സഞ്ചാരികളുടെ മനംനിറച്ച് മൂന്നാര്‍ ട്രിപ്പുകളുമായി കെ.എസ്.ആര്.ടി.സി
text_fieldsകെ.എസ്.ആര്.ടി.സിയുടെ സൈറ്റ് സീയിംഗ് ട്രിപ്പുകള്‍ കുണ്ടളയിൽ എത്തിയപ്പോൾ
ഇടുക്കി: മഞ്ഞു വീഴുന്ന മലയിടുക്കുകളുടെയും തേയിലക്കാടുകളുടെയും ദൃശ്യഭംഗി ആസ്വദിക്കാന്‍ മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് കെ.എസ്.ആര്.ടിസിയുടെ തകര്‍പ്പന്‍ സൈറ്റ് സീയിങ് ട്രിപ്പുകള്‍. 300 രൂപ മുടക്കിയാല്‍ മൂന്നാറുള്‍പ്പെടുന്ന പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാനാണ് കെ.എസ്.ആര്.ടി.സി അവസരം ഒരുക്കുന്നത്.
ഓണാവധി ആഘോഷിക്കാന്‍ മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് നവ്യാനുഭവമൊരുക്കുക കൂടിയാണ് കെ.എസ്.ആര്.ടി.സിയുടെ സൈറ്റ് സീയിംഗ് സഫാരികള്‍. മൂന്നാര്‍ മുതല്‍ മാട്ടുപ്പെട്ടിയും കുണ്ടളയും പിന്നിട്ട് ടോപ് സ്റ്റേഷന് വരെയാണ് ഒരു യാത്ര. തേയിലക്കാടുകളുടെ അതിമനോഹര കാഴ്ചകളും മലയിടുക്കുകളുടെ സൗന്ദര്യവും മഞ്ഞും വിശാലമായ റോഡുകളുമുള്‍പ്പെടുന്ന താഴ്വാരങ്ങളിലൂടെ സഞ്ചരിച്ച് ആനയിറങ്കലും പൂപ്പാറയും ചതുരംഗപ്പാറയുമൊക്കെ കണ്ടുമടങ്ങുന്നതാണ് രണ്ടാമത്തെ യാത്ര.
വിനോദസഞ്ചാരത്തിനായി എത്തുന്നവരുടെ താല്പര്യങ്ങള് കൂടി കണക്കിലെടുത്താണ് കെ.എസ്.ആര്.ടി.സി ഓരോ റൂട്ടുകളും ഒരുക്കുന്നത്. ദിനംപ്രതി നൂറുകണക്കിന് ആളുകള്‍ സൈറ്റ് സീയിംഗ് ട്രിപ്പിനായി ഇവിടെ എത്തുന്നുണ്ട്. പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങളെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യം കൂടിയുണ്ട് ഈ ട്രിപ്പുകള്‍ക്ക്. രാവിലെ ഒമ്പതിനു മൂന്നാര്‍ ഡിപ്പോയില്‍നിന്ന് ആരംഭിക്കുന്ന യാത്ര വൈകീട്ട് അഞ്ചിന് തിരികെ മൂന്നാറില്‍ എത്തും. മൂന്നാര്‍ ഡിപ്പോയിലെ ഡ്രൈവര്‍മാരായ കെ.പി. മുഹമ്മദ്, കെ.ആര്. ഷിജു, എ.ഇ. ബെന്നി എന്നിവരുടെ നേതൃത്വത്തിലാണ് സഞ്ചാരികള്‍ക്ക് ആസ്വാദ്യകരമായ സൈറ്റ് സീയിംഗ് ട്രിപ്പുകള്‍ ഒരുക്കുന്നത്.
ഒരു വണ്ടിയില്‍ 50 പേര്‍ക്കാണ് യാത്ര സൗകര്യം. ഒമ്പത് സ്ഥലങ്ങള്‍ ഒറ്റ ദിവസംകൊണ്ട് കാണാനും ഫോട്ടോ എടുക്കാനും ഓരോ ഇടങ്ങളിലും അരമണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍വരെ സമയം ചെലവഴിക്കാനും സാധിക്കും. ആനയിറങ്കല്‍, മലയിക്കള്ളന്‍ ഗുഹ, ഓറഞ്ച് തോട്ടം, സ്പൈസസ് ഫാം വിസിറ്റ്്, ചതുരംഗപ്പാറ, ടീ മ്യൂസിയം, കുണ്ടള, എക്കോപോയന്റ്, മാട്ടുപെട്ടി തുടങ്ങിയ പ്രകൃതിമനോഹര സ്ഥലങ്ങളുടെ ഭംഗി ആസ്വദിക്കാം.
വിദേശികളും തദ്ദേശീയരും സൈറ്റ് സീയിംഗ് ട്രിപ്പിന്റെ ഭാഗമായി മൂന്നാറില്‍ എത്തുന്നുണ്ട്. തേയില നുള്ളുന്നതും തേയിലയുടെ ഉല്പാദനവും നേരില്‍ കാണാനും സുഗന്ധവ്യഞ്ജനങ്ങളുടെ വിളവു മുതല്‍ ഉല്പാദനവും വിപണനവും വരെ കാണാനും സഞ്ചാരികള്‍ക്ക് അവസരമുണ്ട്. കെ.എസ്.ആര്.ടി.സിയില്‍ മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ വിനോദസഞ്ചാരികള്‍ക്ക് സൈറ്റ് സീയിംഗ് ട്രിപ്പുകള്‍ ആസ്വദിക്കാം. വിശദവിവരങ്ങള്‍ക്കും യാത്ര ബുക്ക് ചെയ്യാനും ഫോണ്‍: 9447331036, 9446929036, 9895086324.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

