സഞ്ചാരികളുടെ മനം കവർന്ന് ചെല്ലാർകോവിലും അരുവിക്കുഴിയും
text_fieldsകട്ടപ്പന: സഞ്ചാരികളുടെ പ്രിയകേന്ദ്രമായ ചെല്ലാർകോവിൽമെട്ടും അരുവിക്കുഴി വെള്ളച്ചാട്ടവും സിനിമക്കാരുടെയും ഇഷ്ടഭൂമിയായി മാറുന്നു. അടുത്ത നാളുകളിൽ തമിഴ് ഉൾപ്പെടെ നിരവധി സിനിമകളുടെ ചിത്രീകരണത്തിന് ഇവിടം ലൊക്കേഷനായി.വിവാഹ ആൽബങ്ങളുടെയും സംഗീത ആൽബങ്ങളുടെയും ചിത്രീകരണത്തിനും ഈ പ്രദേശം തേടിയെത്തുന്നവരുണ്ട്.
തേക്കടിയിലെത്തുന്ന സഞ്ചാരികളിൽ ഏറെയും എത്തുന്ന സമീപത്തെ മറ്റൊരു ഇക്കോ ടൂറിസം കേന്ദ്രമാണ് ചെല്ലർകോവിൽമെട്ടും അരുവിക്കുഴി വെള്ളച്ചാട്ടവും. പെരിയാർ വന്യജീവി സങ്കേതത്തിൽനിന്ന് 15 കിലോമീറ്റർ വാഹനത്തിൽ സഞ്ചരിച്ചാൽ ചെല്ലാർകോവിൽ ഇക്കോ ടൂറിസം കേന്ദ്രത്തിലെത്താം.
ചെല്ലാർകോവിൽ അരുവിക്കുഴി ടൂറിസ്റ്റ് കേന്ദ്രം
സമുദ്ര നിരപ്പിൽനിന്ന് 3500 അടിയോളം ഉയരമുള്ള ചെല്ലാർകോവിൽമെട്ടിൽനിന്ന് നോക്കിയാൽ തമിഴ്നാടിന്‍റെ വിദൂര ദൃശ്യം കാണാം. സമീപം വനം വകുപ്പ് നിർമിച്ച പാർക്കും വാച്ച് ടവറുമുണ്ട്. ചെല്ലാർകോവിൽ മെട്ടിൽനിന്ന് കേരള-തമിഴ്നാട് അതിർത്തിയിലൂടെ ഒന്നര കിലോമീറ്റർ നടന്നോ വാഹനത്തിലോ സഞ്ചാരിച്ചാൽ അരുവിക്കുഴി വെള്ളച്ചാട്ടത്തിലെത്താം. അപകട സാധ്യത ഏറെയുള്ള പ്രദേശം കൂടിയാണിത്. കുങ്കരിപ്പെട്ടിയാറിൽനിന്ന് തമിഴ്നാട്ടിലേക്ക് ജലമൊഴുകുന്ന അരുവിക്കുഴി വെള്ളച്ചാട്ടം ഏറെ ആകർഷണീയമാണ്.
അരുവിക്കുഴി വെള്ളച്ചാട്ടം
3500 അടി ഉയരത്തിൽനിന്ന് പതിക്കുന്ന വെള്ളത്തിൽ പകുതിയും മഞ്ഞുകണങ്ങളായി അന്തരീക്ഷത്തിൽ തന്നെ അലിഞ്ഞുചേരുന്ന കാഴ്ച മനം മയക്കും.അടിസ്‌ഥാന സൗകര്യം ഒരുക്കി വിപുലീകരിച്ചതോടെ സഞ്ചാരികൾക്ക് കൂടുതൽ പ്രിയപ്പെട്ടതായി. അമിനിറ്റി സെന്‍റർ, വാച്ച് ടൗവർ, ശൗചാലയങ്ങൾ, പാർക്കിങ് ഗ്രൗണ്ട് എന്നിവയാണ് പുതിയതായി നിർമിച്ചത്. തമിഴ്നാടിന്‍റെ സാമീപ്യവും കുറഞ്ഞ മുതൽ മുടക്കുമാണ് ഇവിടേക്ക് സിനിമക്കാരെ ആകർഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

