വസ്തുക്കൾ ഹാൻഡ് ബാഗിൽ കൊണ്ടുപോകുന്നതിന് നിയന്ത്രണങ്ങളുണ്ട്. കത്തികൾ പോലുള്ള ചില വസ്തുക്കൾ നിരോധിച്ചിരിക്കുന്നു. കത്രികയുടെ വലുപ്പം, ബ്ലേഡിന്റെ നീളം, വസ്തുവിന്റെ സ്വഭാവം എന്നിവ അനുസരിച്ചും നിയന്ത്രണങ്ങൾ മാറാം. നെയിൽ കട്ടർ ഉൾപ്പെടെ ചെറിയ ഉപകരണങ്ങൾക്കും ബാധകമായ സുരക്ഷാ ചട്ടങ്ങൾ പരിശോധിക്കണം.
സുരക്ഷാ പരിശോധനയിൽ പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ സംശയമുള്ള വസ്തുക്കൾ യാത്രയ്ക്കുമുമ്പ് വിമാനക്കമ്പനിയോടോ വിമാനത്താവള അധികൃതരോടോ സ്ഥിരീകരിക്കുന്നതാണ് നല്ലത്.
- വിമാനം വൈകുകയോ റദ്ദാക്കുകയോ ചെയ്താൽ എന്തു ചെയ്യണം?
വിമാനം വൈകുകയോ റദ്ദാക്കുകയോ ചെയ്താൽ ആദ്യം വിമാനക്കമ്പനിയുടെ ഔദ്യോഗിക അറിയിപ്പുകൾ പരിശോധിക്കുക. തുടർന്ന് വിമാനക്കമ്പനിയുടെ കൗണ്ടറിലോ ഉപഭോക്തൃസേവന വിഭാഗത്തിലോ ബന്ധപ്പെട്ട് യാത്ര തുടരാനുള്ള ബദൽ ക്രമീകരണങ്ങളെക്കുറിച്ച് അന്വേഷിക്കാം.
ഇന്ത്യയിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) നിശ്ചയിച്ച ചട്ടങ്ങൾ അനുസരിച്ച്, ബാധകമായ സാഹചര്യങ്ങളിൽ വിമാനം റദ്ദാക്കിയാൽ മറ്റൊരു വിമാനത്തിൽ യാത്ര ചെയ്യാനുള്ള സൗകര്യമോ ടിക്കറ്റ് തുകയുടെ റീഫണ്ടോ ലഭിക്കാം. ചില സാഹചര്യങ്ങളിൽ അധിക നഷ്ടപരിഹാരത്തിനും അർഹതയുണ്ടാകാം.
വിമാനം വൈകുന്ന സാഹചര്യത്തിൽ കാത്തിരിപ്പിന്റെ ദൈർഘ്യം, വൈകലിന്റെ കാരണം തുടങ്ങിയ ഘടകങ്ങൾ അനുസരിച്ച് ഭക്ഷണം, പാനീയങ്ങൾ, മറ്റ് സൗകര്യങ്ങൾ എന്നിവ ലഭിക്കാം. എന്നാൽ എല്ലാ വൈകലുകൾക്കും ഒരേ ആനുകൂല്യങ്ങൾ ലഭിക്കണമെന്നില്ല. അതിനാൽ വിമാനക്കമ്പനിയിൽ നിന്ന് ലഭിക്കുന്ന അറിയിപ്പുകൾ സൂക്ഷിക്കുകയും ബാധകമായ യാത്രക്കാരുടെ അവകാശങ്ങളെക്കുറിച്ച് അന്വേഷിക്കുകയും വേണം.
വിമാനയാത്രയിലെ ചെറിയ അശ്രദ്ധകൾ പോലും അവസാന നിമിഷം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാം. ബാഗേജ് നിബന്ധനകൾ, യാത്രാരേഖകൾ, സുരക്ഷാ ചട്ടങ്ങൾ എന്നിവ മുൻകൂട്ടി പരിശോധിച്ചാൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനും യാത്ര കൂടുതൽ സുഗമമാക്കാനും കഴിയും.
വിമാന യാത്രയും പവർ ബാങ്കും: അറിയേണ്ട പ്രധാന സംശയങ്ങളും ഉത്തരങ്ങളും:
- പവർ ബാങ്ക് വിമാനത്തിൽ എവിടെയാണ് സൂക്ഷിക്കേണ്ടത്?
ഉത്തരം: പവർ ബാങ്ക് നിർബന്ധമായും ഹാൻഡ് ബാഗേജിൽ മാത്രമേ കൊണ്ടുപോകാവൂ. കാർഗോയിൽ വെക്കുന്ന ചെക്ക്-ഇൻ ബാഗേജിൽ പവർ ബാങ്ക് കർശനമായി നിരോധിച്ചിരിക്കുന്നു.
