Begin typing your search above and press return to search.
exit_to_app
exit_to_app
മുത്തശ്ശി അറിയാൻ, i love you most...
cancel

ലണ്ടൻ ഒക്സ്ഫോർഡ്ഷെയർ വിറ്റ്നിയിലെ ആ റോഡ് മുറിച്ച് കടക്കണം. പിന്നെ കഷ്ടിച്ച് 200 മീറ്റർ. പക്ഷേ, അതുവരെ നടന്നു തീർത്ത 2735 കിലോമീറ്ററിനെക്കാൾ ദൂരമുണ്ട് അതിനെന്ന് തോന്നി റോമിയോ കോക്സ് എന്ന ആ 11കാരന്. നടന്നിട്ട് മുന്നോട്ട് നീങ്ങാത്തത് പോലെ. റോഡരികിലെ പുൽത്തകിടിയിലെത്തിയപ്പോൾ തന്നെ കണ്ടു - അവിടെ നിന്നുള്ള പോക്കറ്റ് റോഡ് തീരുന്നിടത്ത് കൊളോണിയൽ ശൈലിയിൽ പണി കഴിച്ചിട്ടുള്ള ആ വില്ലയുടെ വാതിൽക്കലിൽ തന്നെയും കാത്ത് മുത്തശ്ശി നിൽക്കുന്നുണ്ട്.

കഴിഞ്ഞ 104 ദിവസമായി തൻ്റെ അലച്ചിലും കാത്തിരിപ്പും ഈ കൂടിക്കാഴ്ചക്ക് വേണ്ടിയായിരുന്നല്ലോ എന്നോർത്തപ്പോൾ ഒരാവേശം അവനിൽ അലയടിച്ചു. ഒരോട്ടമായിരുന്നു പിന്നീട്. ഓടി വന്ന് ഇറുകിപ്പുണർന്ന അവനോട് മുത്തശ്ശി പറഞ്ഞു - "നന്ദി പ്രിയ മകനെ, ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ആലിംഗനം തന്നതിന്". അവനൊന്നും മിണ്ടിയില്ലെങ്കിലും ആ മനസ്സ് പറയുന്നത് അവർക്ക് കേൾക്കാമായിരുന്നു - "ഗ്രാൻഡ്മ, ഈ ലോകത്ത് ഞാനേറ്റവും ഇഷ്ടപ്പെടുന്നത് നിങ്ങളെയാണ് ". അതങ്ങിനെയാകാതെ തരമില്ലല്ലോ. കാരണം, ആ ആലിംഗനത്തിനായി അവൻ നടന്നത് 2735 കിലോമീറ്ററാണ് - 93 ദിവസം കൊണ്ട്.


