പ്രവാസികളെ ആകർഷിക്കുന്ന ലോകത്തിലെ ആറു വൻനഗരങ്ങളിൽ ബംഗളൂരുവും
text_fieldsബംഗളൂരു: പ്രവാസികളെ ആകർഷിക്കുന്ന ലോകത്തെ ആറു വൻനഗരങ്ങളിൽ ബംഗളൂരുവും. ബ്ലൂംസ്ബർഗിന്‍റെ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. റിപ്പോർട്ട് പ്രകാരം പ്രവാസികൾ ജോലിക്കും മറ്റുമായി എത്താൻ ആഗ്രഹിക്കുന്ന നഗരമായി ബംഗളൂരു മാറിയിട്ടുണ്ട്. ക്വാലാലംപുർ, ലിസ്ബൺ, ദുബൈ, ബംഗളൂരു, മെക്സികോ സിറ്റി, റിയോ ഡേ ജനീറോ എന്നിവയാണ് ലോകത്ത് പ്രവാസികളുടെ ഇഷ്ടനഗരങ്ങളായി മാറുന്നവ.
ഏറ്റവും വേഗത്തിൽ വളരുന്ന ലോകത്തെ ഐ.ടി ഹബ്ബുകളിലൊന്നാണ് ബംഗളൂരു. ആയിരക്കണക്കിന് സ്റ്റാർട്ടപ്പുകളും ഐ.ടി സ്ഥാപനങ്ങളുമാണ് നഗരത്തിലുള്ളത്. മിക്കവയും വിദേശകമ്പനികളാണ്. ഇതിനാൽ നഗരത്തിൽ വിദേശനിക്ഷേപം ഏറെയാണ്. 2020 ലെ ബംഗളൂരുവിന്‍റെ വിദേശനിക്ഷേപം 7.2 ബില്യൻ ഡോളറിന്‍റേതാണ്. 2016ൽ ഇത് 1.3 ബില്യൻ ഡോളർ ആയിരുന്നു. വിദേശികൾ അടക്കം നിരവധി പേരാണ് ബംഗളൂരുവിൽ ജോലിചെയ്യുന്നത്.
അതിനാവശ്യമായി അന്താരാഷ്ട്ര സ്കൂളുകൾ, സ്ഥാപനങ്ങൾ, ഹോട്ടലുകൾ തുടങ്ങിയവ നഗരത്തിൽ ഉണ്ടെന്നും ബ്ലൂംസ് ബർഗിന്റെ റിപ്പോർട്ടിൽ പറയുന്നു. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി ട്രാഫിക് പൊലീസും ഗൂഗിളും ഒരുമിച്ചു പ്രവർത്തിക്കുന്ന പദ്ധതി തുടങ്ങിയിട്ടുണ്ട്. ട്രാഫിക് ലൈറ്റിന്‍റെ സമയക്രമീകരണമടക്കുള്ള മേഖലകളിലാണ് ഗൂഗിളിന്‍റെ സഹായം ലഭ്യമാകുക. പ്രധാന ഇന്‍റർസെക്ഷനുകളിലെ ഗതാഗതക്കുരുക്ക് കൈകാര്യം ചെയ്യാനും നഗരത്തിലെ ഗതാഗതം നിരീക്ഷിക്കാനുമടക്കമുള്ള നടപടികളിലും ഗൂഗിളിന്‍റെ പിന്തുണ ഉണ്ടാവും.
നിലവിൽ ഗൂഗിൾ മാപ്പിൽ ഗതാഗതവുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നുണ്ട്. എന്നാൽ, സുരക്ഷിത ഗതാഗതം മുൻനിർത്തി ഇനിമുതൽ ഗൂഗിൾ മാപ്പിൽ അതാതിടത്തെ വേഗപരിധി സംബന്ധിച്ച വിവരങ്ങളും കൈമാറും. ഗൂഗിളുമായി ചേർന്നുള്ള ആദ്യ പരീക്ഷണ പദ്ധതി തുടങ്ങുന്ന ആദ്യ ഇന്ത്യൻ നഗരം ബംഗളൂരു ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

