ഭിന്നശേഷിക്കാർക്ക് വിമാനയാത്ര നിഷേധിക്കാൻ ഡോക്ടറുടെ നിർദേശം നിർബന്ധം -ഡി.ജി.സി.എ
text_fieldsന്യൂഡൽഹി: വിമാനയാത്രക്കിടെ ഭിന്നശേഷിക്കാരനായ ആളുടെ ആരോഗ്യം മോശമാകാനിടയുണ്ടെന്ന് വിമാന കമ്പനികൾക്ക് തോന്നുന്നുവെങ്കിൽ, ഈ കാര്യം വിമാനത്താവളത്തിലെ ഡോക്ടറുമായി ചർച്ചചെയ്ത് അയാളെ വിമാനത്തിൽ കയറ്റണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാം.
സ്വന്തം നിലക്കുള്ള തീരുമാനം പാടില്ല. വിമാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മാനദണ്ഡം നിശ്ചയിക്കുന്ന 'ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ' (ഡി.ജി.സി.എ) ആണ് ഇക്കാര്യം അറിയിച്ചത്. യാത്ര നിഷേധിക്കുകയാണെങ്കിൽ അക്കാര്യം ഉടൻ യാത്രക്കാരനെ രേഖാമൂലം അറിയിക്കണം. അതിൽ കാരണവും വ്യക്തമാക്കണം.
മേയ് ഏഴിന് റാഞ്ചി വിമാനത്താവളത്തിൽ ഭിന്നശേഷിക്കാരനായ ആൺകുട്ടിക്ക് 'ഇൻഡിഗോ' അധികൃതർ യാത്ര നിഷേധിച്ചിരുന്നു. തുടർന്ന് ഡി.ജി.സി.എ വിമാനക്കമ്പനിക്ക് അഞ്ചു ലക്ഷം രൂപ പിഴ ചുമത്തി. ഇതിനുശേഷമാണ് പുതിയ നിർദേശം വന്നത്. കുട്ടിക്ക് വിമാനത്തിൽ കയറാൻ പേടിയായിരുന്നു എന്നാണ് വിമാനക്കമ്പനി അറിയിച്ചത്. പുതിയ നിർദേശത്തിൽ ഭിന്നശേഷിക്കാരാണ് എന്ന കാരണം കൊണ്ട് വിമാനത്തിൽ അവരെ വിലക്കരുതെന്ന് കൃത്യമായി പറയുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