പോയ മാസം ബ്രിട്ടണിലെ താരമായിരുന്നു റോമിയോ കോക്സ് എന്ന ആ 11 കാരൻ. ലോകക്രമത്തെ തന്നെ മാറ്റിമറിച്ച കൊറോണ എന്ന രോഗാണു കാരണം അതിർത്തികൾ അടച്ചിടപ്പെട്ടപ്പോൾ ഇറ്റലിയുടെ തെക്ക് പടിഞ്ഞാറന്‍ പ്രദേശമായ സിസിലിയിലെ പലേർമോയിലെ വീട്ടിലിരുന്ന് അവൻ സങ്കടപ്പെട്ടത് ഒരു കാര്യമോർത്തായിരുന്നു. ലണ്ടനിലെ വിറ്റ്നിയിലുള്ള മുത്തശ്ശി റോസ്മേരിയെ (77) ഉടനെയൊന്നും കാണാൻ പറ്റില്ല. ബ്രിട്ടീഷുകാരനായ പിതാവ് ഫിൽ കോക്സിൻ്റെ അമ്മയാണ് റോസ്മേരി. ഫില്ലിനും ഇറ്റലിക്കാരിയായ മാതാവ് ജിയോവന്ന സ്റ്റോപ്പോണിയുമൊത്ത് ഒരു വർഷം മുമ്പാണ് അവൻ കിഴക്കൻ ലണ്ടനിലെ ഹാക്ക്നിയിൽ നിന്ന് പലേർമോയിലെത്തിയത്. അന്നു മുതൽ മുത്തശ്ശിയെ പിരിഞ്ഞിരിക്കുന്നതിൻ്റെ വിഷമത്തിലുമായിരുന്നു അവൻ. ഇനിയെന്ന് കാണാനാകുമെന്ന് അറിയുകയുമില്ല എന്നത് അവനെ ഏറെ വിഷമിപ്പിച്ചു. മുത്തശ്ശിയെ കാണാൻ പോകണമെന്ന് പറഞ്ഞപ്പോഴെല്ലാം വിമാന സർവീസ് പുനരാരംഭിക്കട്ടെ എന്നായിരുന്നു ഫില്ലിൻ്റെ മറുപടി. അത് എന്ന്? എന്ന അവൻ്റെ ചോദ്യത്തിന് മറുപടി ലഭിച്ചതുമില്ല. ഒടുവിൽ, അവൻ മാതാപിതാക്കൾക്ക് മുന്നിൽ ഒരാശയം മുന്നോട്ടുവെച്ചു. ലണ്ടനിലേക്ക് നടന്ന് പോവുക! പ്രതീക്ഷിച്ചതു പോലെ എതിർപ്പായിരുന്നു പ്രതികരണം. അവൻ പക്ഷേ, പിൻമാറിയില്ല. ഈ ആവശ്യം ഉന്നയിച്ച് കൊണ്ടേയിരുന്നു - 50ലേറെ തവണ. ഒടുവിൽ, അവൻ്റെ പിടിവാശിക്ക് മുന്നിൽ അവർ മുട്ടുമടക്കി. ഇറ്റലിയിൽ നിന്ന് റോഡ് മാർഗം ലണ്ടനിലേക്ക് പോകാൻ റോമിയോയും 46കാരനായ ഫില്ലും തീരുമാനിക്കുന്നത് അങ്ങിനെയാണ്.

കോവിഡ് കാലമാണ്. ഇറ്റലിയിലും പോകുന്ന വഴിക്കുള്ള മറ്റ് രാജ്യങ്ങളായ സ്വിറ്റ്സര്‍ലാൻറ്​, ഫ്രാന്‍സ് എന്നിവിടങ്ങളിലും കൊവിഡ് അതിന്‍റെ എല്ലാ ശക്തിയിലും പടര്‍ന്നു പിടിക്കുന്ന സമയം. മാത്രമല്ല, അത്രയും ദൂരം നടക്കാൻ റോമിയോക്ക് കഴിയുമോ എന്ന ആശങ്കയുമുയർന്നു. പക്ഷേ, പിൻമാറാൻ റോമിയോ ഒരുക്കമായിരുന്നില്ല. സുരക്ഷാ മുൻകരുതലുകളെടുത്ത് യാത്ര തുടങ്ങാമെന്ന് തന്നെയായിരുന്നു ഇരുവരുടെയും തീരുമാനം. അതിൻ്റെ പ്രധാന കാരണം പിന്നീട് റോമിയോ വ്യക്തമാക്കി - ''യാത്ര എത്ര ദുര്‍ഘടം നിറഞ്ഞതാണെങ്കിലും മുത്തശ്ശിയെ കാണാനാണല്ലോ പോകുന്നതെന്ന് ഓര്‍ത്തപ്പോള്‍ ആ ദൂരമൊരു ദൂരമല്ലെന്നും തടസ്സങ്ങൾ തടസ്സങ്ങളല്ലെന്നും എനിക്ക് തോന്നി. ഞാൻ മുത്തശ്ശിയെ അവസാനമായി കണ്ടിട്ട് ഒരു വർഷത്തിലേറെയായിരുന്നു. അതു മാത്രമല്ല, ലോക്ഡൗൺ സമയത്ത് അവര്‍ ലണ്ടനിലെ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. അതും എനിക്ക് സഹിക്കാനായില്ല".

ഫിലിം മേക്കറും മാധ്യമ പ്രവർത്തകനുമായ ഫിൽ ഒരു റൂട്ട് മാപ്പ് തയാറാക്കി. പലേര്‍മോയില്‍ നിന്ന് മിലന്‍ വഴി സ്വിറ്റ്സര്‍ലൻറിലേക്ക്. അവിടെ നിന്ന് ഫ്രാന്‍സ്. പിന്നെ കടല്‍ കടന്ന് ഇംഗ്ലണ്ട്. 2020 ജൂൺ 20ന് യാത്ര തുടങ്ങാനും തീരുമാനിച്ചു.


