വിദേശത്തേക്ക് പറന്നാൽ പോരാ, ഇതു വല്ലതും അറിയുമോ?...
text_fieldsവിദേശ യാത്ര വെറുമൊരു ‘ടൂർ’ മാത്രമല്ല; ആളുകളെ കാണിക്കാൻ എയർപോർട്ടിൽ നിന്ന് എടുക്കുന്ന സെൽഫി മുതൽ മടങ്ങിവരും വരെയുള്ള വലിയ ‘സാഹസിക ദൗത്യം’ കൂടിയാണ്! എന്നു വെച്ച് എല്ലാവരും ആളുകളെ കാണിക്കാൻ യാത്ര പോകുന്നവരല്ല താനും. സന്തോഷം കിട്ടാനും വിവിധ സംസ്‌കാരങ്ങളെ അറിയാനും പലതരം ഭക്ഷണം കഴിക്കാൻ വരെ യാത്ര പോകുന്നവരുണ്ട്. പാസ്‌പോർട്ടിൽ ആദ്യമായി വിസ പതിയുമ്പോൾ മനസ്സിൽ സന്തോഷത്തിനൊപ്പം ചെറിയൊരു 'ആംങ്സൈറ്റിയും' കയറിക്കൂടുക സ്വാഭാവികം.
നേരത്തെ ഇത്തരം പ്രദേശങ്ങള്‍ സന്ദര്‍ശിച്ച വ്യക്തികളുമായി ആശയവിനിമയം നടത്താവുന്നതാണ്. അറിയാത്ത ഭക്ഷണസാധനങ്ങള്‍ കഴിക്കേണ്ടി വരുമ്പോള്‍ അതെന്താണെന്ന് കൃത്യമായി ചോദിച്ചറിയുക. ഭക്ഷണ സാധനങ്ങളുടെ വില ആദ്യമേ ചോദിച്ചറിഞ്ഞിട്ട് ഓർഡർ ചെയ്യുന്നതും നന്നായിരിക്കും. അലര്‍ജി ഉള്ളവരാണെങ്കില്‍ ചില ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് അസുഖങ്ങളുണ്ടാക്കും.
- പാസ്‌പോർട്ട് കാലാവധി: യാത്ര പുറപ്പെടുന്ന തീയതി മുതൽ കുറഞ്ഞത് 6 മാസമെങ്കിലും പാസ്‌പോർട്ടിന് കാലാവധി ഉണ്ടായിരിക്കണം.
- വിസ പ്രിന്‍റൗട്ടുകൾ: വിസ ഓൺ അറൈവൽ അല്ലെങ്കിൽ ഇ-വിസ ആണെങ്കിൽ പോലും അതിന്റെ ഹാർഡ് കോപ്പികൾ കൈവശം കരുതുക. പാസ്‌പോർട്ട്, വിസ, ഇൻഷുറൻസ്, ഹോട്ടൽ വൗച്ചറുകൾ എന്നിവയുടെ കോപ്പികൾ നിങ്ങളുടെ ഗൂഗിൾ ഡ്രൈവിലോ ഇ മെയിലിലോ സേവ് ചെയ്തു വെക്കുക. എയർപോർട്ടിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ കയറി ‘ഷോ ഓഫ്’ കാണിക്കാൻ മാത്രമല്ല പണം. വിദേശത്തെ നിയമങ്ങൾ കൃത്യമാണ്. നിങ്ങളുടെ ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകളിൽ ഇന്റർനാഷനൽ ട്രാൻസാക്ഷൻ ആക്ടിവേറ്റ് ആണെന്ന് ഉറപ്പാക്കുക. മൾട്ടി-കറൻസി ഫോറെക്സ് കാർഡുകളാണ് ഏറ്റവും സുരക്ഷിതം. പോകുന്ന രാജ്യത്തെ ചെറിയ തുകയ്ക്കുള്ള കറൻസികൾ കയ്യിൽ കരുതുക. ചിലയിടങ്ങളിൽ കാർഡുകൾ സ്വീകരിക്കില്ല. ചില രാജ്യങ്ങളിലെ ഇമിഗ്രേഷൻ വിഭാഗം നിങ്ങളുടെ പക്കൽ ആവശ്യത്തിന് പണമുണ്ടോ എന്ന് പരിശോധിക്കാറുണ്ട്. അതിനായി ആവശ്യമായ തുക കയ്യിലോ ബാങ്കിലോ ഉണ്ടെന്ന് ഉറപ്പാക്കണം.
