Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Ahmedabad mosque
cancel
Homechevron_rightTravelchevron_rightഅഹ്മദാബാദിലെ...

അഹ്മദാബാദിലെ പള്ളിപ്പെരുമ

text_fields
bookmark_border

ബർമതി തീരത്തുള്ള അഹ്മദാബാദിലൂടെ ചരിത്രങ്ങൾ അയവിറക്കിയുള്ള യാത്ര അവിസ്മരണീയമാണ്. വായനയിലൂടെയുള്ള അറിവുകളോടൊപ്പം ഗൈഡിന്റെ വിവരണങ്ങൾകൂടിയാവുമ്പോൾ വിട്ടുപോയ പ്രാദേശിക അറിവുകൾകൂടി മനസ്സിലാക്കാൻ സാധിക്കും. അഹ്മദാബാദിൽ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് ഇവിടത്തെ മുസ്‍ലിം പള്ളികൾ എന്ന ഗൈഡ് ഭൂപെൻ ഓസയുടെ നിർദേശമാണ് അഹ്മദാബാദിലെ പള്ളികൾ കാണണമെന്ന ആഗ്രഹമുണ്ടാക്കിയത്. അതിന്റെ പ്രത്യേകതളെ കുറിച്ച് അദ്ദേഹത്തോടുതന്നെ ചോദിച്ചു.

പണ്ടുകാലത്ത്, ഹജ്ജിനു പോകാനുള്ള പ്രധാന കവാടമായിരുന്നു ഗുജറാത്ത്. അതുകൊണ്ടുതന്നെ ഗുജറാത്തിലെ ഏറ്റവും വലിയ, ഒട്ടേറെ സവിശേഷതകളുള്ള നഗരമായ അഹ്മദാബാദ് വിവിധ മുസ്‍ലിം രാജവംശങ്ങളുടെ പ്രിയപ്പെട്ട സ്ഥലമായി മാറി. പതിനാലാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ തന്നെ ഇൻഡോ-ഇസ്‍ലാമിക് വാസ്തുവിദ്യ ഗുജറാത്തിൽ അഭിവൃദ്ധി പ്രാപിച്ചിരുന്നു എന്നതിന് തെളിവാണ് ഇന്നും പ്രൗഢിയോടെ നിലനിൽക്കുന്ന പള്ളികൾ.

ഗൈഡിന്റെ വിശദീകരണങ്ങളുടെ ചുവടുപിടിച്ച് അന്നു രാത്രിതന്നെ അഹ്മദാബാദിലെ പള്ളികളെപ്പറ്റിയുള്ള പല കുറിപ്പുകളും വായിച്ചു. വായിക്കുന്തോറും കാണാനുള്ള ആഗ്രഹം കലശലായി. അടുത്ത ദിവസംതന്നെ 'പള്ളികളെ തേടിയുള്ള പ്രയാണം' അരംഭിച്ചു. തുടക്കം ജുമാ മസ്ജിദിൽ നിന്നുമായിരുന്നു. അഹ്മദാബാദ് നഗരത്തിന്റെ സ്ഥാപകനായ അഹമ്മദ് ഷാ 1424ലാണ് ജുമാ മസ്ജിദ് നിർമിച്ചത്. അന്ന് ഈ പ്രദേശത്തെ ഏറ്റവും വലിയ മസ്ജിദായിരുന്നു ഇതെന്നാണ് പറയപ്പെടുന്നത്. അഹ്മദാബാദിലെ പ്രധാന റോഡിന്റെ അരികിലാണ് ഈ പള്ളി.








വെളുത്ത മാർബിൾ പാകിയ അതിവിശാലമായ അങ്കണത്തിലൂടെ നടന്ന് പ്രധാന കെട്ടിടത്തിന്റെ അരികിലെത്തി. മഞ്ഞ മണൽക്കല്ലിൽ നിർമിച്ച പള്ളിയുടെ 15 താഴികക്കുടങ്ങളെ താങ്ങിനിർത്തുന്ന കൊത്തുപണികളോടുകൂടിയ 260 തൂണുകൾ. ഏറ്റവും മുന്നിലെ മിനാരങ്ങളിലെ കൊത്തുപണികൾ ഇവയിൽനിന്നെല്ലാം വേറിട്ടുനിൽക്കുന്നതും ആശ്ചര്യപ്പെടുത്തുന്നതുമായിരുന്നു. താഴികക്കുടങ്ങളിൽ ചിലത് താമരപ്പൂക്കൾ പോലെ കൊത്തിയെടുത്തവയാണ്. ഈ നിർമിതിയിൽ ഹിന്ദു ജൈന വാസ്തുവിദ്യ സംയോജനം പ്രകടമായിരുന്നു. മണൽകല്ലിൽ കൊത്തിയെടുത്ത ജാലികളും (ജനൽ) ഭിത്തിയിലെ കൊത്തുപണികളും ഏറെ എടുത്തുപറയേണ്ടതാണ്.