നക്ഷത്രങ്ങൾ കണ്ടുറങ്ങി, കാട്ടുനായ്ക്കളോട് പോരാടി...

സൂര്യോദയം നേരത്തെ ആയതിനാല്‍ രാവിലെ അഞ്ച് മണിക്ക് തന്നെ ഇരുവരും നടപ്പ് ആരംഭിച്ചു. മിക്ക ദിവസങ്ങളിലും ഈ പതിവ് തെറ്റിക്കപ്പെട്ടില്ല. ഗൂഗ്ൾ മാപ്പ് ആയിരുന്നു വഴികാട്ടി. രാത്രിയാകുമ്പോൾ ഏതെങ്കിലും സുരക്ഷിത സ്ഥലങ്ങളിൽ ടെൻറ് കെട്ടി നക്ഷത്രങ്ങളെയും കണ്ട് കിടന്നായിരുന്നു ആദ്യകാലങ്ങളിൽ ഉറക്കം. ചില ദിവസങ്ങളിൽ പള്ളികളും ഹോസ്റ്റലുകളും രാത്രിയിൽ അഭയം നൽകി. റോമിയോയുടെ യാത്രയുടെ ഓരോ ഘട്ടവും ചിത്രീകരിച്ചിരുന്ന ഫിൽ, 'റോമിയോസ് ബിഗ് ജേർണി ഹോം" (Romeo's big journey home) എന്ന ഫേസ്ബുക്ക് പേജിലൂടെ അത് പുറംലോകത്തെത്തിക്കുന്നുണ്ടായിരുന്നു. ഇതോടെ ഇവരുടെ യാത്ര പ്രശസ്തമായി. മിക്ക നഗരങ്ങളിലെയും ദൃശ്യ-അച്ചടി മാധ്യമങ്ങൾ റോമിയോയുടെ 'നല്ല നടപ്പ്' വാർത്തയാക്കി. അതോടെ രാത്രി ഉറങ്ങാനായി ഇരുവർക്കും വീടുകളിൽ സൗകര്യമൊരുക്കാൻ തയാറായി നിരവധി പേർ രംഗത്തെത്തി.

യാത്രക്കിടയിൽ നേരിടേണ്ടി വന്ന വെല്ലുവിളികൾ നിരവധിയാണ്. റോമിലേക്ക് കടന്ന ഇരുവരെയും വിജനമായൊരിടത്ത് വെച്ച് ഒരു കൂട്ടം കാട്ടുനായ്ക്കള്‍ അക്രമിച്ചു. "ആദ്യം ഭയന്നെങ്കിലും ഞങ്ങൾ ശക്തമായി തന്നെ നായ്ക്കളെ നേരിട്ടു. എങ്ങിനെ അവയെ തുരത്താനുള്ള ശക്തി കിട്ടിയെന്നറിയില്ല. ഞങ്ങളുടെ വഴി വീണ്ടെടുക്കാന്‍ അതല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നു " - പിന്നീട് ഈ സംഭവം ഓർത്തെടുക്കുമ്പോഴും റോമിയോയിൽ നടുക്കം ബാക്കിയായിരുന്നു.

കാട്ടുവഴികളില്‍ കൂടിയുള്ള യാത്ര ദുഷ്കരമായപ്പോള്‍ അവര്‍ ഒരു കാട്ടു കഴുതയെ മെരുക്കി ഒപ്പം കൂട്ടി. പെഡ്രോ എന്ന് പേരിട്ട കഴുത ദിവസങ്ങളോളം തങ്ങളുടെ സാധനങ്ങള്‍ ചുമക്കാന്‍ സഹായിച്ച കാര്യവും റോമിയോ തന്‍റെ ഫേസ്ബുക്ക് പേജില്‍ വിശദമായി എഴുതിയിട്ടുണ്ട്.

ഒരു രാത്രിയിൽ പാതയോരത്ത് കണ്ട വലിയൊരു മരത്തിൻ്റെ ചുവട്ടിലാണ് കിടന്നുറങ്ങിയത്. രാവിലെ ഉണർന്നപ്പോളാണ് അതിലെ ഭീമൻ കടന്നൽക്കൂട് കാണുന്നത്. പ്രതിസന്ധികൾ ഏറെ ഉണ്ടായെങ്കിലും അവര്‍ നടന്നും സൈക്കിളിലും ബോട്ടിലും സഞ്ചരിച്ചും കാടും മലയും കടലും കടന്ന് മുന്നോട്ട് തന്നെ നീങ്ങി. സമാധാനവും സംഘര്‍ഷവും ഉയര്‍ത്തിയ ഭൂമികകള്‍ പിന്നിട്ട്...ഒരു പരിചയം പോലുമില്ലാത്തവരുടെ വീടുകളില്‍ ഉറങ്ങി... ''അനുഭവങ്ങളുടെ പറുദീസ" എന്നായിരുന്നു ആ യാത്രയെ പിന്നീട് റോമിയോ വിശേഷിപ്പിച്ചത്.