- "എനിക്ക് ഒന്നും സംഭവിക്കില്ല" എന്ന അമിത ആത്മവിശ്വാസം വിദേശത്ത് പാടില്ല. അവിടെ ചെറിയൊരു പനി വന്ന് ഡോക്ടറെ കാണണമെങ്കിൽ പോലും വലിയ തുക ചിലവാകും. ഏതൊരു അന്താരാഷ്‌ട്ര യാത്രയ്‌ക്കും നല്ലൊരു ട്രാവൽ ഇൻഷുറൻസ് എടുക്കുന്നത് നിർബന്ധമാണ്. ഫ്ലൈറ്റ് വൈകൽ, ലഗേജ് നഷ്ടപ്പെടൽ, മെഡിക്കൽ എമർജൻസി എന്നിവയ്‌ക്കെല്ലാം ഇത് സംരക്ഷണം നൽകും.
- വിമാനക്കമ്പനി അനുവദിച്ച ലഗേജ് പരിധി (ഉദാഹരണത്തിന് 25kg അല്ലെങ്കിൽ 30kg) കൃത്യമായി പാലിക്കുക.
- പവർ ബാങ്കുകൾ, ലാപ്ടോപ്പ്, ചാർജറുകൾ, അത്യാവശ്യ മരുന്നുകൾ എന്നിവ എപ്പോഴും ഹാൻഡ് ബാഗേജിൽ മാത്രമേ വെയ്ക്കാവൂ.
- ഹാൻഡ് ബാഗേജിൽ 100 മില്ലിയിൽ കൂടുതൽ ദ്രാവക രൂപത്തിലുള്ള ഒന്നിനും (പെർഫ്യൂം, ലോഷൻ) സാധാരണയായി അനുമതി ഉണ്ടാകില്ല.
- നമ്മുടെ നാട്ടിലെ സാധാരണ പാരസെറ്റാമോളും കഫ് സിറപ്പും ചില വിദേശരാജ്യങ്ങളിൽ നിരോധിത മരുന്നുകളുടെ പട്ടികയിലായിരിക്കാം. ഡോക്ടറുടെ കൃത്യമായ കുറിപ്പടി ഇല്ലാതെ ഒരു മരുന്നും വിദേശത്തേക്ക് കൊണ്ടുപോകരുത്.
- നാട്ടിലെപ്പോലെ റോഡിൽ എവിടെയെങ്കിലും തുപ്പുകയോ, വലിച്ച് വാരി മാലിന്യം ഇടുകയോ ചെയ്താൽ ചില രാജ്യങ്ങളിൽ വലിയ തുക പിഴയോ ജയിൽ ശിക്ഷയോ ലഭിക്കാം.
- പോകുന്ന രാജ്യത്തെ വസ്ത്രധാരണ രീതികൾ, ട്രാഫിക് നിയമങ്ങൾ, ഫോട്ടോഗ്രാഫി വിലക്കുകൾ (ചിലയിടങ്ങളിൽ സൈനിക കേന്ദ്രങ്ങളുടെയോ പ്രാദേശിക സ്ത്രീകളുടെയോ ചിത്രം എടുക്കുന്നത് കുറ്റകരമാണ്) എന്നിവ മുൻകൂട്ടി മനസ്സിലാക്കുക.
- എയർപോർട്ടിൽ ഇറങ്ങിയ ഉടൻ നാട്ടിലേക്ക് "ഞാൻ എത്തി" എന്ന് വിളിച്ച് പറയാൻ ഇന്റർനെറ്റ് വേണം. ഇന്റർനാഷനൽ റോമിങ്ങ് പാക്കുകൾ ആക്ടിവേറ്റ് ചെയ്യാം. വിദേശത്ത് എവിടെപ്പോയാലും അവിടെയുള്ള ഇന്ത്യൻ എംബസിയുടെ കോൺടാക്റ്റ് നമ്പറുകളും വിലാസവും കുറിച്ചു വെക്കുക.