- എന്തുകൊണ്ടാണ് പവർ ബാങ്ക് ചെക്ക്-ഇൻ ബാഗിൽ നിരോധിച്ചിരിക്കുന്നത്?
ഉത്തരം: പവർ ബാങ്കുകളിലെ ലിഥിയം-അയൺ ബാറ്ററികളിൽ ഉണ്ടാകാൻ സാധ്യതയുള്ള 'തെർമൽ റൺഎവേ' മൂലം അപ്രതീക്ഷിതമായി തീപിടിക്കാൻ സാധ്യതയുണ്ട്. കാർഗോ ഹോളിൽ തീപിടുത്തമുണ്ടായാൽ അത് കണ്ടെത്താനും അണയ്ക്കാനും ബുദ്ധിമുട്ടായതിനാലാണ് ഇത് ഒഴിവാക്കുന്നത്.
- എത്ര ശേഷിയുള്ള പവർ ബാങ്കുകളാണ് വിമാനത്തിൽ അനുവദിക്കുന്നത്?
ഉത്തരം: സാധാരണയായി 100 Wh (Watt-hour) അല്ലെങ്കിൽ 20,000 mAh വരെയുള്ള പവർ ബാങ്കുകൾ യാതൊരു അനുമതിയും കൂടാതെ ഹാൻഡ് ബാഗിൽ കൊണ്ടുപോകാം.
100 Wh മുതൽ 160 Wh വരെയുള്ള പവർ ബാങ്കുകൾ കൊണ്ടുപോകാൻ എയർലൈൻസിന്റെ മുൻകൂർ അനുമതി ആവശ്യമായി വന്നേക്കാം. 160 Wh-ൽ കൂടുതലുള്ളവ യാതൊരു കാരണവശാലും വിമാനത്തിൽ അനുവദിക്കില്ല.
മിക്ക പവർ ബാങ്കുകളുടെയും പുറത്ത് അതിന്റെ മില്ലി ആമ്പിയർ-അവർ (mAh), വോൾട്ടേജ് (V), അല്ലെങ്കിൽ വാട്ട്-അവർ (Wh) എന്നിവ രേഖപ്പെടുത്തിയിട്ടുണ്ടാകും. mAh-നെ Wh-ലേക്ക് മാറ്റാനുള്ള ഫോർമുല: (mAh × V) / 1000 = Wh (സാധാരണ പവർ ബാങ്കുകൾ 3.7V ലാണ് പ്രവർത്തിക്കുന്നത്). ഇതൊന്നും ശ്രദ്ധിക്കാതെ വാരിവലിച്ച് ഇതൊക്കെ കൊണ്ടുപോയാൽ പ്രയാസം നേരിടേണ്ടിവരും.
- ഫ്ലൈറ്റിനുള്ളിൽ വെച്ച് പവർ ബാങ്ക് ഉപയോഗിച്ച് ഫോൺ ചാർജ് ചെയ്യാൻ പറ്റുമോ?
ഉത്തരം: യാത്രയ്ക്കിടയിൽ പവർ ബാങ്ക് ഉപയോഗിച്ച് ഫോൺ ചാർജ് ചെയ്യുന്നതിന് ചില എയർലൈനുകൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ടേക്ക്-ഓഫ്, ലാൻഡിങ്ങ് സമയത്ത് പവർ ബാങ്കോ മറ്റ് ഇലക്ട്രോണിക്സോ ഉപയോഗിക്കാൻ പാടില്ല.
- എത്ര പവർ ബാങ്കുകൾ വരെ കൂടെ കരുതാം?
ഉത്തരം: സാധാരണയായി ഒരാൾക്ക് വ്യക്തിഗത ഉപയോഗത്തിനായി പരമാവധി 2 പവർ ബാങ്കുകൾ വരെയാണ് ഹാൻഡ് ബാഗിൽ കൊണ്ടുപോകാൻ അനുവാദമുള്ളത്. ഇത് എയർപോർട്ട് സുരക്ഷാ വിഭാഗത്തിന്റെ പരിശോധനയ്ക്ക് വിധേയമായിരിക്കും.
- ലാപ്ടോപ്പ് പവർ ബാങ്കുകൾ അല്ലെങ്കിൽ പോർട്ടബിൾ ചാർജറുകൾക്ക് ഈ നിയമം ബാധകമാണോ?
ഉത്തരം: അതെ. എല്ലാത്തരം ലിഥിയം-അയൺ സ്പെയർ ബാറ്ററികൾക്കും, ലാപ്ടോപ്പ് പവർ ബാങ്കുകൾക്കും, പോർട്ടബിൾ ജമ്പ് സ്റ്റാർട്ടറുകൾക്കും ഈ സുരക്ഷാ നിയമം പൂർണ്ണമായി ബാധകമാണ്.