തുടർന്നുള്ള യാത്ര സിദ്ധി സയീദ് പള്ളിയിലേക്ക്. ഈ പള്ളി അറിയപ്പെടുന്നത് ഇവിടത്തെ 'ട്രീ ഓഫ് ലൈഫ്' എന്ന ജാലിയുടെ പേരിലാണ്. യമനിൽനിന്നുവന്ന് സുൽത്താന്റെ കീഴിൽ ജോലി ചെയ്തിരുന്ന സിദ്ധി സയീദ് 1572ലാണ് ഇത് നിർമിച്ചത്. ഈ ചെറിയ പള്ളിയുടെ കവാടത്തിനടുത്തായി തെളിഞ്ഞ വെള്ളം നിറച്ച ഒരു സംഭരണിയുണ്ട്. കുറച്ചുപേർ പള്ളിയിൽ പ്രാർഥനയിൽ മുഴുകിയിരിക്കുന്നുണ്ട്. മസ്ജിദിന്റെ പിറകുവശത്തെ ഭിത്തിയിൽ അർധവൃത്താകൃതിയിലുള്ള കൊത്തുപണികളോടുകൂടിയ പത്ത് ജാലികളാണ് ഉണ്ടായിരുന്നത്. ഏറ്റവും വിശിഷ്ടം ഇലകളും ശാഖകളും വല്ലരികളുമായി നിൽക്കുന്ന വൃക്ഷത്തെപ്പോലെ നിർമിച്ച ജാലിയാണ്. ഈ ജാലിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഐ.ഐ.എം അഹ്മദാബാദിന്റെ ലോഗോ ഡിസൈൻ ചെയ്തിരിക്കുന്നത്. പള്ളിയുടെ പിറകിൽനിന്ന് നോക്കുമ്പോഴാണ് ജാലിയുടെ ഭംഗി പൂർണമായി ആസ്വദിക്കാൻ കഴിയുക എന്ന കാവൽക്കാരന്റെ അഭിപ്രായം കേട്ട് ഞങ്ങൾ റോഡിലൂടെ നടന്ന് പള്ളിയുടെ പിറകുവശത്തേക്ക് പോയി. ശരിക്കും വ്യത്യസ്തമായ കാഴ്ചവിസ്മയം.


അവിടെ നിന്ന് അധികം ദൂരത്തല്ലാതെ സ്ഥിതി ചെയ്തിരുന്ന റാണി രൂപവതിയുടെ പള്ളിയായിരുന്നു അടുത്ത ലക്ഷ്യം. ഈ പള്ളിയെപ്പറ്റി കൂടുതൽ കാര്യങ്ങൾ പറഞ്ഞുതന്നത് ഡ്രൈവറായിരുന്നു. പണ്ട് സുൽത്താന്മാർ ഹിന്ദു നാടുവാഴികളുടെ മക്കളെ വിവാഹം കഴിക്കാറുണ്ടായിരുന്നെന്നും ആ പ്രദേശത്ത് ആധിപത്യം സ്ഥാപിക്കാൻ ഇത്തരം ബന്ധങ്ങൾ ഉപകരിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. സുൽത്താൻ ഖുത്ബുദ്ദീന്റെ ഭാര്യയായിരുന്ന റാണി രൂപവതി, സുൽത്താന്റെ മരണശേഷം അദ്ദേഹത്തിന്റെ സഹോദരൻ മഹ്മൂദ് ബെഗദനെ വിവാഹം കഴിച്ചു. രൂപവതിക്കുവേണ്ടി രണ്ടാം ഭർത്താവായ മഹ്മൂദ് ബെഗദ പണിതതായിരുന്നു ഈ പള്ളി.


അന്നത്തെ കാലത്തെ ഹിന്ദു-മുസ്‍ലിം വിവാഹം മാത്രമല്ല, റാണിയുടെ പേരിലുള്ള മുസ്‍ലിം പള്ളിയും എന്നിൽ കൗതുകമുളവാക്കി. കൊത്തുപണികളാൽ അലങ്കരിച്ച താഴികക്കുടങ്ങളും ജാലകങ്ങളും മേൽക്കൂരയും പള്ളിയെ സവിശേഷമാക്കി. മസ്ജിദിന്റെ വടക്കുകിഴക്കായി രൂപവതി രാജ്ഞിയുടെ അവശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്ന 'റോസ'കൂടി സന്ദർശിച്ച് ഞങ്ങൾ അഹമ്മദ് ഷാ പള്ളിയിലേക്ക് പോയി.