- നാട്ടിലെ ‘മാസ്സ്’ പെരുമാറ്റങ്ങളും ഡ്രൈവിങ്ങ് ശൈലികളുമായി വിദേശത്ത് പോയാൽ വലിയ വില കൊടുക്കേണ്ടി വരും. ചില രാജ്യങ്ങളിലെ വിചിത്രവും കൗതുകകരവുമായ പെരുമാറ്റ രീതികളും അവിടുത്തെ കടുത്ത ട്രാഫിക് നിയമങ്ങളും നമ്മൾ കേട്ടതും പഠിച്ചതും ആയ രീതിയിൽ നിന്നൊക്കെ വ്യത്യസ്തമായിരിക്കും.
യു.എ.ഇ : മലയാളികളുടെ രണ്ടാം വീട്. പക്ഷേ ടൂറിസ്റ്റായി പോകുമ്പോൾ നിയമങ്ങൾ കടുപ്പമാണ്...
പൊതുസ്ഥലങ്ങളിലെ ദേഷ്യപ്പെടലുകൾ, ചീത്തവിളികൾ, കൈകൾ കൊണ്ടുള്ള മോശം ആംഗ്യങ്ങൾ എന്നിവ വലിയ കുറ്റകൃത്യമാണ്. സോഷ്യൽ മീഡിയയിൽ ഇടാനായി അനുവാദമില്ലാതെ മറ്റുള്ളവരുടെ (പ്രത്യേകിച്ച് സ്ത്രീകളുടെയോ സ്വദേശികളുടെയോ) ചിത്രങ്ങൾ എടുത്താൽ ജയിലും നാടുകടത്തലും ഉറപ്പ്.
അടയാളപ്പെടുത്താത്ത ഇടങ്ങളിലൂടെ റോഡ് മുറിച്ചുകടന്നാൽ പോലും വൻ തുക പിഴ വരും. വണ്ടിയോടിക്കുമ്പോൾ ലെയ്ൻ മാറുമ്പോൾ ഇൻഡിക്കേറ്റർ ഇട്ടില്ലെങ്കിലും കാമറകൾ നിങ്ങളെ പൊക്കും.
തായ്‌ലൻഡ്
തായ്‌ലൻഡിൽ രാജകുടുംബത്തെ ദൈവത്തെപ്പോലെയാണ് കാണുന്നത്. അവിടുത്തെ കറൻസി നോട്ടുകളിൽ രാജാവിന്റെ ചിത്രമുണ്ട്. അതുകൊണ്ട് കറൻസി നോട്ട് അബദ്ധത്തിൽ താഴെപ്പോയാൽ കാൽ വെച്ച് ചവിട്ടി നിർത്താൻ നോക്കരുത് (അത് വലിയ കുറ്റമാണ്). ഇവിടെയും വണ്ടികൾ ഓടിക്കുന്നത് ഇന്ത്യയിലെപ്പോലെ ഇടത് വശത്തുകൂടിയാണ്. സ്കൂട്ടർ വാടകയ്‌ക്കെടുത്ത് ഓടിക്കാൻ എളുപ്പമാണ്, പക്ഷേ ഹെൽമെറ്റ് ഇല്ലെങ്കിൽ കനത്ത പിഴയുണ്ടാകും. അന്താരാഷ്‌ട്ര ഡ്രൈവിങ് ലൈസൻസ് കയ്യിലുണ്ടെന്ന് ഉറപ്പാക്കുക.
സിംഗപ്പൂർ: നിയമങ്ങളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലാത്ത 'ഫൈൻ' സിറ്റി...
ച്യൂയിംഗം ചവയ്ക്കുന്നതും വിൽക്കുന്നതും ഇവിടെ നിരോധിച്ചിരിക്കുന്നു. പൊതുസ്ഥലങ്ങളിൽ തുപ്പുകയോ, പുകവലിക്കുകയോ, ചപ്പുചവറുകൾ ഇടുകയോ ചെയ്താൽ നിങ്ങളുടെ കയ്യിലെ കാശ് തീരാൻ അത് മതിയാകും. കാൽനടയാത്രക്കാർക്കാണ് ഇവിടെ റോഡിൽ ഒന്നാം സ്ഥാനം. വണ്ടികൾ സീബ്രാ ക്രോസിങ്ങിന് മുന്നിൽ നിന്നുതരും. എന്നാൽ സിഗ്നലില്ലാത്ത ഇടങ്ങളിൽ റോഡ് മുറിച്ചുകടന്നാൽ വലിയ തുക പിഴയൊടുക്കേണ്ടി വരും.
