അയ്യായിരം സഞ്ചാരികളുമായി എ.എസ്.സി വേൾഡ് യൂറോപ
text_fieldsക്രൂസ് സീസണിലെ ഭാഗമായി ദോഹ തീരത്ത് എത്തിയ എം.എസ്.സി വേൾഡ് യൂറോപ
ദോഹ: ക്രൂസ് ടൂറിസ്റ്റ് സീസണിന്റെ ഭാഗമായി വലിയൊരു സംഘം വിനോദ സഞ്ചാരികളുമായി എം.എസ്.സി വേൾഡ് യൂറോപ ദോഹ തീരമണഞ്ഞു. 5613 വിനോദസഞ്ചാരികളും 2121 കപ്പൽ ജീവനക്കാരും ഉൾപ്പെടുന്ന സംഘമാണ് ദോഹയിലെത്തിയത്. ഖത്തറിൽനിന്നും ഇവർക്കൊപ്പം 555 സഞ്ചാരികൾ കൂടി ചേരും. 2022-23 സീസണിൽ എം.എസ്.സി വേൾഡ് യൂറോപയുടെ ദോഹയിലേക്കുള്ള 13ാമത്തെ സഞ്ചാരം കൂടിയാണിത്.
ലോകകപ്പ് വേളയിൽ ഖത്തറിന്റെ തീരത്ത് നങ്കൂരമിട്ട് ലോകമെങ്ങുമുള്ള കാണികൾക്ക് താമസസൗകര്യം ഒരുക്കി ശ്രദ്ധേയമായ ക്രൂസ് കപ്പലാണ് വേൾഡ് യൂറോപ. കഴിഞ്ഞ നവംബറിൽ ദോഹയിലെത്തിയശേഷം ഒന്നര മാസത്തോളം കാണികൾക്ക് താമസവുമായി ഇവിടെയുണ്ടായിരുന്നു. 333 മീറ്റർ നീളവും 47 മീറ്റർ വിസ്താരവുമുള്ള വേൾഡ് യൂറോപ 22 ഡെക്കുകളുള്ള കപ്പലാണ്. 6700 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള കപ്പൽ, ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിസൗഹൃദ ക്രൂസ് കപ്പൽ എന്ന വിശേഷണത്തിനും ഉടമയാണ്. കാർബൺ ബഹിർഗമനം കുറക്കുന്ന സാങ്കേതിക വിദ്യകളാണ് കപ്പലിന്റെ പ്രധാന സവിശേഷത.
രാജ്യത്തിന്റെ വിനോദസഞ്ചാര മേഖലയെ ഉണർത്തുന്ന ക്രൂസ് സീസൺ വഴി ഇതിനകം പതിനായിരക്കണക്കിന് സഞ്ചാരികൾ എത്തിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

