കാണാം... ചരിത്രമുറങ്ങുന്ന അമ്മച്ചിക്കൊട്ടാരം; ഇന്നും പ്രൗഢിയോടെ
text_fieldsപീരുമേട്: പത്തൊമ്പതാം നൂറ്റാണ്ടിൽ നിർമിച്ച കുട്ടിക്കാനത്തെ ‘അമ്മച്ചിക്കൊട്ടാരം ഇന്നും പ്രൗഢിയോടെ. 1890ൽ ശ്രീമൂലം തിരുനാൾ രാമവർമയാണ് ഭാര്യക്ക് വേനൽക്കാല വിശ്രമത്തിനായി കൊട്ടാരം നിർമിച്ചത്. ജെ.ഡി. മൺറോയാണ് നിർമാണം നടത്തിയത്. രാജഭരണത്തിന് ശേഷം അറ്റകുറ്റപ്പണി നടത്തിയിട്ടില്ലെങ്കിലും ചുവരുകൾക്കും ഭിത്തികൾക്കും നാശം സംഭവിച്ചിട്ടില്ല. മഴക്കാലത്തും വേനൽക്കാലത്തും കൊട്ടാരത്തിനുള്ളിൽ ഒരേ താപനിലയാണ്. കടുത്ത വേനലിലും മുറികൾക്കുള്ളിൽ തണുപ്പ് അനുഭവപ്പെടുന്നു. ഭിത്തികളിൽ സ്പർശിക്കുമ്പോഴും തണുപ്പറിയാം. സമുദ്രനിരപ്പിൽനിന്ന് 3500 അടി ഉയരത്തിലാണ് കൊട്ടാരം സ്ഥിതിചെയ്യുന്നത്.
തിരുശേഷിപ്പുകൾ നഷ്ടമായി
കൊട്ടാരത്തിലുണ്ടായിരുന്ന കട്ടിലുകൾ, മേശകൾ, കസേരകൾ, പാത്രങ്ങൾ തുടങ്ങിയ ശേഷിപ്പുകൾ നഷ്ടമായി. കൊട്ടാരം സ്വാമി ആതുരദാസിന്റെ ട്രസ്റ്റിന് കൈമാറി തുടർന്ന് ഇവർ സ്വകാര്യ വ്യക്തിക്ക് കൊട്ടാരവും വസ്തുവും വിൽപന നടത്തി. ചരിത്ര സ്മാരകമായി സംരക്ഷിക്കേണ്ട കൊട്ടാരം ഇപ്പോൾ നാശത്തിന്റെ വക്കിലാണ്. മേൽക്കൂരകളുടെ വക്കുകൾ തകർന്നു തുടങ്ങി. കാട്ടുചെടികൾ വളർന്ന് ഭിത്തിയും തകരുന്നു. കൊട്ടാരവും 14 ഏക്കർ സ്ഥലവും സർക്കാർ ഏറ്റെടുത്ത് ചരിത്ര സ്മാരകമായി സംരക്ഷിക്കണമെന്ന ആവശ്യവും നടപ്പാകുന്നില്ല.
സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷൻ
ഇവിടെ 2001ൽ ഷൂട്ട് ചെയ്ത ‘ഇന്ദ്രിയം’ എന്ന സിനിമ വിജയിച്ചതോടെ മറ്റു സിനിമകളും ഇവിടെ ചിത്രീകരിച്ചു. മലയാളം, തമിഴ്, കന്നഡ ഭാഷകളിലുള്ള 15ൽപരം ചിത്രങ്ങൾക്ക് കൊട്ടാരം ലൊക്കേഷനായി. ലൂസിഫർ ചിത്രവും ഇവിടെ ചിത്രികരിച്ചിരുന്നു.
രഹസ്യ തുരങ്കങ്ങൾ
അടിയന്തര അവസരങ്ങളിൽ രക്ഷപ്പെടാൻ കൊട്ടാരത്തിനുള്ളിൽ തുരങ്കങ്ങൾ ഉണ്ടായിരുന്നു. കിലോമീറ്റർ നീളമുള്ള ഒരു തുരങ്കം മുറിഞ്ഞപുഴക്ക് സമീപം അമൃത് മേടിന് അടിവാരത്തിൽ എത്തുന്ന രീതിയിലും തീർത്തിരുന്നു. ഇതുവഴി മുണ്ടക്കയത്ത് എത്താൻ കുറഞ്ഞ ദൂരം മാത്രം. കൊട്ടാരം നിർമിക്കുമ്പോൾ മൊട്ടക്കുന്നായിരുന്ന ചെറിയ മലനിരകൾ ഇപ്പോൾ വനമാണ്. 1989ൽ സാമൂഹിക വനവത്കരണത്തിന്റെ ഭാഗമായി വൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ചതോടെ കൊട്ടാരത്തിന് ചുറ്റും വനമായി.
