സഞ്ചാരികൾ നിറഞ്ഞ് പാതിരാമണൽ; അസൗകര്യങ്ങൾ കുന്നോളം
text_fieldsആലപ്പുഴ: ലോക ടൂറിസം ഭൂപടത്തിൽ ഇടംപിടിച്ച പാതിരാമണലിൽ കോവിഡാനന്തരം ആളുകളുടെ കുത്തൊഴുക്ക്. നൂറുകണക്കിനാളുകൾ ദിവസവും എത്തുന്ന സഞ്ചാരകേന്ദ്രം പക്ഷേ, പരിമിതികളിൽ നട്ടംതിരിയുകയാണ്. പ്രാഥമിക സൗകര്യങ്ങൾപോലും ഇവിടെ ഒരുക്കിയിട്ടില്ല. അധികാരികളാകട്ടെ തിരിഞ്ഞുനോക്കുന്നുമില്ല.
കായലിന്‍റെ നടുവിൽ പരിസ്ഥിതി സംരക്ഷിത മേഖലയായ ഇവിടേക്ക് എത്തുന്നവർ വലിച്ചെറിയുന്ന മാലിന്യം തിങ്ങിനിറഞ്ഞ നിലയിലാണ്. ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ എടുത്തുമാറ്റാൻപോലും മുഹമ്മ പഞ്ചായത്ത് സംവിധാനം ഒരുക്കിയിട്ടില്ല. ജലഗതാഗത വകുപ്പിന്‍റെ ബോട്ടുകളിലും സ്വകാര്യ ഹൗസ്ബോട്ടുകളിലും നൂറുകണക്കിനാളുകൾ ദിവസവും ഈ ദ്വീപിന്‍റെ വിസ്മയക്കാഴ്ച ആസ്വദിക്കാനെത്തുന്നുണ്ട്.
കാടുമൂടിയ പ്രദേശത്തുകൂടിയുള്ള വേറിട്ട നടത്തമാണ് സഞ്ചാരികളുടെ പ്രധാന ആകർഷണം. കൂടുതൽ ആകർഷകമാക്കാൻ നീന്തൽക്കുളം, നടപ്പാത നിർമാണം എന്നിവയടക്കം നിരവധി പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും അതൊന്നും നടപ്പായില്ല. ഏറ്റവുമൊടുവിൽ സൂര്യകാന്തി ഉൾപ്പെടെയുള്ള പൂക്കളുടെ ഉദ്യാനം തീർക്കുമെന്നായിരുന്നു പ്രഖ്യാപനം.
ഇതിനോട് ചേർന്ന് വരുമെന്ന് പറഞ്ഞ താമരക്കുളവും ആമ്പൽ വളർത്തൽ പദ്ധതിയും കടലാസിലൊതുങ്ങി. കായൽപരപ്പിൽ യുവകർഷകൻ സുജിത് ഒരുക്കിയ മാതൃകയിൽ ഫ്ലോട്ടിങ് പൂന്തോട്ടം വേണമെന്ന് ആവശ്യപ്പെട്ട് കൃഷിമന്ത്രിക്ക് നിവേദനം നൽകിയിട്ടും നടപടിയുണ്ടായില്ല. അധികാരികളുടെയും സർക്കാറിന്‍റെയും നിസ്സംഗതയാണ് വികസനത്തിന് പ്രധാന തടസ്സം.
ആലപ്പുഴ, മുഹമ്മ ജെട്ടികളിൽനിന്ന് ഇവിടേക്ക് ജലഗതാഗത വകുപ്പിന്‍റെ സർവിസുണ്ട്. മണിക്കൂറുകൾ കായൽ ചുറ്റുന്ന വേഗ-രണ്ട് യാത്രയിൽ പ്രധാനമാണ് പാതിരാമണൽ ദ്വീപ് കാഴ്ച. മുഹമ്മ, കായിപ്പുറം ജെട്ടിയിൽനിന്ന് യാത്രാബോട്ടുകളും കുമരകം അടക്കമുള്ള സ്ഥലങ്ങളിൽനിന്ന് ഹൗസ്ബോട്ടുകളും ശിക്കാരവള്ളങ്ങളും എത്തുന്നുണ്ട്.
തിരക്ക് കൂടുമ്പോൾ മുഹമ്മ -കുമരകം പാതയിൽ സർവിസ് നടത്തുന്ന ജലഗതാഗത വകുപ്പിന്‍റെ യാത്രാബോട്ടുകളിൽ സഞ്ചാരികളെ കയറ്റി പാതിരാമണലിൽ ഇറക്കും. പിന്നീട് മറ്റൊരു ബോട്ടിൽ തിരികെയെത്തിക്കുന്ന വിധമാണ് സംവിധാനം.വേമ്പനാട്ടുകായലിന് നടുവിൽ നൂറേക്കറിലാണ് പാതിരാമണൽ ദ്വീപിന്‍റെ സ്ഥാനം. ചേർത്തലയിലെ അന്ത്രപ്പേർ കുടുംബത്തിൽനിന്ന് മിച്ചഭൂമിയായി സർക്കാർ ഏറ്റെടുത്ത ദ്വീപ് മുഹമ്മ പഞ്ചായത്ത് പരിധിയിലാണ്.
തലമുറകളായി ഈ ദ്വീപിൽ താമസിച്ചിരുന്ന 13 കുടുംബങ്ങൾക്ക് മുഹമ്മ പഞ്ചായത്തിൽ പകരം സ്ഥലം നൽകിയാണ് ടൂറിസം പദ്ധതിക്കായി കൈമാറിയത്. 1989ൽ ഉപരാഷ്ട്രപതിയായിരുന്ന ശങ്കർ ദയാൽ ശർമയാണ് പാതിരാമണൽ ദ്വീപിലെ ടൂറിസം പദ്ധതിക്ക് ആദ്യം കല്ലിട്ടത്. 2008 നവംബർ 10ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദൻ ബയോപാർക്ക് നിർമാണോദ്ഘാടനം നടത്തി. ശിലാഫലകം ഉയർന്നതല്ലാതെ മറ്റൊന്നും ദ്വീപിലില്ല.പിന്നീട് അവഗണനയുടെ പര്യായമായി ഇത് മാറിയതോടെ നാണക്കേട് മറയ്ക്കാൻ ഉദ്ഘാടന ഫലകം മുഹമ്മ പഞ്ചായത്ത് ഓഫിസിലേക്ക് മാറ്റിസ്ഥാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.