Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightപോകാം, അവധിക്കാല...

പോകാം, അവധിക്കാല യാത്ര; കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ

text_fields
bookmark_border
പോകാം, അവധിക്കാല യാത്ര; കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ
cancel

കോട്ടയം: വേനൽമഴ സജീവമായി അത്യുഷ്ണത്തിന് അയവ് വന്നതോടെ കൊടുംചൂടിൽ ഉരുകിപ്പോയ അവധിക്കാല യാത്രകൾക്കു വീണ്ടും തിരക്കേറുന്നു. ഏപ്രിലിലെ വിഷു, ഈസ്റ്റർ അവധി ദിനങ്ങളിലാണ് സാധാരണ അവധി വിനോദയാത്രകളുടെ പ്രൈം ടൈമെങ്കിലും ചുട്ടുപൊള്ളിച്ച ചൂടിലും പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുള്ള യാത്ര അനിശ്ചിതത്വത്തിലും താളം തെറ്റുകയായിരുന്നു.

വിദേശ സഞ്ചാരികളുടെയും പ്രവാസി കുടുംബങ്ങളുടെ വേനൽ അവധിക്കാല ഉല്ലാസയാത്ര ഇറാനിലെ അമേരിക്കൻ ആക്രമണത്തെ തുടർന്ന് ഏതാണ്ട് പൂർണമായും നിലച്ചിരുന്നു. മടക്കയാത്രയിലെ അനിശ്ചിതത്വവും വിമാനക്കൂലി റോക്കറ്റ് പോലെ കുതിച്ചതും സുരക്ഷ പ്രശ്നങ്ങളുമൊക്കെ ഇതിനു കാരണമായിരുന്നു. വൻ ഇടിവുണ്ടായില്ലെങ്കിലും അസഹ്യമായ കൊടുംചൂട് ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിലും ഇടിവുണ്ടാക്കിയത് ടൂറിസം മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ആയിരക്കണക്കിനു കുടുംബങ്ങളെ പ്രതിസന്ധിയിലാക്കിയിരുന്നു.

ചൂട് കുറയുകയും പശ്ചിമേഷ്യൻ സംഘർഷം അയയുകയും ചെയ്തതോടെ അവധിയാത്ര വീണ്ടും സജീവമായിട്ടുണ്ട്. മൂന്നാർ, ഊട്ടി, മൈസൂർ, കൊടൈക്കനാൽ, കുടക്, കന്യാകുമാരി, ഹംപി തുടങ്ങിയ വൻ ടൂറിസ്റ്റ് സങ്കേതങ്ങൾക്കു പുറമെ ഒറ്റദിവസംകൊണ്ട് പോയിവരാവുന്ന മനോഹര യാത്രകൾക്കും പ്രിയമേറിയിട്ടുണ്ട്. സ്കൂളുകൾ തുറക്കാൻ മൂന്നാഴ്ച മാത്രം ബാക്കിയുള്ളതിനാൽ പലരും ചെറു യാത്രകൾക്കു മുൻഗണന നൽകുന്നുമുണ്ട്. എന്നും മനസ്സിൽ തങ്ങിനിൽക്കുന്ന അവിസ്മരണീയ യാത്രകൾക്കു പറ്റിയ ഒട്ടേറെ കേന്ദ്രങ്ങളാണ് കോട്ടയത്തിനു ചുറ്റുവട്ടത്തുമുള്ളത്.

സീ കുട്ടനാട് ബോട്ട് യാത്ര

ആർത്തുരസിക്കാൻ കടൽയാത്ര

കേരള ഉൾനാടൻ ജലഗതാഗത കോർപറേഷൻ സംഘടിപ്പിക്കുന്ന കപ്പൽയാത്രക്ക് സംസ്ഥാനമെമ്പാടും നിന്ന് സഞ്ചാരികൾ ഒഴുകിയെത്തുന്നുണ്ട്. നെഫർറ്റിറ്റി, സാഗരരാണി, സൂര്യാംശു അസ്തമയ യാത്ര എന്നീ കപ്പൽ യാത്രകൾക്കൊപ്പം സൂര്യാംശു പിഴല കായൽ യാത്രയും കോർപറേഷൻ ഒരുക്കുന്നുണ്ട്. താരതമ്യേന ആഡംബര കപ്പൽ എന്നു വിശേഷിപ്പിക്കാവുന്ന നെഫർറ്റിറ്റി രാവിലെയും രാത്രിയും യാത്ര നടത്തുന്നുണ്ട്. 2000 രൂപയും കുട്ടികൾക്ക് 500 രൂപയുമാണ് രാവിലെ 10 മുതൽ ഉച്ചക്ക് രണ്ടു വരെ നാലു മണിക്കൂർ നീളുന്ന യാത്രയുടെ നിരക്ക്. വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും 2400 രൂപയായി നിരക്ക് ഉയരും. കുട്ടികളുടെ നിരക്കിൽ മാറ്റമില്ല. വൈകീട്ട് നാലര മുതൽ എട്ടര വരെ നീളുന്ന ഡി.ജെ ക്രൂസിൽ സാധാരണ ദിവസങ്ങളിൽ മുതിർന്നവർക്ക് 2400 രൂപയും കുട്ടികൾക്ക് 800 രൂപയുമാണ് നിരക്ക്. വാരാന്ത്യങ്ങളിൽ മുതിർന്നവരുടെ നിരക്ക് 2700 രൂപയായി ഉയരും. രാവിലത്തെ യാത്ര ഒരു സംഘത്തിനു മാത്രമായി പ്രത്യേകം ബുക്ക് ചെയ്യാനും സൗകര്യമുണ്ട്. 2,25,000 രൂപയാണു നിരക്ക്. അവധി ദിവസമാണെങ്കിൽ 2,50,000 രൂപയും. ആൾ കൂടുതലാണെങ്കിൽ 1000 രൂപ വീതം അധികമായി നൽകണം. വൈകുന്നേരത്തേക്കാണെങ്കിൽ രണ്ടര ലക്ഷം രൂപയാകും. അവധി ദിവസം 2,75,000 രൂപയും.

