മൺസൂണിൽ നേട്ടം കൊയ്ത് അതിരപ്പിള്ളി വിനോദസഞ്ചാര മേഖല
text_fieldsവാഴച്ചാൽ വെള്ളച്ചാട്ടം
അതിരപ്പിള്ളി: അതിരപ്പിള്ളി വിനോദസഞ്ചാര മേഖല ഈ മൺസൂണിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും വലിയ കുതിപ്പിൽ. വർഷങ്ങളായി തകർച്ചയിലായിരുന്ന ഇവിടത്തെ വിനോദസഞ്ചാര മേഖലക്ക് വലിയ ഉയിർത്തെഴുന്നേൽപാണ് ഇത്തവണത്തെ മൺസൂൺ കാലം സമ്മാനിച്ചത്.
അതിരപ്പിള്ളി, വാഴച്ചാൽ, തുമ്പൂർമുഴി കേന്ദ്രങ്ങളിൽ വിദേശികളടക്കം കൂടുതൽ സഞ്ചാരികളെത്തി. സ്വകാര്യമേഖലയിലെ അമ്യൂസ്മെന്റ് പാർക്കുകളിലും മുൻ തവണത്തെക്കാൾ സന്ദർശകരുണ്ടായി. തകർച്ചയുടെ വക്കിലായിരുന്ന റിസോർട്ടുകൾക്കും ഹോട്ടലുകൾക്കും ഇത് ആശ്വാസമായി.
ചെറുകിട വഴിയോര കച്ചവടക്കാർക്കും മെച്ചമുണ്ടായി. കാലാവസ്ഥ വ്യതിയാനത്തിന്റെ ദുരിതങ്ങൾ ഒന്നുംതന്നെ ഇത്തവണ അതിരപ്പിള്ളി മേഖലയെ ബാധിക്കാത്തതും ആശ്വാസമായി. ജൂൺ, ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ കാലാവസ്ഥ വളരെ അനുകൂലമായിരുന്നു. ജൂലൈയിലും സെപ്റ്റംബറിലും ഒരു വിധം മഴ ലഭിച്ചതിനാൽ നല്ല കുളിർമ നിറഞ്ഞ അന്തരീക്ഷമായിരുന്നു.
അധിക മഴയിൽ പെരിങ്ങൽക്കുത്ത്, ഷോളയാർ ഡാമുകൾ തുറന്നുള്ള വെള്ളപ്പൊക്കം ഇല്ലാതിരുന്നതിനാൽ വിനോദസഞ്ചാരകേന്ദ്രങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിൽനിന്ന് ഒഴിവായി. അതിരപ്പിള്ളി വെള്ളച്ചാട്ടം രൗദ്രഭാവം കൈവരിച്ചുമില്ല. 2018ലെ പ്രളയകാലം മുതൽ അതിരപ്പിള്ളി വിനോദസഞ്ചാരമേഖലക്ക് ദുരിതകാലമായിരുന്നു.
തുടർന്നുള്ള വർഷങ്ങളിലും അതിവൃഷ്ടിയുണ്ടായി. പിന്നീട് കോവിഡുമൂലമുള്ള പ്രതിസന്ധികളായി. ഈ കാലങ്ങളിലെല്ലാം വിനോദസഞ്ചാരകേന്ദ്രങ്ങൾ അടച്ചിടേണ്ടിവന്നു. ഹോട്ടലുകൾ, റിസോർട്ടുകൾ, കച്ചവടക്കാർ എന്നിവർ തകർച്ചയിലായി. പലരും റിസോർട്ടുകൾ വിറ്റു. നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. എന്നാൽ, ഈ സീസൺ അതിരപ്പിള്ളി മേഖലയിലെ വിനോദസഞ്ചാരമേഖലക്ക് ശുഭപ്രതീക്ഷ നൽകിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