50 കുടിയേറ്റ വിദ്യാർഥികൾക്ക് ടാബ് നൽകിയ "നല്ല നടപ്പ്"

യാത്രക്കിടയിൽ വടക്കൻ ഫ്രാൻസിലെ കലൈസിലുള്ള അഭയാർഥി ക്യാമ്പിൽ വളണ്ടിയറായി സേവനം ചെയ്യുന്നതിനും ഫില്ലും റോമിയോയും സമയം കണ്ടെത്തി. അമ്മ ജിയോവന്ന സ്റ്റോപ്പോണി നേതൃത്വം നൽകുന്ന സന്നദ്ധ സംഘടനയായ 'റിയാക്ടി'​െൻറ (Refugee Education Across Conflicts Trust-REACT) സജീവ പ്രവർത്തകനായ റോമിയോക്ക് സന്നദ്ധ സേവനം പുതിയൊരു കാര്യവുമല്ല. കുടിയേറ്റക്കാരുടെ കുട്ടികൾക്ക് വിദ്യാഭ്യാസ സൗകര്യങ്ങളൊരുക്കുന്ന പ്രവർത്തനമാണ് 'റിയാക്ട്' നടത്തുന്നത്. റോമിയോയുടെ യാത്രയെയും 'റിയാക്ടി​െൻറ' പ്രവർത്തനത്തെയും കുറിച്ച് അറിഞ്ഞവർ ഇവർക്ക് ധനസഹായം നൽകാനും തയാറായി. 13,731 യൂറോയാണ് പിരിഞ്ഞു കിട്ടിയത്. യാത്രയ്ക്കിടെ സ്വരൂപിച്ച ഈ പണം പലേർമോയിലെ ഓർഗനൈസേഷൻ ഡ്രോപ്പ്, കമ്മ്യൂണിറ്റി സെൻറർ എന്നിവയ്ക്ക് റോമിയോ നൽകി. 50 അഭയാർഥി കുട്ടികൾക്ക് ടാബ്ലെറ്റുകൾ വാങ്ങാനും വൈഫൈ കണക്ഷൻ ലഭ്യമാക്കാനുമാണ് ഈ തുക ഉപയോഗിച്ചത്.

"പലെർമോയിൽ എന്‍റെ പ്രായത്തിലും അതിൽ കൂടുതലുമുള്ള നിരവധി അഭയാർഥി കുട്ടികൾക്ക് ലോക്ഡൗൺ കാലത്ത് എല്ലാ പഠന സാധ്യതകളും മുടങ്ങിപ്പോയിരുന്നു. വിദ്യാഭ്യാസം ഓൺ‌ലൈനിലേക്ക് മാറിയതോടെ നിരവധി കുട്ടികള്‍ക്ക് പഠനസൗകര്യം ഇല്ലാതായി. ഞാന്‍ സമാഹരിച്ച പണം അവരുടെ പഠനത്തിന് ഉപകരിക്കുമെന്നതില്‍ ഏറെ സന്തോഷമുണ്ട്'' - റോമിയോയുടെ വാക്കുകളിൽ ചാരിതാർഥ്യം.

