സുരക്ഷിത വിമാനങ്ങളുടെ പുതിയ പട്ടിക; ഇന്ത്യയിൽനിന്ന് ഒരു കമ്പനി മാത്രം! ആശങ്കയോടെ യാത്രക്കാർ
text_fieldsവിമാന അപകടങ്ങൾ ലോകത്തെ നടുക്കുന്ന പശ്ചാത്തലത്തിൽ, യാത്രക്കാർക്ക് വഴികാട്ടിയായി ലോകത്തെ ഏറ്റവും സുരക്ഷിതമായ വിമാനക്കമ്പനികളുടെ പുതിയ പട്ടിക പുറത്തിറങ്ങി. പ്രമുഖ ഏവിയേഷൻ റേറ്റിങ് വെബ്‌സൈറ്റായ എയർലൈൻറേറ്റിങ്സ്.കോം ആണ് 2025ലെ ഏറ്റവും സുരക്ഷിതമായ 25 വിമാനക്കമ്പനികളുടെ പട്ടിക പുറത്തുവിട്ടത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വമ്പൻ വിമാനക്കമ്പനികൾ പലതും പട്ടികയിൽ പിന്നിലായപ്പോൾ ആഗോളതലത്തിൽ 'എയർ ന്യൂസിലൻഡ്' ആണ് ലോകത്തെ ഏറ്റവും സുരക്ഷിതമായ വിമാനക്കമ്പനിയായി തിരഞ്ഞെടുക്കപ്പെട്ടത്.
തുടർച്ചയായ രണ്ടാം വർഷമാണ് എയർ ന്യൂസിലൻഡ് ഈ നേട്ടം സ്വന്തമാക്കുന്നത്. വിമാനങ്ങളുടെ പഴക്കം, കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലുണ്ടായ അപകടങ്ങൾ, പൈലറ്റുമാരുടെ പരിശീലനം തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തിയാണ് റേറ്റിങ് നൽകിയിരിക്കുന്നത്. ആസ്‌ട്രേലിയൻ കമ്പനിയായ ക്വാണ്ടാസ് രണ്ടാം സ്ഥാനത്തെത്തിയപ്പോൾ കാഥേ പസിഫിക്, എമിറേറ്റ്സ്, ഖത്തർ എയർവേസ് എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു. മലയാളി പ്രവാസികൾക്ക് ആശ്വാസമായി ഗൾഫ് മേഖലയിൽ നിന്നുള്ള എമിറേറ്റ്‌സ്, ഖത്തർ എയർവേസ്, ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ തുടങ്ങിയ കമ്പനികളെല്ലാം സുരക്ഷിതരുടെ പട്ടികയിൽ മുൻപന്തിയിലുണ്ട്.
യൂറോപ്പിലെ ഏറ്റവും സുരക്ഷിതമായ വിമാനക്കമ്പനിയായി ടർക്കിഷ് എയർലൈൻസ് തിരഞ്ഞെടുക്കപ്പെട്ടു. ജാപ്പനീസ് കമ്പനിയായ എ.എൻ.എ, കൊറിയൻ എയർ എന്നിവയും ആദ്യ പത്തിൽ ഇടംപിടിച്ചു. ചുരുങ്ങിയ ചിലവിൽ യാത്രയൊരുക്കുന്ന ബജറ്റ് എയർലൈനുകളുടെ പട്ടികയിൽ ഹോങ്കോങ് എക്സ്പ്രസ് ആണ് ഒന്നാമത്. ജെറ്റ് സ്റ്റാർ ഗ്രൂപ്, റയൻ എയർ എന്നിവയാണ് തൊട്ടുപിന്നിൽ. ഇന്ത്യയിൽ നിന്നുള്ള വിമാനക്കമ്പനിയായ ഇൻഡിഗോ സുരക്ഷിതമായ 25 ബജറ്റ് എയർലൈനുകളുടെ പട്ടികയിൽ 19-ാം സ്ഥാനം നേടി എന്നത് ശ്രദ്ധേയമാണ്.
യാത്രക്കാർക്ക് ഏറ്റവും വിശ്വസിക്കാവുന്ന വിമാനങ്ങളുടെ പട്ടികയും റിപ്പോർട്ടിലുണ്ട്. ഇതുവരെ ഒരു അപകടമരണങ്ങൾ പോലും റിപ്പോർട്ട് ചെയ്യാത്ത എയർബസ് എ380 ആണ് ലോകത്തെ ഏറ്റവും സുരക്ഷിതമായ വിമാനമായി തുടരുന്നത്. ബോയിങ് 717, ബോയിങ് 787 ഡ്രീംലൈനർ എന്നിവയും സുരക്ഷിതമായ വിമാനങ്ങളുടെ പട്ടികയിൽ മുൻപന്തിയിലുണ്ട്. വിമാനങ്ങളുടെ മെയിന്റനൻസ്, അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ പാലിക്കുന്നതിൽ വീഴ്ച വരുത്താത്ത കമ്പനികളാണ് ഈ പട്ടികയിൽ ഇടംപിടിച്ചത്. സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വിലക്കേർപ്പെടുത്തിയ കമ്പനികളുടെ പട്ടികയും പുറത്തുവിട്ടു. നേപ്പാൾ, അഫ്ഗാനിസ്താൻ, റഷ്യ, ഇറാൻ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിലെ നൂറിലധികം വിമാനക്കമ്പനികൾക്കാണ് നിലവിൽ സുരക്ഷാ കാരണങ്ങളാൽ വിവിധ രാജ്യങ്ങളിൽ വിലക്കുള്ളത്.
ഏറ്റവും സുരക്ഷിതമായ വിമാനക്കമ്പനികൾ:
1. എയർ ന്യൂസിലൻഡ്
2. ക്വാണ്ടാസ്
3. കാഥേ പസിഫിക്
4. എമിറേറ്റ്സ്
5. ഖത്തർ എയർവേസ്
6. വിർജിൻ ആസ്‌ട്രേലിയ
7. ഇത്തിഹാദ് എയർവേസ്
8. എ.എൻ.എ
9. ഇവ എയർ
10. കൊറിയൻ എയർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

