വൻ ടൂറിസം പദ്ധതിക്ക് മൂവാറ്റുപുഴ ഒരുങ്ങുന്നു
text_fieldsറിവർ ടൂറിസം പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്യുന്ന
മേൽപാലം
മൂവാറ്റുപുഴ: റിവർ ടൂറിസത്തിന്റ അനന്തസാധ്യത മുന്നിൽ കണ്ട് വൻ ടൂറിസം പദ്ധതി നടപ്പാക്കാനൊരുങ്ങി മൂവാറ്റുപുഴ നഗരസഭ. മൂവാറ്റുപുഴയാറ്റിലെ ഇരുകരയെയും ബന്ധിപ്പിച്ച് ലത ഡ്രീംലാൻഡ് പാർക്കിനുസമീപം തൂക്കുപാലം നിർമിക്കുന്നതുൾപ്പെടെ വൻ പദ്ധതികളാണ് നടപ്പാക്കുക.
മൂവാറ്റുപുഴ ആറിന്റ തീരത്തെ ഡ്രീംലാൻഡ് പാർക്കും പുഴയും നെഹ്റു പാർക്കിലെ ചിൽഡ്രൻസ് പാർക്കും ബന്ധിപ്പിച്ച് പുഴയോര നടപ്പാതയും ബോട്ട് സർവിസുമുൾപ്പെടെയാണ് നടപ്പാക്കുക. 20 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി നടപ്പാകുന്നതോടെ ഹൈറേഞ്ചിന്റെ പ്രവേശന കവാടമായ മൂവാറ്റുപുഴ വിനോദസഞ്ചാരികളുടെ ഇടത്താവളമായി മാറും.
നഗര ഹൃദയഭാഗത്താണ് ഡ്രീംലാൻഡ് പാർക്ക്. പാർക്ക് നവീകരിച്ച് പുതിയ പദ്ധതികൾ ആരംഭിക്കുകയാണ് ലക്ഷ്യം. ഡ്രീംലാൻഡ് പാർക്കിനെ രണ്ടായി തിരിച്ച് ഒരുഭാഗത്ത് വിനോദസഞ്ചാരികൾക്ക് താമസിക്കാനും വിശ്രമിക്കാനുമുള്ള പാർപ്പിട സമുച്ചയങ്ങളും മറുഭാഗത്ത് പുഴയോട് ചേർന്ന് പുതിയ റൈഡുകൾ, ബോട്ടിങ്, കയാക്കിങ്, തൂക്കുപാലം, ഗ്ലാസ് പാലം, സീപ്ലെയിൻ എന്നിവയും നിർമിക്കാനാണ് ലക്ഷ്യമിടുന്നത്.
ഇവിടെനിന്ന് നിലവിലുള്ള പുഴയോര നടപ്പാത നെഹ്റു ചിൽഡ്രൻസ് പാർക്ക് വരെ ദീർഘിപ്പിക്കും. ഡ്രീംലാൻഡ് പാർക്കിൽനിന്ന് പുഴയിലേക്ക് ഇറങ്ങാൻ ജെട്ടിയും ഇരുകരയെയും ബന്ധിച്ച് തൂക്കുപാലവും നിർമിക്കും.മൂവാറ്റുപുഴ പാർക്കിനെ സ്വാഭാവിക പാർക്ക് എന്ന രീതിയിൽ നിലനിർത്തുന്നതാണ് രണ്ടാം ഭാഗത്തെ പദ്ധതികൾ. നിലവിൽ ഇവിടെ സ്ഥാപിച്ചിരിക്കുന്ന കുട്ടികളുടെ വിനോദ ഉപകരണങ്ങൾക്ക് പുറമെ 60 മീറ്റർ നീളം വരുന്ന ഗ്ലാസ് പാലം നിർമിക്കും.
മറ്റൊന്ന് തുടക്ക ഭാഗത്തുനിന്ന് ആരംഭിച്ച് പുഴയോട് ചേർന്നുള്ള ഭാഗത്ത് അവസാനിക്കുകയും അവിടെനിന്ന് പുഴയുടെ മധ്യഭാഗത്ത് എത്തിച്ചേരുകയും ചെയ്യുന്ന തരത്തിൽ സീപ്ലെയിൻ നിർമിക്കും. പുഴ തീരത്ത് വ്യത്യസ്തമായ ഉയരത്തിൽ രണ്ട് ബോട്ട്ജെട്ടികൾ നിർമിച്ച് ഒരുഭാഗം കയാക്കിങ്, റിവര്‍ റാഫിറ്റിങ്, മെഷീൻ ബോട്ട് എന്നിവയുടെ സഹായത്തോടെ മൂവാറ്റുപുഴയെ വിനോദസഞ്ചാര ഭൂപടത്തിൽ സ്ഥാനം നൽകാൻ കഴിയും.
പാര്‍ക്ക്-പുഴയോരം പദ്ധതി പ്രദേശം ഉന്നതതല സംഘം സന്ദര്‍ശിച്ചു
മൂവാറ്റുപുഴ: നഗരസഭ നടപ്പാക്കാനൊരുങ്ങുന്ന പാര്‍ക്ക്-പുഴയോരം വിനോദസഞ്ചാര പദ്ധതിപ്രദേശം ടൂറിസം ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ ഉന്നതതല സംഘം സന്ദര്‍ശിച്ചു. 20 കോടി രൂപ ചെലവു വരുന്ന പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മാർച്ചിൽ നഗരസഭ ചെയര്മാന് പി.പി. എല്‍ദോസ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നല്‍കിയിരുന്നു.
മന്ത്രിയുടെ നിര്‍ദേശപ്രകാരം സംസ്ഥാന ടൂറിസം ഡയറക്ടറുടെ ആവശ്യപ്രകാരമാണ് ഡെപ്യൂട്ടി ഡയറക്ടര്‍ സത്യജിത് ശങ്കര്‍, പ്രോജക്ട് എൻജിനീയര്‍ അരുണ്‍ ജോസ് എന്നിവര്‍ മൂവാറ്റുപുഴ ഡ്രീം ലാന്‍ഡ് പാര്‍ക്കും പുഴയോരവും സന്ദര്‍ശിച്ചത്. പദ്ധതി നടത്തിപ്പിന് പ്രദേശം അനുകൂലമെന്ന് വിലയിരുത്തിയ സംഘം വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കി ടൂറിസം ഡയറക്ടര്‍ക്ക് ഉടന്‍ സമര്‍പ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

