പാരമ്പര്യത്തനിമയിൽ പൈതൃകം നഗരി
text_fieldsവികസനപാതയില്‍ അതിവേഗം വളരുന്ന അജ്മാന് എമിറേറ്റിന്റെ പൈതൃകം നിലനിര്‍ത്തുന്നത് ലക്ഷ്യമിട്ട് നടപ്പിലാക്കിയ പദ്ധതിയാണ് പൈതൃകം നഗരി. അജ്മാന് വിനോദ സഞ്ചാര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ രണ്ടരക്കോടി ദിര്‍ഹം ചിലവിട്ട് നിര്‍മ്മിച്ച ഈ നഗരി അജ്മാന് എമിറേറ്റിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണ കേന്ദ്രമാണ്. വിനോദസഞ്ചാര, നിക്ഷേപ ലക്ഷ്യസ്ഥാനങ്ങളിലൊന്നായ അജ്മാന്റെ ഹൃദയഭാഗത്തുള്ള ചരിത്രപരവും സാംസ്കാരികവുമായ പ്രത്യേകതകൾ ഉള്‍ക്കൊള്ളുന്നതാണ് ഈ കേന്ദ്രം. അറേബ്യന്‍ ഗള്‍ഫിലെ ഏറ്റവും പുരാതന കെട്ടിടമായ അജ്മാന് മ്യൂസിയം കൂടി ഉള്‍പ്പെടുന്നതാണ് പദ്ധതി പ്രദേശം.
സംസ്കാരവും സമ്പദ്വ്യവസ്ഥയും സമന്വയിപ്പിച്ചുള്ള പൈതൃക കച്ചവട കേന്ദ്രമായ സാലഹ് അങ്ങാടി, വിശാലമായ സിനിമാ കോംപ്ലക്സ്, വ്യാപാര കേന്ദ്രങ്ങള്‍, ഭോജന ശാലകള്‍ തുടങ്ങിയവ അടങ്ങുന്ന പദ്ധതി. അജ്മാന്റെ പാരമ്പര്യ മൂല്യങ്ങള്‍ ഉയർത്തിക്കാട്ടുന്നതിനും അവ വരുംതലമുറക്ക് പകര്‍ന്ന് നല്‍കുന്നതിനും ലക്ഷ്യംവെച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചിരിക്കുന്നത്. പണി പൂര്‍ത്തിയാകുന്ന ഈ പദ്ധതി അജ്മാന് വിനോദ സഞ്ചാരത്തിന് ഏറെ മുതല്‍കൂട്ടാകും.
വിനോദ സഞ്ചാരികള്‍ക്ക് ആകർഷകമാകുന്ന തരത്തിലാണ് പദ്ധതിയുടെ രൂപകൽപന നിർവഹിച്ചിരിക്കുന്നത്. വിനോദ സഞ്ചാരികള്‍ക്ക് പുതിയ അനുഭവമായിരിക്കും ഈ നഗരി. പുരാതന ചരിത്രം, ആധികാരിക നാഗരികത, എമിറേറ്റിന്റെ ഭൂതകാലം, പൂർവിക സ്മരണകൾ, നേട്ടങ്ങൾ എന്നിവ തേടുന്നവരുടെ ലക്ഷ്യസ്ഥാനമായി ഈ നഗരി മാറും. പ്രകൃതി ശാന്തത, അനുയോജ്യമായ സേവനങ്ങൾ എന്നിവ ലഭ്യമാകുന്ന ഇവിടം കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാന്‍ കഴിയുന്ന കേന്ദ്രമാണ്. വിവിധ തരത്തിലുള്ള നിരവധി സ്റ്റോറുകൾ, കഫെകൾ, പുരാതന വസ്തുക്കളുടെ വിൽപന കേന്ദ്രങ്ങള്‍, സുഗന്ധ ദ്രവ്യ വ്യാപാര കേന്ദ്രങ്ങള്‍ എന്നിവ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
പദ്ധതിയിലെ പഴയ വേലി, കവി തെരുവ്, അൽ മിസാൻ ശിൽപം, പുരാതന പാതകൾ, പുരാതന മരങ്ങൾ, പാരമ്പര്യ, പുരാതന വസ്തുക്കൾ, ബോട്ടുകൾ എന്നിവയും ഇവിടെ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. അജ്മാന് എമിറേറ്റുമായി ബന്ധപ്പെട്ട കലാ, സാംസ്കാരിക രംഗങ്ങളുമായി ബന്ധപ്പെട്ട നിരവധി പരിപാടികളും ഈ പൈതൃക നഗരിയോടനുബന്ധിച്ചാണ് അരങ്ങേറുന്നത്. അജ്മാന് ബീച്ച് മുതല്‍ പൈതൃക നഗരി വരെ പ്രത്യേകമായ നടപ്പാതയും ഇതിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ഇതിനോടനുബന്ധിച്ച് അജ്മാന് മ്യുസിയം പുതുമകളോടെ അടുത്തിടെ പണി പൂര്‍ത്തിയാക്കിയിട്ടുമുണ്ട്. അജ്മാനിലെത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ് അജ്മാന് മ്യുസിയം.