അഭയാർഥി കുട്ടികളെ സഹായിക്കാൻ മറ്റൊരു കാരണവും റോമിയോയ്ക്ക് ഉണ്ട്. ലണ്ടനിൽ നിന്ന് ഇറ്റലിയിലെത്തിയ ശേഷം അവരായിരുന്നു അവന് കൂട്ട്. ഇറ്റാലിയനിൽ സംസാരിക്കാൻ അവനെ പഠിപ്പിച്ചതും അവരാണ്. "ഇറ്റലിയിലെ ജീവിതം തുടങ്ങിയപ്പോൾ അവർ എന്നെ ഒരുപാട് സഹായിച്ചിരുന്നു. അതിന് പ്രത്യുപകാരം ചെയ്യാനുള്ള അവസരമാണെനിക്ക് ലഭിച്ചത്. ഘാനയിൽ നിന്ന് സിസിലിയിലേക്ക് കുടിയേറിയ റാൻഡോൽഫ് ആണ് ഭാഷയൊക്കെ പഠിക്കാൻ .എന്നെ ഏറെ സഹായിച്ചത്. കുടിയേറ്റക്കാലത്ത് എന്നെക്കാൾ നടന്നിട്ടുണ്ട് അവൻ. പക്ഷേ, ഭക്ഷണമില്ലാതെയും വെള്ളമില്ലാതെയുമൊക്കെ ആണെന്ന് മാത്രം. അവന്‍ സംഘർഷങ്ങളില്‍ നിന്ന് രക്ഷപ്പെട്ട്, ഭയന്ന്, ജീവൻ കൈയിൽ പിടിച്ചാണ് യാത്ര ചെയ്തത്. അവനും കൂട്ടർക്കുമായി ഇത്രയെങ്കിലും ചെയ്യാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്'' - റോമിയോ പറയുന്നു.

സ്വന്തവും സ്വത്വവും നഷ്ടപ്പെട്ട കുട്ടികൾക്കായി റോമിയോ നടത്തിയ പ്രവർത്തനങ്ങൾ അറിഞ്ഞ് അവനെ കാണാൻ ഒരു വിശിഷ്ടാതിഥി എത്തിയിരുന്നു. നാസി കൂട്ടക്കുരുതിയിൽ നിന്ന് സർ നിക്കോളാസ് വിൻറൺ രക്ഷിച്ച് ഇംഗ്ലണ്ടിലെത്തിക്കുകയും പിന്നീട് ബ്രിട്ടീഷ് പാർലമെൻറംഗം ആകുകയും ചെയ്ത ആൽഫ്രഡ് ഡബ്സ് പ്രഭു. വിൻ്റൺ രക്ഷിച്ച 699 യഹൂദ കുട്ടികളിൽ ഒരാളായിരുന്നു ആൽഫ്രഡ്.


ലോകത്തെ എല്ലാ മുത്തശ്ശിമാർക്കുമായി ആ ചുംബനം

ഫ്രാൻസിൽ നിന്ന് ബോട്ടിൽ ഇംഗ്ലീഷ് ചാനൽ കടന്നാണ് റോമിയോയും ഫില്ലും ബ്രിട്ടണിലെത്തുന്നത്. "ഞങ്ങൾ ലണ്ടനുമായി കൂടുതൽ അടുക്കുമ്പോൾ മുത്തശ്ശിയെ കാണുന്നതിനെക്കുറിച്ച് മാത്രമായിരുന്നു എൻ്റെ ചിന്ത. ഞാൻ അത്രമാത്രം ആവേശഭരിതനായിരുന്നു. ലോക്ഡൗൺ സമയത്ത് മുത്തശ്ശിയുമായി ഫോണിൽ സംസാരിച്ചിരുന്നു. പക്ഷേ, എനിക്കത് മതിയായിരുന്നില്ല. അവരെ ഒന്ന് ആലിംഗനം ചെയ്യാൻ എനിക്കിനിയും കാത്തിരിക്കാനാകുമായിരുന്നില്ല" - ലണ്ടനിലേക്ക് അടുക്കുമ്പോഴുണ്ടായിരുന്ന ആവേശം റോമിയോയിൽ നിന്ന് ഇനിയും വിട്ടുമാറിയിട്ടില്ല

യാത്ര തുടങ്ങി 93 ദിവസം പിന്നിട്ട് സെപ്റ്റംബർ 21നാണ് ഇരുവരും ട്രാഫൽഗർ സ്‌ക്വയറിലെത്തിയത്. അപ്പോഴേക്കും അവർ 2735 കിലോമീറ്റർ പിന്നിട്ടിരുന്നു. അവരെത്തുന്നതിറഞ്ഞ് വന്‍ സ്വീകരണമാണ് അവിടെ പഴയ അയൽക്കാർ ഒരുക്കിയിരുന്നത്. റോമിയോയെ എതിരേൽക്കാൻ ഏട്ട് കിലോമീറ്ററോളം നടന്നാണ് അവർ ട്രാഫൽഗർ സ്ക്വയറിലെത്തിയത്. "ലോകത്തെ ഏറ്റവും മികച്ച തെരുവിലാണ് ഞാൻ വളർന്നത്. സൗത്ത്ബൊറോ റോഡ്. എനിക്കെൻ്റെ വീട് പോലെയാണീ തെരുവ്. അയൽക്കാരെല്ലാം കുടുംബാംഗങ്ങളെ പോലെയും. അവരെല്ലാം എന്നെ സ്വീകരിക്കാനെത്തിയത് ഏറെ സന്തോഷമാണ് സമ്മാനിച്ചത് " - റോമിയോ പറയുന്നു.

