ഇടുക്കിയിലേക്കൊഴുകി സഞ്ചാരികൾ; ഒരാഴ്ചക്കിടെ എത്തിയത് ഒന്നേകാൽ ലക്ഷം സഞ്ചാരികൾ
text_fieldsതൊടുപുഴ: ഒരാഴ്ചക്കിടെ ഇടുക്കി കാണാനെത്തിയത് ഒന്നേകാൽ ലക്ഷത്തോളം സഞ്ചാരികൾ. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ മാത്രം സന്ദർശനം നടത്തിയവരുടെ എണ്ണമാണ് 1,24,589. കൂടുതൽ സഞ്ചാരികൾ എത്തിയത് വാഗമണ്ണിലും മൂന്നാറിലുമാണ്. അഞ്ചു ദിവസത്തിനിടെ വാഗൺ മൊട്ടക്കുന്ന് സന്ദർശിച്ചത് 36,246 പേരാണ്.
മഹാനവമി ദിനത്തിൽ മാത്രം 9860 പേരെത്തി. വാഗമൺ അഡ്വഞ്ചർ പാർക്കിൽ അഞ്ചു ദിവസത്തിനിടെ 22,473 പേർ സന്ദർശനം നടത്തി. മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻ-20379, രാമക്കൽമേട്-14243, മാട്ടുപ്പെട്ടി-2479, അരുവിക്കുഴി-1209, ശ്രീനാരായണപുരം-5755, പാഞ്ചാലിമേട്-9927, ഇടുക്കി ഹിൽവ്യൂ പാർക്ക്-5129, ആമപ്പാറ-6749 എന്നിങ്ങനെയാണ് ഡി.ടി.പിസിയുടെ മറ്റ് ടൂറിസം കേന്ദ്രങ്ങളിലെത്തിയവരുടെ കണക്ക്.
ഇതിനുപുറമെ, ജില്ലയിലെ വനംവകുപ്പിന്റെ കീഴിലുള്ള കേന്ദ്രങ്ങളിലും ഹൈഡൽ ടൂറിസം കേന്ദ്രങ്ങളിലും എത്തിയ സഞ്ചാരികളും ഏറെയുണ്ട്. അഞ്ചുദിവസം തുടർച്ചയായി അവധി ലഭിച്ചത് സഞ്ചാരികളുടെ തിരക്ക് വർധിക്കാൻ കാരണമായി. തമിഴ്നാട്, കർണാടക, തെലങ്കാന തുടങ്ങി മറ്റു സംസ്ഥാനങ്ങളിൽ നിന്നടക്കം ഒട്ടേറെ സഞ്ചാരികളാണ് ജില്ലയുടെ മനോഹകര കാഴ്ചകൾ ആസ്വദിക്കാനെത്തിയത്.