- പവർ ബാങ്ക് ചെക്ക്-ഇൻ ബാഗിൽ കണ്ടെത്തിയാൽ എന്ത് സംഭവിക്കും?
ഉത്തരം: സെക്യൂരിറ്റി സ്കാനിങ്ങിൽ ചെക്ക്-ഇൻ ബാഗേജിൽ പവർ ബാങ്ക് കണ്ടെത്തിയാൽ, എയർപോർട്ട് അധികൃതർ യാത്രക്കാരനെ വിളിച്ചുവരുത്തുകയോ അല്ലെങ്കിൽ ഉടമയുടെ അനുവാദമില്ലാതെ ബാഗ് തുറന്ന് പവർ ബാങ്ക് നീക്കം ചെയ്യുകയോ ചെയ്യും. ഇത് ലഗേജ് വൈകുന്നതിനോ നഷ്ടപ്പെടുന്നതിനോ കാരണമാകും.
- കേടായ പവർ ബാങ്കുകൾ കൊണ്ടുപോകാൻ പറ്റുമോ?
ഉത്തരം: ഇല്ല. കേടായതോ, വീർത്തു വന്നതോ, തകരാറുള്ളതോ ആയ പവർ ബാങ്കുകളും ബാറ്ററികളും ഹാൻഡ് ബാഗിലോ ചെക്ക്-ഇൻ ബാഗിലോ കൊണ്ടുപോകുന്നത് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. ഇതൊക്കെ കുത്തി നോക്കി തകരാറാണോ എന്ന് ഇവർ നോക്കുമോ എന്ന സംശയമാണ് മനസ്സിൽ വന്നതെങ്കിൽ ഉത്തരം ലളിതമാണ്. നിങ്ങൾ കാരണം വിമാന യാത്രയിൽ നേരിയ തടസ്സം പോലും ഉണ്ടാകാതിരിക്കാൻ ശ്രമിക്കുക എന്നതാണ് ഇതിൻ്റെ ഉത്തരം. കഷ്ടകാലത്തിന് ഇത് വീർത്തു പൊട്ടി പുകയൊക്കെ വന്നാൽ വിമാനത്തിന് വരെ അപകടമുണ്ടായേക്കാം എന്ന് അവനവൻ തന്നെ ചിന്തിച്ചാൽ സംശയം തീരും!
വിമാനത്താവളത്തിൽ തമാശക്കുപോലും പറയരുത് ഈ വാക്ക്!
സുരക്ഷാ പരിശോധനയ്ക്കിടെ ബാഗിൽ എന്താണുള്ളതെന്ന് ഉദ്യോഗസ്ഥർ ചോദിക്കുമ്പോൾ തമാശക്കായി പോലും ബോംബ് എന്നോ സ്ഫോടകവസ്തു എന്നോ പറയരുത്. ഇത്തരം പരാമർശങ്ങൾ സുരക്ഷാ ഭീഷണിയായി കണക്കാക്കപ്പെടാം. തുടർന്ന് വിശദ പരിശോധനക്കും ചോദ്യം ചെയ്യലിനും വിധേയനാകേണ്ടിവരാം. സാഹചര്യത്തിന്റെ ഗൗരവം അനുസരിച്ച് യാത്ര വൈകുകയോ മുടങ്ങുകയോ ചെയ്യാനും നിയമനടപടി നേരിടാനും സാധ്യതയുണ്ട്.
തമാശക്ക് പറഞ്ഞതാണെന്ന വിശദീകരണം നൽകിയാലും സുരക്ഷാ ഉദ്യോഗസ്ഥർ അത് പരിഗണിക്കുകയുമില്ല. അതിനാൽ ബാഗിലുള്ള സാധനങ്ങളെക്കുറിച്ച് ചോദിക്കുമ്പോൾ കൃത്യമായ മറുപടി നൽകുക. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകളെ നിസ്സാരമായി കാണരുത്.