കൊട്ടാരത്തിലേക്കുള്ള വഴി
ദേശീയപാത 183ൽ കുട്ടിക്കാനം ജങ്ഷന് സമീപം 200 മീറ്റർ ദൂരത്തിൽനിന്ന് കുട്ടിക്കാനം-പീലിക്കുന്ന് തങ്ങൾ ഖബറിടം റോഡിൽ 500 മീറ്റർ സഞ്ചരിച്ചാൽ അമ്മച്ചിക്കൊട്ടാരത്തിലെത്താം. നിരവധി പേരാണ് ഇന്നും കൊട്ടാരം സന്ദർശിച്ച് മടങ്ങുന്നത്. വാഗമൺ, പരുന്തുംപാറ, പാഞ്ചാലിമേട് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രത്തിൽ എത്തുന്നവരും കൊട്ടാരം സന്ദർശിക്കാൻ എത്തുന്നു. കൊട്ടാരം വാങ്ങിയ കമ്പനിയുടെ കാവൽക്കാരൻ മാത്രമാണ് ഇപ്പോൾ ഇവിടെയുള്ളത്.
അമ്മച്ചിക്കൊട്ടാരം എന്ന പേര്
തിരുവിതാംകൂർ രാജഭരണത്തിൽ രാജാവിനു ശേഷം റാണി പദവി സഹോദരിക്കായിരുന്നു. രാജാവിന്റെ ഭാര്യക്ക് അമ്മച്ചി പദവിയും. അമ്മച്ചി താമസിച്ചിരുന്ന കൊട്ടാരമായതിനാൽ അമ്മച്ചിക്കൊട്ടാരം എന്ന പദവി ലഭിച്ചു. വേനൽക്കാലത്ത് വിശ്രമത്തിന് രാജാവും കുടുംബാംഗങ്ങളും ഇവിടേക്ക് എത്തിയിരുന്നു.
ഭരണനിർവഹണത്തിനുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയതായിരുന്നു അമ്മച്ചിക്കൊട്ടാരം. നാലുകെട്ടും നടുമുറ്റവുമുള്ള പുരാതന രീതിയിലെ നിർമിതിയാണ് ഇതിന്. ജെ.ഡി. മൺറോ നിർമിച്ചതിനാൽ നിർമാണത്തിൽ യൂറോപ്യൻ രീതിയും ഉൾപ്പെട്ടു. ദർബാർ ഹാളിൽ യൂറോപ്യൻ രാജ്യങ്ങളിലുണ്ടായിരുന്ന ഭിത്തിയോട് ചേർന്ന ചിമ്മിനി (ഫയർപ്ലേസ്) സിറാമിക്കിൽ നിർമിച്ച വാഷ്ബേസൻ, ഡ്രെയ്നേജ് സൗകര്യങ്ങൾ എല്ലാമുണ്ട് കരിങ്കല്ലിൽ നിർമിച്ച കൂറ്റൻ കെട്ടിട സമുച്ചയത്തിൽ. ദർബാർ ഹാൾ, രാജാവിനും ഭാര്യക്കുമുള്ള മുറികൾ, ഭക്ഷണമുറി, സേവകർക്കുള്ള മുറികൾ, അടുക്കള ഇവയുടെ എല്ലാം വാതിലുകൾ നടുമുറ്റത്തിന് അഭിമുഖമാണ്. കുളവും പൂന്തോട്ടവും കൊട്ടാരത്തിന് സമീപത്തുണ്ടായിരുന്നു. കൊട്ടാരത്തിൽനിന്ന് 200 മീറ്റർ മാറി കുതിരലയവും 400 മീറ്റർ അകലത്തിൽ മന്ത്രിയുടെ കൊട്ടാരവും. ഇത് തമ്പി കൊട്ടാരം എന്ന് അറിയപ്പെട്ടിരുന്നു.
വൈകുന്നേരങ്ങളിൽ കാറ്റുകൊള്ളാൻ രാജകുടുംബാംഗങ്ങൾ കരണ്ടകപ്പാറ മലയിൽ എത്തിയിരുന്നു. ഇപ്പോൾ കെ.എ.പി 15 ബറ്റാലിയന്റെ ആസ്ഥാനമാണ്. ഇവിടെ എത്താൻ കെ.കെ റോഡിൽനിന്ന് ഐ.എച്ച്.ആർ.ഡി സ്കൂളിന് മുന്നിലുള്ള വഴി അന്നത്തെ കുതിരവണ്ടികൾക്ക് സഞ്ചരിക്കാനുള്ളതായിരുന്നു.
കരണ്ടകപ്പാറയിൽ കല്ലിൽ നിർമിച്ച ഇരിപ്പിടവും മലയുടെ മുകളിൽ വറ്റാത്ത കിണറും ഉണ്ടായിരുന്നു. ഇരിപ്പടത്തിൽ ഇരുന്നാൽ കടൽക്കാറ്റും ആലപ്പുഴയിലെ ലൈറ്റ് ഹൗസും രാത്രിയിൽ കാണാമായിരുന്നു. കൊട്ടാരത്തിൽ ഗണപതിയുടെ വിഗ്രഹം ആരാധിച്ചിരുന്നു. രാജഭരണം അവസാനിക്കുന്ന കാലത്ത് ഈ വിഗ്രഹം പീരുമേട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.