മലേഷ്യ
ആരെയെങ്കിലും ചൂണ്ടി കാണിക്കണമെങ്കിൽ ചൂണ്ടുവിരൽ ഉപയോഗിക്കുന്നത് മലേഷ്യയിൽ അനാദരവാണ്. അതിനുപകരം വലതു കൈയിലെ തള്ളവിരൽ ഉപയോഗിച്ച് വേണം ദിശ കാണിക്കാൻ. സിഗ്നലുകളിൽ മഞ്ഞ ലൈറ്റ് കത്തുമ്പോൾ നാട്ടിലെപ്പോലെ 'ആക്സിലറേറ്റർ' കൂട്ടി പാഞ്ഞുപോകാൻ നോക്കരുത്. മഞ്ഞ കത്തിയാൽ വണ്ടി നിർത്താൻ തയ്യാറെടുക്കണം എന്നാണ് നിയമം.
വിയറ്റ്നാം
വിയറ്റ്നാമിൽ പരമ്പരാഗതമായി ആളുകൾ സംസാരിക്കുമ്പോൾ വലിയ ശബ്ദമുണ്ടാക്കാറില്ല. പൊതുസ്ഥലങ്ങളിൽ ഒച്ചവെച്ച് സംസാരിക്കുന്നത് വിയറ്റ്നാമികൾക്ക് ഇഷ്ടമല്ല. കൂടാതെ, ആളുകളുടെ തോളിൽ തട്ടി സംസാരിക്കുന്നതും അവർക്ക് ബുദ്ധിമുട്ടുണ്ടാക്കും. വിയറ്റ്നാമിലെ ട്രാഫിക് എന്ന് പറഞ്ഞാൽ ലക്ഷക്കണക്കിന് സ്കൂട്ടറുകളുടെ ഒരു ‘കടലാണ്’. റോഡ് മുറിച്ചുകടക്കുക എന്നത് വലിയൊരു കലയാണ്. ഓടുകയോ പെട്ടെന്ന് നിൽക്കുകയോ ചെയ്യരുത്. ഒരേ വേഗതയിൽ പതുക്കെ മുന്നോട്ട് നടന്നാൽ സ്കൂട്ടറുകൾ നമുക്ക് ചുറ്റും ഒഴിഞ്ഞു മാറിക്കൊള്ളും. വലതുവശം ചേർന്നാണ് ഇവിടെ വണ്ടിയോടിക്കേണ്ടത്.
യൂറോപ്യൻ രാജ്യങ്ങളിൽ ചെന്നാൽ ക്യൂ പാലിക്കുക എന്നത് അവിടുത്തെ ജീവശ്വാസമാണ്. ബസിലോ കടകളിലോ ആളുകളെ തള്ളിമാറ്റി മുന്നിൽ കയറാൻ നോക്കിയാൽ എല്ലാവരും നിങ്ങളെ ഒരു ‘വിചിത്ര ജീവിയെപ്പോലെ’ നോക്കും. റെസ്റ്റാറന്റുകളിൽ ഉറക്കെ കൈയടിച്ചോ വിരൽ ഞൊടിച്ചോ സപ്ലയർമാരെ വിളിക്കുന്നത് അത്യന്തം അപമാനകരമാണ്. വലതുവശം ചേർന്നാണ് ഇവിടെ വണ്ടിയോടിക്കേണ്ടത്. ഇങ്ങനെയുള്ള നിരവധി മര്യാദകൾ പുറം രാജ്യങ്ങളിൽ പാലിക്കേണ്ടതുണ്ട് എന്ന കാര്യം മറക്കാതിരിക്കുക.
യാത്രകൾ നമ്മളെ പുതിയ മനുഷ്യരാക്കാനാണ്, അല്ലാതെ പുതിയ കടബാധ്യതകളിലേക്കോ നിയമക്കുരുക്കുകളിലേക്കോ തള്ളിവിടാനല്ല. നാട്ടിൽ കാണിക്കുന്ന ചെറിയൊരു അശ്രദ്ധ വലിയ കാര്യമായില്ലെന്ന് വരാം, പക്ഷേ വിദേശത്ത് അത് നമ്മുടെ രാജ്യത്തിന്റെ കൂടി പ്രതിച്ഛായയെ ബാധിച്ചേക്കാം. അതുകൊണ്ട് കൃത്യമായ പ്ലാനിങ്ങും അല്പം മുൻകരുതലുമായി യാത്ര പുറപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