ആദ്യം പറഞ്ഞ കടമ്പകളും ടെൻഷനുകളും ഒക്കെ എയർപോർട്ടിലെ ഗേറ്റുകൾ കടന്ന് വിമാനത്തിന്റെ ചെറിയ ജനാലക്കരികിൽ സീറ്റുറപ്പിക്കുന്ന ആ നിമിഷം കൊണ്ട് മാഞ്ഞുപോകും. താഴെ കാണുന്ന വീടുകളും വാഹനങ്ങളും ചെറിയ തീപ്പെട്ടി പെട്ടികൾ പോലെയാകുന്ന ആ കാഴ്ചയും, മേഘങ്ങൾക്ക് മുകളിലൂടെയുള്ള യാത്രയും സമ്മാനിക്കുന്ന അനുഭൂതിക്ക് മുന്നിൽ ഈ ചെറിയ ഫോർമാലിറ്റികളൊക്കെ ഒട്ടും ആയാസമുള്ളതല്ല എന്ന് നമുക്ക് തോന്നിപ്പോകും! പ്രത്യേകിച്ച് ആദ്യ വിമാന യാത്രാനുഭവം. ഒരു പരിധി കഴിഞ്ഞാൽ മനുഷ്യന് പലതിലും വിരസത തോന്നാറുണ്ട്. ആദ്യത്തെ കൗതുകം അവസാനിച്ചാൽ വിമാന യാത്ര പോലെ വിരസതയാർന്ന മറ്റൊന്നില്ല എന്നാണ് സ്ഥിരം യാത്രികർ ഇതേക്കുറിച്ച് പറയാറുള്ളത് എന്നതാണ് 'വിമാന യാത്രയുടെ റിയാലിറ്റി'. വിമാനം അതിന്റെ ക്രൂയിസിങ്ങ് ഉയരത്തിൽ (ഏകദേശം 30,000 അടിയേക്കാൾ മുകളിൽ) എത്തിക്കഴിഞ്ഞാൽ പിന്നെ പുറത്തേക്ക് നോക്കിയാൽ ഒന്നുകിൽ വെളുത്ത മേഘങ്ങൾ മാത്രമായിരിക്കും, അല്ലെങ്കിൽ ഒന്നുമില്ലാത്ത നീലാകാശം, അല്ലെങ്കിൽ കൂരിരുട്ട്. കൂടാതെ, ചിറകിന്റെ ഭാഗത്താണ് സീറ്റെങ്കിൽ കാഴ്ച പൂർണ്ണമായി മറയുകയും ചെയ്യും. മണിക്കൂറുകളോളം ഈ ഒരേ കാഴ്ച കാണുന്നത് യാത്രികരിൽ പെട്ടെന്ന് വിരസതയുണ്ടാക്കും, പക്ഷേ ബസിലെ പോലെ ബെല്ലടിച്ച് നിർത്തി ഇറങ്ങിപ്പോകാൻ പറ്റില്ലല്ലോ!
ടേക്ക്-ഓഫിനും ലാൻഡിങ്ങിനും ശേഷം ഭൂരിഭാഗം സമയവും വിമാനം പറക്കുന്നത് ഓട്ടോ-പൈലറ്റ് സംവിധാനത്തിലാണ്. പൈലറ്റുമാരുടെ പ്രധാന ജോലി കാലാവസ്ഥ നിരീക്ഷിക്കുക, റൂട്ട് ട്രാക്ക് ചെയ്യുക, എയർ ട്രാഫിക് കൺട്രോളുമായി ആശയവിനിമയം നടത്തുക എന്നിവ മാത്രമാണ്. അടിയന്തര സാഹചര്യങ്ങളിലൊഴികെ പൈലറ്റുമാർക്ക് ദീർഘദൂര യാത്രകളിൽ വിശ്രമിക്കാനും അവസരമുണ്ട്.
സ്ഥിരം യാത്ര ചെയ്യുന്നവർക്ക് ആകാശത്തെ പറക്കൽ ഒരു അത്ഭുതമല്ലാതായി മാറുന്നതും, ആദ്യത്തെ ആവേശം തണുത്തു പോകുന്നതും സ്വാഭാവികമാണെങ്കിലും ഇന്നേവരെ മനുഷ്യൻ കണ്ടുപിടിച്ചതിൽ ഏറ്റവും വലിയ അത്ഭുതങ്ങളിലൊന്നാണ് വിമാനം എന്നതിൽ തർക്കമില്ല. എത്രയൊക്കെ യാത്രാവിരസതകളോ സുരക്ഷാ പരിശോധനകളുടെ ടെൻഷനുകളോ ഉണ്ടെങ്കിലും, നൂറുകണക്കിന് ടൺ ഭാരമുള്ള ഒരു വലിയ ഇരുമ്പ് പക്ഷി മേഘക്കൂട്ടങ്ങളെയും തുളച്ച് ആകാശത്തിലൂടെ പറന്നുയരുന്നത് കാണുമ്പോൾ ഏതൊരാളുടെയും കണ്ണിൽ കൗതുകം നിറയുന്നത് അതുകൊണ്ടാണ്. ആകാശത്ത് വിമാനത്തിൻ്റെ ഇരമ്പൽ കേട്ടാൽ വീട്ടിനകത്ത് നിന്ന് ചാടി ഇറങ്ങി നോക്കുന്ന ഒരു 'കുട്ടി'ത്തം എത്ര മുതിർന്നാലും മാറാത്തതിൻ്റെ കാരണവും മറ്റൊന്നല്ല!
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