നെഫർറ്റിറ്റി കപ്പൽ യാത്ര

സാഗരറാണി കപ്പലിൽ വൈകീട്ട് അഞ്ചര മുതൽ ഏഴര വരെ നീളുന്ന അസ്തമയ ദർശന യാത്രക്ക് മുതിർന്നവർക്ക് 600 രൂപയും കുട്ടികൾക്ക് 300 രൂപയുമാണ് ടിക്കറ്റ് നിരക്ക്. രാവിലെ 11ന് തുടങ്ങി ഉച്ചക്ക് ഒന്നിന് അവസാനിക്കുന്ന ട്രിപ്പിനും ഇതേ നിരക്ക് തന്നെയാണ്. ഒരു ട്രിപ്പ് മൊത്തമായി ബുക്ക് ചെയ്യുന്നതിന് 50,000 രൂപയാകും. അവധി ദിവസം 55,000 രൂപയും. രാത്രി എട്ടു മുതൽ 10 വരെ നീളുന്ന രാത്രിയാത്രയുമുണ്ട്. സ്കൂൾ, കോളജ് വിദ്യാർഥികൾക്കായി പ്രത്യേക പാക്കേജും സാഗരറാണിക്കുണ്ട്. 25,000 രൂപയാണു നിരക്ക്. വൈകീട്ട് 5.30 മുതൽ 7.30 വരെ നീളുന്ന സൂര്യാംശു അസ്തമയക്കാഴ്ച കടൽ യാത്ര ടിക്കറ്റിന് 399 രൂപയാണ്. രാവിലെ 10.30 മുതൽ വൈകുന്നേരം നാലു വരെ നീളുന്ന പിഴല കായൽ യാത്രക്ക് 999 രൂപയാണു നിരക്ക്. https://mycruise.kerala.gov.in എന്ന വെബ്സൈറ്റ് വഴി യാത്രക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം.

കുറഞ്ഞ ചെലവിൽ കുട്ടനാടൻ കാഴ്ചകൾ

ചുരുങ്ങിയ ചെലവിൽ വേമ്പനാട്ട് കായലിന്‍റെ സൗന്ദര്യവും കേരളത്തിന്‍റെ മനോഹരമായ തീരഭംഗിയും കുട്ടനാടൻ പാടശേഖരങ്ങളും കണ്ടുള്ള അത്യുഗ്രൻ യാത്രയാണ് ജലഗതാഗത വകുപ്പിന്‍റെ സീ കുട്ടനാട് ബോട്ട് യാത്ര. ആലപ്പുഴ ബോട്ട് ജെട്ടിയിൽനിന്ന് രാവിലെ 11നും വൈകുന്നേരവുമുള്ള രണ്ടു മണിക്കൂർ യാത്രക്ക് 60 രൂപയാണു ടിക്കറ്റ് നിരക്ക്. ആലപ്പുഴ ജെട്ടിയിൽ തുടങ്ങി അവിടെത്തന്നെ അവസാനിക്കുന്ന വിധത്തിലാണ് ഈ യാത്ര. നാലു മണിക്കൂറിലേറെ നീളുന്ന വേഗ ബോട്ട് യാത്രക്ക് എ.സിക്ക് 600 രൂപയും നോൺ എ.സിയിൽ 400 രൂപയുമാണ് നിരക്ക്. പാതിരമണലിൽ ഇറങ്ങി കാഴ്ചകൾ ആസ്വദിക്കാനും വേഗയിൽ സൗകര്യമുണ്ട്.

