ഫ്രീ വൈഫൈ, സാഹസിക റൈഡുകൾ...ഇനി ‘പൊളിയാകും’ ഈ യാത്രകൾ
text_fieldsവാഗമണ്ണിൽ ഒരുക്കിയ സാഹസിക വിനോദങ്ങളിലൊന്ന്
തൊടുപുഴ: ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ട് ഡി.ടി.പി.സി.യുടെ (ജില്ല ടൂറിസം പ്രമോഷൻ കൗണ്‍സിൽ) നേതൃത്വത്തിൽ കൂടുതൽ പദ്ധതികൾ ഒരുങ്ങുന്നു. എല്ലാ സെന്ററുകളിലും ഫ്രീ വൈ-ഫൈ നൽകാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
വാഗമൺ മൊട്ടക്കുന്ന്, പാഞ്ചാലിമേട്, മൂന്നാർ പാർക്ക്, മാട്ടുപ്പെട്ടി എന്നിവിടങ്ങളിൽ പ്രാഥമിക നടപടി ആയിട്ടുണ്ട്. ഡി.ടി.പി.സിയുടെ കീഴിലെ 12 സെന്ററുകളിലും വൈഫൈ സംവിധാനം ഒരുക്കാനാണ് ലക്ഷ്യം. സെന്ററുകൾ പലതും ഉയരംകൂടിയ സ്ഥലങ്ങളിലും കുന്നുകൾ നിറഞ്ഞ പ്രദേശമായതിനാലും കേബിൾ കൂടുതൽ വലിക്കേണ്ട സാഹചര്യമുണ്ട്. ഇതിനുള്ള ശ്രമങ്ങൾ നടക്കുകയാണ്. എല്ലാ സെന്ററിലും ഓൺലൈൻ ഇടപാടുകൾക്കുള്ള സംവിധാനവും ആലോചനയിലുണ്ടെന്ന് ജില്ല ടൂറിസം പ്രമോഷൻ കൗണ്‍സിൽ സെക്രട്ടറി ജിതേഷ് ജോസ് പറഞ്ഞു.
വാഗമണ്ണിൽ കഴിഞ്ഞദിവസം ആരംഭിച്ച സാഹസിക റൈഡുകൾ ഉൾപ്പെടുന്ന അഡ്വഞ്ചർ പാർക്കിന് സമാനമായി സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികൾ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലും തുടങ്ങാൻ ആലോചനയുണ്ട്. പീരുമേട് താലൂക്കിലെ പാഞ്ചാലിമേട്ടിൽ ആരംഭിക്കുന്ന പദ്ധതിയുടെ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഇതിന് പുറമേ രാമക്കൽമേട്ടിലും ശ്രീനാരായണപുരത്തും വിവിധ റൈഡുകളോടെയുള്ള പദ്ധതി നടപ്പാക്കും.
വാഗമണ്ണിൽ മൂന്നുകോടി മുടക്കി നിർമിച്ച ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ കാൻഡി ലിവർ ചില്ലുപാലം ഉൾപ്പെടെ ആറുകോടിയുടെ പദ്ധതിയാണ് ഡി.ടി.പി.സി സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കിയത്. മൊട്ടക്കുന്നുകളും പൈൻമരക്കാടുകളും ഉൾപ്പെടെ മനോഹരമായ കാഴ്ചയുടെ വിരുന്നൊരുക്കുന്ന വാഗമണ്ണിൽ അഡ്വഞ്ചർ റൈഡുകൾകൂടി വന്നതോടെ ഇവിടേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വർധനയുണ്ടാകുമെന്നാണ് ഡി.ടി.പി.സിയുടെ കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

