അബൂദബിയിൽ നിന്ന് ജപ്പാനിലേക്ക്; സാഹസിക റോഡ് യാത്ര പൂർത്തിയാക്കി സ്വദേശി യുവാക്കൾ
text_fieldsയാത്രക്കിടെ ചൈനീസ് വൻമതിലിൽ യു.എ.ഇ പതാകയുമായി സുൽത്താൻ അൽ നഹ്ദിയും സഈദ് അൽ തിനൈജിയും. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്
അബൂദബി: ഇമാറാത്തിന്‍റെ ഹൃദയഭൂമിയായ അബൂദബിയിൽ നിന്ന് ജപ്പാനിലേക്കൊരു റോഡ് യാത്ര!. ഒരുപക്ഷേ ആരുമിതുവരെ പരീക്ഷിക്കാത്ത വഴികളിലൂടെ സഞ്ചരിച്ച് ഇതിഹാസം തീർത്തിരിക്കുകയാണ് രണ്ട് ഇമറാത്തികൾ. സുൽത്താൻ അൽ നഹ്ദി എന്ന 29കാരനും സഈദ് അൽ തിനൈജി എന്ന 30കാരനുമാണ് 65 ദിവസത്തെ യാത്രയിലൂടെ ജപ്പാനിൽ എത്തിച്ചേർന്നത്.
മേയ് 25ന് ആരംഭിച്ച യാത്രയിൽ സൗദി അറേബ്യ, കുവൈത്ത്, ഇറാഖ്, തുർക്കി, ജോർജിയ, റഷ്യ, കസാക്കിസ്ഥാൻ, ഉസ്ബൈക്കിസ്ഥാൻ, കിർഗിസ്ഥാൻ, മംഗോളിയ, ചൈന എന്നിങ്ങനെ 10 രാജ്യങ്ങൾ പിന്നിട്ടാണ് ജപ്പാനിൽ എത്തിച്ചേർന്നത്. രണ്ടുപേരും ഇക്കാലയളവിൽ 21,000 കി.മീറ്റർ ദൂരമാണ് കടന്നുപോയത്. നഗരങ്ങളും ഗ്രാമങ്ങളും മരുഭൂമിയും ഹരിതാഭമായ ഭൂപ്രദേശങ്ങളുമെല്ലാം കടന്നാണ് യാത്ര. ഓറഞ്ച് നിറത്തിലുള്ള ടൊയോട്ട ലാൻഡ് ക്രൂസർ പിക് അപ്പ് ട്രക്കിലാണ് സുൽത്താൻ അൽ നഹ്ദി യാത്ര ചെയ്തത്. നിസാൻ പട്രോൾ എസ്.യുവിലായിരുന്നു സഈദ് അൽ തിനൈജിയുടെ യാത്ര. കടന്നുപോയ രാജ്യങ്ങളിലെ കാഴ്ചകൾ ഇവർ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി പങ്കുവെക്കുകയും ചെയ്തിരുന്നു.
വ്യത്യസ്ത സംസ്കാരങ്ങളും ഭൂപ്രകൃതിയും ദേശീയതകളെയും അനുഭവിക്കാനും നേരിൽകാണാനുമായിരുന്നു യാത്രയെന്ന് ഇരുവരും ‘ദ നാഷനലി’നോട് പറഞ്ഞു. ജപ്പാനിൽ യു.എ.ഇ അംബാസഡർ ശിഹാബ് അൽ ഫഹീം ഇരുവർക്കും ഊഷ്മളമായ സ്വീകരണം ഒരുക്കിയിരുന്നു. ജപ്പാനിൽനിന്ന് തിരികെയെത്തിയ ഇരുവരും അടുത്ത വർഷം വീണ്ടും അമേരിക്കയിലേക്കോ ആസ്ട്രേലിയയിലേക്കോ സൈബീരിയയിലേക്കോ യാത്രക്ക് ആലോചിച്ചു വരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