സുൽത്താനും പ്രഭുക്കന്മാർക്കും വേണ്ടി 1414ൽ പണികഴിപ്പിച്ചതാണ് അഹമ്മദ് ഷായുടെ മസ്ജിദ്. വ്യത്യസ്തമായ കൽത്തൂണുകളും ജാലികളും കൗതുകം ജനിപ്പിക്കുന്നതായിരുന്നു. നൂറ്റിയമ്പതിലധികം തൂണുകളും നാല് കമാന കവാടങ്ങളും ഉൾപ്പെട്ടതാണ് പള്ളി. സുൽത്താൻ അഹമ്മദിന്റെ ആദ്യകാല പോരാട്ടങ്ങളിൽ വീരമൃത്യു വരിച്ച യോദ്ധാക്കളെ അനുസ്മരിക്കുന്ന ഗഞ്ച് ഷാഹിദ് എന്ന കുന്നാണ് അവിടത്തെ ആകർഷകമായ മറ്റൊരു സവിശേഷത.






തുടർന്നു കണ്ട റാണി സിപ്രിയുടെ മസ്ജിദ്, ഹൈന്ദവ-ഇസ്‍ലാമിക കലയുടെയും വാസ്തുവിദ്യയുടെയും സമന്വയം പ്രകടമാക്കുന്ന ഒന്നായിരുന്നു. അഹമ്മദ് ഷായുടെ മക്കളിൽ ഒരാളെ വിവാഹം കഴിച്ച റാണി സിപ്രി ഒരു ഹിന്ദു നാടുവാഴിയുടെ മകളായിരുന്നു. തന്റെ ഭർത്താവ്, ചില ദുഷ്പ്രവൃത്തികൾക്ക് മകനെ വധിച്ച ശേഷമാണ് രാജ്ഞി 1514ൽ ഈ മസ്ജിദ് പണിതത്. മരണശേഷം, രാജ്ഞിയെ ഈ പള്ളിയിൽതന്നെ അടക്കം ചെയ്തു. ഒരൊറ്റ താഴികക്കുടമുള്ള മസ്ജിദിന്റെ പ്രധാന സവിശേഷതകൾ അതിന്റെ സ്തംഭങ്ങളും പൂക്കളുടെ രൂപങ്ങളും ചെടികളുമുള്ള ജാലി വർക്കുകളുമാണ്. അന്നു കണ്ടതിൽ ഏറ്റവും മനോഹരമായ കൊത്തുപണികൾ ആ പള്ളിയിലായിരുന്നു ഉണ്ടായിരുന്നത്.


പള്ളികൾക്കിടയിലെ രത്‌നം എന്നർഥത്തിൽ മസ്ജിദ്-ഇ-നാഗിന എന്ന് ഈ പള്ളിയെ വിശേഷിപ്പിക്കുന്നതിൽ അതിശയോക്തിയില്ലെന്ന്, കാണുമ്പോൾ നമുക്ക് ബോധ്യമാവും. കമാനങ്ങളും ചുവരുകളും വിശുദ്ധ ഖുർആനിൽനിന്നുള്ള ലിഖിതങ്ങളാൽ അലങ്കരിച്ചിരിക്കുന്നു. എന്നാൽ, തൂണുകളും മേൽക്കൂരയും അലങ്കരിച്ചിരുന്ന രൂപങ്ങൾ അക്കാലത്ത് നിലനിന്നിരുന്ന ഹിന്ദു-ജൈന കലകളോടും വാസ്തുവിദ്യയോടും സാമ്യം പുലർത്തുന്നതായിരുന്നു. കെട്ടിടത്തിന്റെ മുകൾനിലയിൽ ജെനാന എന്ന പേരിൽ സ്ത്രീകൾക്കുവേണ്ടി പ്രത്യേക ആരാധനാലയവും ഇവിടെയുണ്ട്.

''നമ്മുടെ അടുത്ത ലക്ഷ്യം കുലുങ്ങുന്നമിനാരങ്ങൾക്കു പുകൾപെറ്റ സിദി ബഷീർ മസ്ജിദാണ്'' ഡ്രൈവർ ആകാംക്ഷ ജനിപ്പിക്കാനായി പറഞ്ഞു. കുലുങ്ങുന്ന മിനാരമെന്നാൽ പണിതതിലുള്ള അപാകതകൊണ്ട് കുലുക്കം സംഭവിച്ചതാണെന്ന് തെറ്റിദ്ധരിക്കരുത്. അഹ്മദാബാദിലെ ചില പള്ളികളിലുള്ള വാസ്തുവിദ്യ വിസ്മയമാണ് 'shaking minarets' അധവാ ജുൽതാ മിനാര എന്ന് അദ്ദേഹം വിശദീകരിച്ചു.




