രണ്ടേക്കറിൽ കഞ്ചാവ് കൃഷിചെയ്യാൻ അനുമതി വേണം; ജില്ല ഭരണകൂടത്തിന് അപേക്ഷ നൽകി കർഷകൻ
text_fieldsപുണെ: രണ്ടേക്കറിലെ കൃഷിയിടത്തിൽ കഞ്ചാവ് കൃഷി നടത്താൻ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് ജില്ല ഭരണകൂടത്തെ സമീപിച്ച് കർഷകൻ. മഹാരാഷ്ട്രയിലെ സോലാപൂരിലാണ് സംഭവം.
കഞ്ചാവിന് മാർക്കറ്റിൽ നല്ല വില ലഭിക്കും എന്നാൽ, മറ്റു വിളകൾക്ക് ഇവ ലഭിക്കില്ല. ഒരു കാർഷിക വിളയ്ക്കും നിശ്ചിത വരുമാനമില്ലെന്നും അപേക്ഷയിൽ പറയുന്നു.
കർഷകന്‍റെ അപേക്ഷ ജില്ല ഭരണകൂടം പൊലീസിന് കൈമാറി. കർഷകന്‍റെ നടപടി പബ്ലിസിറ്റി സ്റ്റണ്ടാെണന്നും പൊലീസ് പറഞ്ഞു. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈകോത്രോപിക് സബ്സ്റ്റൻസ് (എൻ.ഡി.പി.എസ്) നിയമപ്രകാരം കഞ്ചാവ് കൃഷി നിരോധിച്ചിട്ടുണ്ട്.
സോലാപൂരിലെ മൊഹോർ തഹസിൽ പ്രദേശത്തെ കർഷകനായ അനിൽ പട്ടീലാണ് സോലാപൂർ ജില്ല കലക്ടർക്ക് അപേക്ഷ നൽകിയത്. കൃഷി ഉപജീവന മാർഗമായി സ്വീകരിക്കുന്നവർക്ക് വൻ നഷ്ടം നേരിടുന്നുവെന്നും ഇതുമായി മുന്നോട്ടുപോകാൻ കഴിയില്ലെന്നും അപേക്ഷയിൽ പറയുന്നു.
'കാർഷികോൽപ്പന്നങ്ങൾക്ക് തുച്ഛമായ വില ലഭിക്കുന്നതിനാൽ കൃഷിയുമായി മുന്നോട്ടുപോകുന്നവർ വൻ പ്രതിസന്ധിയിലാകുന്നു. മുടക്കുമുതൽ പോലും തിരിച്ചുകിട്ടുന്നില്ല. പഞ്ചസാര ഫാക്ടറികൾ കരിമ്പ് എടുക്കുന്നുണ്ടെങ്കിലും പണം നൽകുന്നില്ല. കഞ്ചാവ് കൃഷിയിൽനിന്ന് വൻ വില ലഭിക്കും. അതിനാൽ തെന്റെ രണ്ടേക്കർ ഭൂമിയിൽ കൃഷി ചെയ്യാൻ അനുവാദം നൽകണം -കർഷകൻ പറഞ്ഞു.
കഞ്ചാവ് കൃഷിയുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്താൽ ഭരണകൂടത്തിനായിരിക്കും ഉത്തരവാദിത്തമെന്നും കർഷകൻ കൂട്ടിച്ചേർത്തു.
പബ്ലിസിറ്റി സ്റ്റണ്ടിന് വേണ്ടിയാണ് കർഷകന്‍റെ അപേക്ഷയെന്നും കഞ്ചാവ് കൃഷി ചെയ്താൽ കർഷകനെതിരെ നടപടി സ്വീകരിക്കുമെന്നും മൊഹോൾ പൊലീസ് സ്റ്റേഷനിലെ മുതിർന്ന ഇൻസ്പെക്ടറായ അശോക് സെയ്കാർ പറഞ്ഞു.