ലണ്ടനിലെത്തി 14 ദിവസം ക്വാറൻറീനിൽ ഇരുന്ന ശേഷമാണ് റോമിയോയ്ക്ക് റോസ്മേരിയെ കാണാൻ കഴിഞ്ഞത്. ഒടുവിൽ ആ ദിവസം വന്നെത്തി. 107 ദിവസത്തെ കാത്തിരിപ്പ് പൂർത്തിയായ ഒക്ടോബർ നാല്. മുത്തശ്ശിയെ കാണാനുള്ള ആവേശത്തിൽ ഓടിയാണ് അവൻ വീട്ടിലേക്കെത്തിയത്. അവനെ കെട്ടിപ്പിടിച്ച് ചുംബിച്ച ശേഷം റോസ്മേരി പറഞ്ഞു - "ലോകത്തെ എല്ലാ മുത്തശ്ശിമാർക്കും വേണ്ടിയാണ് ഈ ചുംബനം". ലോകത്തെ എല്ലാ കൊച്ചു മക്കൾക്കും വേണ്ടി റോമിയോ അതേറ്റുവാങ്ങുകയും ചെയ്തു.

''എന്നെ ഒരുനോക്ക് കാണുന്നതിന് ഇവൻ ഇത്ര ത്യാഗങ്ങൾ സഹിച്ചത് എനിക്കിപ്പോഴും അവിശ്വസനീയമായി തോന്നുന്നു. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ആലിംഗനമാണ് അവനെനിക്ക് നൽകിയത് " - റോസ്മേരിയുടെ വാക്കുകൾ സ്നേഹക്കടലായി.

റോമിയോയുടെ നേട്ടത്തിൽ എല്ലാവരും അഭിനന്ദിക്കുന്നത് മകൻ്റെ ആഗ്രഹം സാക്ഷാത്കരിക്കാൻ ഒപ്പം നിന്ന പിതാവ് ഫില്ലിനെയാണ്. " ഒരു കുട്ടിയുടെ സങ്കൽപ്പത്തിനൊപ്പം യാത്ര ചെയ്യുക. എൻ്റെ മാനസിക ഊർജം വർധിപ്പിക്കുന്നതായിരുന്നു അത്. ഒരുമിച്ചുണ്ടായിരുന്ന ഈ ദിവസങ്ങൾ ഞങ്ങൾക്ക് എന്നും സ്പെഷലാണ്"- മാധ്യമപ്രവർത്തനത്തിനിടെ 2017ൽ സുഡാനിൽ വെച്ച് മൂന്ന് മാസം വിമത ഗ്രൂപ്പുകാർ ബന്ദിയാക്കിയിട്ടുള്ള ഫില്ലിന് മറ്റൊരു വേറിട്ട അനുഭവമായിരുന്നു ഈ യാത്ര.

'റിയാക്ടിൻ്റെ' പ്രവർത്തനത്തിന് പണം സ്വരൂപിക്കാനായി ഇത്തരമൊരു സാഹസിക യാത്ര വീണ്ടും നടത്താനുള്ള ആലോചനയിലാണ് റോമിയോ. പക്ഷേ, ആറു മാസത്തേക്ക് അതേക്കുറിച്ച് ആലോചിക്കേണ്ടയെന്നാണ് ഫില്ലിൻ്റെ തീരുമാനം. "എനിക്കത്രയും കാത്തിരിക്കാനാകില്ല" - ചെറുചിരിയോടെ ഇത് പറയുമ്പോൾ റോമിയോയുടെ കണ്ണുകളിൽ നക്ഷത്ര തിളക്കം.

വിഡിയോ കാണാം


Show Full Article
TAGS:Rosemary Romeo Grandson meets grandmother Lockdown 
Next Story