പാലാക്കരി അക്വാ ടൂറിസം കേന്ദ്രം

കായൽക്കാറ്റിൽ ഉല്ലസിക്കാൻ പാലാക്കരി

ബജറ്റിലൊതുങ്ങുന്ന മനോഹര യാത്ര പാക്കേജാണ് വൈക്കം കാട്ടിക്കുന്നിനടുത്ത പാലാക്കരി അക്വാ ടൂറിസം സെന്‍റർ ഒരുക്കുന്നത്. കുറഞ്ഞ ചെലവിൽ രുചിയൂറും ഭക്ഷണം കഴിച്ച് കായൽക്കാറ്റേറ്റ് ഉല്ലസിക്കാൻ വേമ്പനാട് കായൽ കരയിൽ മത്സ്യഫെഡിനു കീഴിലുള്ള ഇവിടെ സൗകര്യങ്ങളുണ്ട്. ഏകദേശം 117 ഏക്കറിലാന് ഫാം പ്രവർത്തിക്കുന്നത്. മത്സ്യ കൃഷിയോടൊപ്പം വിനോദസഞ്ചാരവും പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഫാമിന്‍റെ പ്രവർത്തനം. സ്പീഡ് ബോട്ട്, റോയിങ് ബോട്ട്, പെഡൽ ബോട്ട് യാത്രകൾക്ക് ചൂണ്ടയിട്ടു മീൻപിടിക്കുന്നതിനും സൗകര്യമുണ്ട്. സ്വന്തമായി പിടിക്കുന്ന മീൻ വേണമെങ്കിൽ അവിടെനിന്ന് പാചകം ചെയ്തു തരുകയും ചെയ്യും. ദ്വയം ഈവനിങ് സ്പെഷൽ പാക്കേജ്, കോമ്പിനേഷൻ പാക്കേജ്, തരംഗിണി, കാഴ്ച എന്നിങ്ങനെ വ്യത്യസ്ത പാക്കേജുകളിലാണ് സൗകര്യങ്ങൾ ഒരുക്കുന്നത്. പാലാക്കരിയിൽനിന്ന് കൊച്ചിയിലേക്ക് ബോട്ട് യാത്രക്കും സൗകര്യമുണ്ട്.

ഹൈറേഞ്ച് കാഴ്ചകൾക്ക് ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല്

ഏതു കാലാവസ്ഥയിലും പ്രകൃതിസൗന്ദര്യത്തിന്‍റെ അനുഭൂതിദായകമായ കാഴ്ചയൊരുക്കുന്ന സുന്ദരപ്രദേശമാണ് കോട്ടയം മേലുകാവ് വില്ലേജിലെ ഇലവീഴാപൂഞ്ചിറ. സമുദ്രനിരപ്പിൽനിന്ന് 3200 അടി ഉയരത്തിൽ മങ്കുന്ന്, കുടയത്തൂർമല, തോണിപ്പാറ എന്നീ മലനിരകൾക്കിടയിലെ മനോഹര താഴ്വരയാണ് ഇവിടം. മരങ്ങളില്ലാത്ത പ്രദേശത്ത് ശക്തമായ കാറ്റുള്ളതിനാൽ ഇലകൾ വീഴില്ല എന്നതിനാലാണ് ഇലവീഴാപൂഞ്ചിറ എന്ന് പേര് വന്നതെന്നു പറയുന്നു. ഉദയാസ്തമയങ്ങൾ കാണാൻ ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളിലൊന്നാണിത്.

കോട്ടയത്തുനിന്ന് ഏകദേശം 60 കിലോമീറ്ററും തൊടുപുഴയിൽനിന്ന് 20 കിലോമീറ്ററുമാണ് ദൂരം. സാഹസിക സഞ്ചാരികളുടെ ഇഷ്ട ട്രക്കിങ് കേന്ദ്രവുമാണ് ഇലവീഴാപൂഞ്ചിറ. പശ്ചിമഘട്ടത്തിലെ ഉയരം കൂടിയ കൊടുമുടികളിൽ ഒന്നായ ഇല്ലിക്കൽ കല്ല് കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. ഏകദേശം 4000 അടിയാണ് ഉയരം. മീനച്ചിലാറിന്‍റെ ഉത്ഭവസ്ഥാനമായ ഇല്ലിക്കൽ കല്ല് ഇലവീഴാപൂഞ്ചിറയിൽനിന്ന് 14 കിലോമീറ്റർ ദൂരത്താണ്. ഹൈറേഞ്ച് യാത്രയുടെ വിസ്മയക്കാഴ്ചകളാണ് രണ്ടിടവും പകർന്നുതരുന്നത്.

ഇലവീഴാപൂഞ്ചിറ

ചെറുയാത്രക്ക് കേന്ദ്രങ്ങളേറെ

വാഗമൺ, കുമരകം, കോട്ടത്താവളം എന്നിവിടങ്ങളും കോട്ടയത്തിന്‍റെ പ്രധാന പിക്നിക് കേന്ദ്രങ്ങളാണ്. കാൽവരി മൗണ്ട്, പാഞ്ചാലിമേട്, ആനയിറങ്കാൽ ഡാം, പരുന്തുംപാറ, തൊമ്മൻകുത്ത്, ചീയപ്പാറ, അരുവിക്കുഴി തുടങ്ങിയ എണ്ണമറ്റ മനോഹര കേന്ദ്രങ്ങളിലൂടെ ഇടുക്കിയും സഞ്ചാരികളെ മാടിവിളിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Let's go, vacation trip; Tourist attractions in Kottayam district
Next Story