നീർച്ചാലായി അതിരപ്പിള്ളി വെള്ളച്ചാട്ടം; സഞ്ചാരികൾക്ക് നിരാശ
text_fieldsഅതിരപ്പിള്ളി വ്യൂ പോയന്റിൽ എത്തിയ വിനോദ സഞ്ചാരികൾ
അതിരപ്പിള്ളി: പ്രതീക്ഷയോടെ അതിരപ്പിള്ളിയിലെത്തിയ വിനോദ സഞ്ചാരികൾ ശുഷ്കിച്ച വെള്ളച്ചാട്ടം കണ്ട് നിരാശരായി. ക്രിസ്മസ് അവധിക്കാലത്തിന്റെ അവസാന ദിവസമായ ഞായറാഴ്ച എല്ലാ വർഷവും സഞ്ചാരികളുടെ വലിയ തിരക്ക് ഉണ്ടാകാറുള്ളതാണ്. നിലവിൽ അതിരപ്പിള്ളി വെള്ളച്ചാട്ടം പ്രതാപം നഷ്ടപ്പെട്ട് കേവലം നീർച്ചാൽ മാത്രമായി മാറിയ അവസ്ഥയാണ്. വാഴച്ചാലും തുമ്പൂർമുഴിയിലുമെല്ലാം പാറക്കെട്ടുകൾ മാത്രമാണ്.
പുഴയുടെ അവസ്ഥ പലയിടത്തും ദയനീയമാണ്. പെരിങ്ങൽക്കുത്ത് പവർഹൗസിലെ വൈദ്യുതോൽപാദനം ശരിയായ രീതിയിൽ നടക്കാത്തതിനാലാണ് പുഴയിൽ വെള്ളം ഇല്ലാത്തതെന്നാണ് പരാതി. ഇത്തരം ദിവസങ്ങളെങ്കിലും സഞ്ചാരികൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ പെരിങ്ങൽക്കുത്തിലെ വൈദ്യുതോൽപ്പാദനം നടത്തണമെന്ന ആവശ്യം കാലങ്ങളായി ഉള്ളതാണ്.
നിരവധി പേരാണ് അതിരപ്പിള്ളി വിനോദ സഞ്ചാരത്തെ കേന്ദ്രീകരിച്ച് ഉപജീവനം നടത്തുന്നത്. ജനുവരി തുടക്കത്തിൽ ഇങ്ങനെയാണ് അവസ്ഥയെങ്കിലും കടുത്ത വേനലിൽ എന്താവും പുഴയിലെ ജലനിരപ്പിന്റെ അവസ്ഥയെന്നാണ് ഇപ്പഴേ ആശങ്ക ഉയരുന്നത്. ഏതാനും ദിവസം മുമ്പ് പ്രതീക്ഷിക്കാത്ത സമയത്ത് പെരിങ്ങൽക്കുത്തിൽനിന്ന് വെള്ളം തുറന്നുവിട്ടതു മൂലം വിനോദസഞ്ചാരികൾ അപകടത്തിലായിരുന്നു. വെള്ളമില്ലെന്ന ധാരണയിൽ പുഴയിലിറങ്ങിയവർക്കാണ് അബദ്ധം പറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

