നിരത്തൊഴിഞ്ഞത് 5,336 സ്വകാര്യ ബസുകൾ; തകർച്ചയുടെ തുടർച്ച അക്കമിട്ട് വിദഗ്ധ സമിതി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലയുടെ തകർച്ച കോവിഡിനുമുമ്പേ തുടങ്ങിയതാണെന്നും കാൽനൂറ്റാണ്ടായി തുടരുന്ന തകർച്ചയുടെ സ്വാഭാവിക തുടർച്ചയാണ് ഇപ്പോഴത്തേതെന്നും സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട്. പ്രിയദർശിനി സർവിസുകൾ സ്വകാര്യ ബസ് മേഖലയുടെ പ്രതിസന്ധിക്ക് നേർക്കുനേർ കാരണമായില്ലെന്നും, എന്നാൽ ചില മേഖലകളിൽ വരുമാനം കുറച്ചെന്നും കെ. പത്മകുമാർ കമ്മിറ്റി റിപ്പോർട്ട് വ്യക്തമാക്കുന്നു.
2001ൽ കേരളത്തിൽ പെർമിറ്റോടെ സർവിസ് നടത്തിയത് 19,018 സ്വകാര്യ ബസുകളായിരുന്നു. എന്നാൽ, 2026 മേയിലെ കണക്കനുസരിച്ച് ഇത് 13,682 ആയി ചുരുങ്ങി. 25 വർഷത്തിനിടയിൽ 5,336 ബസുകളാണ് കേരളത്തിലെ പൊതുഗതാഗത ശൃംഖലയിൽനിന്ന് ഇല്ലാതായത്. ഇക്കാലയളവിൽ ബസുകളുടെ ആകെ എണ്ണത്തിന്റെ 28.06 ശതമാനം ഇടിവുണ്ടായി.
കാൽനൂറ്റാണ്ടിനിടെ ഒരുവർഷം പോലും സ്വകാര്യ ബസുകളുടെ എണ്ണത്തിൽ വർധനവുണ്ടായില്ല. ഈ തകർച്ച 2018നുശേഷം കൂടുതൽ വേഗത്തിലാവുകയും, 2020നു ശേഷമുള്ള കോവിഡാനന്തര കാലത്ത് വളരെ തീവ്രമാവുകയും ചെയ്തായി റിപ്പോർട്ട് അടിവരയിടുന്നു.
2020ന് ശേഷമുള്ള കാലഘട്ടത്തിൽ ബസുകളുടെ എണ്ണത്തിലുണ്ടായ കുറവിനെ വിദഗ്ധ സമിതി മൂന്നു ഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്. കോവിഡ് കാലത്തെ കനത്ത തകർച്ച (2020-2022)യാണ് ഇതിലൊന്ന്. 2020ലെ ബസുകളുടെ വാർഷിക കുറവ് 0.18 ശതമാനം മാത്രമായിരുന്നു. എന്നാൽ, 2021ലെ വാർഷിക കുറവ് 4.21 ശതമാനവും 2022ൽ 4.19 ശതമാനവുമായി. 2020-ൽ 16,432 ആയിരുന്ന ബസുകൾ 2022 ആയപ്പോഴേക്കും 15,082 ആയി കുറഞ്ഞു.
ലോക്ഡൗൺ നിയന്ത്രണങ്ങൾ, സർവിസ് തടസ്സങ്ങൾ, യാത്രക്കാരുടെ കുറവ്, കനത്ത സാമ്പത്തിക പ്രതിസന്ധി എന്നിവയാണ് ബസ് വ്യവസായത്തെ തകർത്തത്. ഡീസൽ, ലൂബ്രിക്കന്റുകൾ എന്നിവയുടെ നിരന്തര വിലക്കയറ്റം, ടയർ, സ്പെയർ പാർട്സ് എന്നിവയുടെ ഉയർന്ന ചെലവ്, ജീവനക്കാരുടെ വേതന വർധന എന്നിവയാണ് പ്രതിസന്ധിയിലാക്കിയത്.
മറുഭാഗത്ത് വലിയ തുക വരുന്ന മോട്ടോർ വാഹന നികുതി, വർഷാവർഷം വർധിക്കുന്ന ഇൻഷുറൻസ് പ്രീമിയം, മോട്ടോർ തൊഴിലാളി ക്ഷേമനിധി വിഹിതം, പെർമിറ്റ് പുതുക്കൽ, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഫീസ് എന്നിവ വലിയ സാമ്പത്തിക ബാധ്യതയാകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

