ദൃശ്യവിരുന്നായി ഇരപ്പിൻകൂട്ടം വെള്ളച്ചാട്ടം
text_fieldsഇരപ്പിൻകൂട്ടം വെള്ളച്ചാട്ടം
കൊട്ടാരക്കര: സഞ്ചാരികളുടെ ഹൃദയംകവർന്ന് ഇരപ്പിൻകൂട്ടം വെള്ളച്ചാട്ടം. കൊട്ടാരക്കര താലൂക്കിലെ ഇളമാട്- വെളിയം പഞ്ചായത്ത് അതിർത്തികളായ വാളിയോട്, കളപ്പില പ്രദേശങ്ങളിലൂടെ ഒഴുകുന്ന അരുവിയിലാണ് ഇരപ്പിൻകൂട്ടം വെള്ളച്ചാട്ടം. അരുവിയിൽ പല വലുപ്പത്തിൽ ഉയർന്നു നിൽക്കുന്ന പാറക്കെട്ടുകളുടെ മുകളിൽനിന്ന് താഴേക്ക് പതിക്കുന്ന വെള്ളം സൃഷ്ടിക്കുന്ന വെൺനുരകളുടെ ദൃശ്യചാരുതയാണ് ഇരപ്പിൻകൂട്ടം വെള്ളച്ചാട്ടത്തിന്റെ പ്രത്യേകത.
ഏതാണ്ട് നൂറ് മീറ്ററോളം നീളത്തിൽ അരുവിയിൽ രണ്ടുമൂന്ന് വെള്ളച്ചാട്ടങ്ങൾ കാണാം. വെള്ളം കുറയുന്ന അവസരത്തിൽ സന്ദർശകർക്ക് അരുവിയിൽ ഇറങ്ങിനിന്നും പാറക്കൂട്ടങ്ങൾ ചാടിക്കടന്നും കാഴ്ചകൾ ആസ്വദിക്കാനാകും. അടുത്ത കാലം വരെ പുറം ലോകത്തിന്റെ ശ്രദ്ധയിൽ പെടാതെ കിടക്കുകയായിരുന്നു. ഇപ്പോൾ അകലെനിന്നുപോലും ഇവിടത്തെ അസാധാരണമായ ദൃശ്യഭംഗി ആസ്വദിക്കാൻ ആളുകൾ കൂടുതലായി വരുന്നുണ്ട്.
എം.സി റോഡിൽ ആയൂർനിന്ന് വാളിയോട് വഴിയോ, കൊട്ടാരക്കര ഓയൂർ റൂട്ടിൽ ഓടനാവട്ടത്തുനിന്ന് വാപ്പാല വഴിയോ പുരമ്പിൽ എന്ന സ്ഥലത്ത് വേണം ഇരപ്പിൻകൂട്ടം വെള്ളച്ചാട്ടം കാണാനെത്താൻ. പുരമ്പിൽ പാലത്തിനടുത്തുനിന്ന് ഏതാണ്ട് 300 മീറ്റർ ദൂരം വടക്കുപടിഞ്ഞാറായി സഞ്ചരിച്ചാൽ ഇരപ്പിൻകൂട്ടത്ത് എത്താം.
സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടയിടമായി മാറിക്കഴിഞ്ഞ ഇരപ്പിൻകൂട്ടം അടിസ്ഥാന സൗകര്യങ്ങളോടെ വികസിപ്പിക്കണമെന്ന ആവശ്യം പ്രദേശവാസികൾക്കുണ്ട്. വെള്ളച്ചാട്ടത്തിലേക്കുള്ള റോഡ് ഉൾപ്പെടെ സൗകര്യങ്ങൾ മികച്ചതാക്കിയാൽ കിഴക്കൻമേഖലയിൽ ആളുകൾ ഇനിയുമേറെ തേടിയെത്തുന്ന വെള്ളച്ചാട്ടമായി ഇരപ്പിൻകൂട്ടം മാറുമെന്ന് ഉറപ്പാണ്.