രാജ് ഗോപാൽ റെഡ്ഡി കോൺഗ്രസിലേക്ക് തിരിച്ചുവരുന്നു
text_fieldsരാജ് ഗോപാൽ റെഡ്ഡി
ഹൈദരാബാദ്: കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന മുൻ എം.പിയും മുൻ എം.എൽ.എയുമായ കെ. രാജ് ഗോപാൽ റെഡ്ഡി തിരിച്ചുപോകാനൊരുങ്ങുന്നു. കഴിഞ്ഞ വർഷം കോൺഗ്രസ് വിട്ട റെഡ്ഡി, മുനുഗോഡ് ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും തോറ്റു. താൻ ബി.ജെ.പിയിൽനിന്ന് രാജിവെക്കുകയാണെന്ന് രാജ്ഗോപാൽ റെഡ്ഡി പറഞ്ഞു. ബി.ആർ.എസിന് ബദലായി വളരുന്നതിൽ ബി.ജെ.പി പരാജയപ്പെട്ടെന്നും മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ അഴിമതിക്കെതിരെ പ്രതികരിക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അനുയായികളുടെ അഭിപ്രായമനുസരിച്ച് കോൺഗ്രസിൽ ചേരാൻ തീരുമാനിച്ചതായി സമൂഹമാധ്യമമായ ‘എക്സി’ൽ രാജ്ഗോപാൽ റെഡ്ഡി കുറിച്ചു. മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെതിരെ ഗജ് വേലിലോ സ്വന്തം മണ്ഡലമായ മനുഗോഡിലോ മത്സരിക്കാനാണ് അദ്ദേഹത്തിന് താൽപര്യം. മുൻ എം.പിയും നടിയുമായ വിജയശാന്തി, മുൻ എം.പി വിവേക് വെങ്കടസ്വാമി, മുൻ എം.എൽ.എ ഇ. രവീന്ദർ റെഡ്ഡി തുടങ്ങിയ നേതാക്കളും ബി.ജെ.പിയിൽനിന്ന് കോൺഗ്രസിലേക്കു ചേക്കേറാൻ സാധ്യതയുണ്ട് അതിനിടെ, സ്ഥാനാർഥികളുടെ രണ്ടാം പട്ടികക്ക് കോൺഗ്രസ് അന്തിമരൂപം നൽകി. എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ നടന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ യോഗമാണ് രണ്ടാംഘട്ട സ്ഥാനാർഥികളെ തീരുമാനിച്ചത്. സ്ഥാനാർഥികളുടെ പ്രഖ്യാപനം ഉടനുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

