
അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം തുറന്നു; പ്രവേശനം അഞ്ച് സമയങ്ങളിലായി
text_fieldsഅതിരപ്പിള്ളി: പത്ത് മാസത്തെ ഇടവേളക്കുശേഷം അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം തുറന്നു. വെള്ളച്ചാട്ടം കാണാൻ വെള്ളിയാഴ്ച രാവിലെ തന്നെ സഞ്ചാരികളെത്തി. കോവിഡ് വ്യാപനത്തിൻെറ സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് തുറന്നത്. മേഖലയിലെ വാഴച്ചാൽ വിനോദസഞ്ചാര കേന്ദ്രവും തുമ്പൂർമുഴി ഉദ്യാനവും തുറന്നിട്ടില്ല.
പുഴയുടെ അപ്പുറത്തെ ഏഴാറ്റുമുഖം പ്രകൃതിഗ്രാമം ആഴ്ചകൾക്ക് മുമ്പ് തുറന്നിരുന്നു. അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം തുറന്നിരുന്നില്ലെങ്കിലും കുറച്ചുദിവസങ്ങളായി റോഡിലെ വ്യൂ പോയിൻറിൽനിന്ന് വെള്ളച്ചാട്ടം കാണാൻ സഞ്ചാരികളെ അനുവദിച്ചിരുന്നു.
അഞ്ച് ഷിഫ്റ്റുകളായാണ് പ്രവേശനം നൽകുക. രാവിലെ ഒമ്പത്, 10.30, ഉച്ചക്ക് 12, 1.30, മൂന്ന് എന്നിങ്ങനെയാവും സമയം. ഇതോടെ തിരക്ക് കുറക്കാനും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാനും കഴിയുമെന്നാണ് അധികൃതർ കരുതുന്നത്. ഒരേസമയം ഇരുനൂറോളം പേർ മാത്രമാകും വിനോദ സഞ്ചാര കേന്ദ്രത്തിൽ ഉണ്ടാകുക. സന്ദർശകർ ഒന്നര മണിക്കൂറിനുള്ളിൽ കാഴ്ച കണ്ടുമടങ്ങണം. ഒരു ദിവസം പരമാവധി 1000 പേർക്ക് മാത്രമേ സന്ദർശിക്കാനാവൂ.
വെള്ളിയാഴ്ച അതിരപ്പിള്ളി വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയവർ
സഞ്ചാരികൾക്ക് ഓൺലൈൻ ബുക്കിങ്ങിലൂടെ ഇഷ്ടമുള്ള സമയം ബുക്ക് ചെയ്യാം. ww.athirappillyvazhachal.com എന്ന സൈറ്റിൽനിന്ന് ടിക്കറ്റ് എടുക്കാനാകും. എന്നാൽ, പണമടക്കാൻ സംവിധാനമായിട്ടില്ല. ടിക്കറ്റുമായി അതിരപ്പിള്ളിയിലെത്തി പണമടക്കണം. അതേസമയം, വളരെ കുറച്ചുപേർക്ക് കൗണ്ടറിലും ടിക്കറ്റ് നൽകുന്നുണ്ട്.
അതിരപ്പിള്ളി ഇട്ട്യാനി ഭാഗം വരെ മാത്രമേ വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനാകൂ. അതിരപ്പിള്ളിയിൽ പുഴയിൽ ഇറങ്ങാനും അനുവദിക്കില്ല. ജനങ്ങൾ കൂടുതൽ സമ്പർക്കത്തിൽ വരുന്ന ഭാഗങ്ങൾ ഇടക്കിടെ അണുവിമുക്തമാക്കും. വനസംരക്ഷണ സമിതി അംഗങ്ങൾക്കും വനപാലകർക്കും കോവിഡ് സുരക്ഷ ഉപകരണങ്ങൾ നൽകിയിട്ടുണ്ട്.
നേരത്തെ ഒക്ടോബർ 16ന് തുറക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കോവിഡ് വ്യാപനം കൂടിയതിനാൽ നീട്ടുകയായിരുന്നു. സംസ്ഥാനത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ഭൂരിഭാഗവും തുറന്നെങ്കിലും അതിരപ്പിള്ളി തുറക്കാത്തത് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വിനോദ സഞ്ചാരികളും നാട്ടുകാരും കച്ചവടക്കാരും പ്രതിഷേധവുമായി രംഗത്തെത്തിയതിനെ തുടർന്നാണ് വെള്ളച്ചാട്ടത്തിലേക്ക് പ്രവേശനം നൽകാൻ തിരുമാനമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