രണ്ടു മിനാരങ്ങളിലെ ഒരെണ്ണം കുലുക്കിയാൽ മറ്റേ മിനാരവും വൈബ്രേറ്റ് ചെയ്യാൻ തുടങ്ങും. എന്നാൽ, ഇവ രണ്ടും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗത്തിന് കാഴ്ചയിൽ ഒരിളക്കവും തോന്നുകയുമില്ല. ഭൂകമ്പങ്ങളെ പ്രതിരോധിക്കാൻ ഉപയോഗിച്ചിരുന്ന മധ്യകാല വാസ്തുവിദ്യ തന്ത്രമാണിത്. സുൽത്താൻ അഹമ്മദ് ഷായുടെ അടിമയായിരുന്ന സിദി ബഷീറാണ് 1452ൽ വാസ്തുവിദ്യയിലെ വേറിട്ട ശൈലിയിൽ ഈ പള്ളി പണിതത്. വർഷങ്ങൾക്കു ശേഷം 1753ൽ മറാത്തകളും ഗുജറാത്ത് സുൽത്താനേറ്റിലെ ഖാനും തമ്മിലുള്ള യുദ്ധത്തിൽ കെട്ടിടത്തിന്റെ പ്രധാന ഭാഗം നശിപ്പിക്കപ്പെട്ടു. രണ്ടു മിനാരങ്ങളും അവയെ ബന്ധിപ്പിക്കുന്ന കമാനാകൃതിയിലുള്ള സെൻട്രൽ ഗേറ്റ്‌വേയും മാത്രമേ ഇപ്പോൾ അവിടെ അവശേഷിക്കുന്നുള്ളൂ. അതുകൊണ്ടുതന്നെ മിനാരങ്ങൾ കുലുക്കി നോക്കാൻ ഇപ്പോൾ അനുവദിക്കാറില്ല.

കുലുങ്ങുന്ന മിനാരങ്ങളുള്ള മറ്റൊരു പള്ളിയായ രാജ് ബീബി പള്ളിയിലേക്കാണ് പിന്നീട് ഞങ്ങൾ പോയത്. 1454ൽ സുൽത്താൻ ഖുതുബ്-ഉദ്-ദിൻ അഹമ്മദ് ഷാ രണ്ടാമന്റെ മാതാവ് മഖ്ദു-മാ-ഇ-ജഹാനാണ് രാജ് ബീബി മസ്ജിദ് നിർമിച്ചത്. മറ്റു പള്ളികളെ പോലെ ഈ പള്ളിയിലും ജാലികളും കൊത്തുപണികളും ഉണ്ടായിരുന്നു. ഏറ്റവും ആകർഷകം നീണ്ട മിനാരങ്ങളായിരുന്നു. ഒരു മിനാരത്തിന്റെ മുകൾഭാഗം പൊളിച്ചുമാറ്റിയ നിലയിലായിരുന്നു. കാലപ്പഴക്കത്താൽ നശിച്ചതാണോ എന്നറിയാനായി അന്വേഷിച്ചപ്പോഴായിരുന്നു അതിനു പിന്നിലുള്ള സത്യം മനസ്സിലായത്.






കുലുങ്ങുന്ന മിനാരങ്ങളുടെ വാസ്തുവിദ്യ പഠിക്കാനായി ബ്രിട്ടീഷുകാർ പൊളിച്ചുമാറ്റിയതായിരുന്നു ഒരു ഭാഗം. എന്നാൽ, പഴമയുടെ പങ്കുവെക്കാത്ത അറിവുകൾ, പൊളിച്ച് പരിശോധിച്ചിട്ടുകൂടി മനസ്സിലാക്കാൻ ബ്രിട്ടീഷുകാർക്ക് കഴിഞ്ഞില്ല എന്നതും, പൊളിച്ചവ അതേപടി മാറ്റി സ്ഥാപിക്കാൻ പോലും സാധിച്ചില്ല എന്നതും പഴമയുടെ മികവ് തെളിയിക്കുന്ന സാക്ഷ്യമായി.

പള്ളി പ്രയാണത്തിൽ അവസാന ലക്ഷ്യം സോളങ്കി വാസ്തുവിദ്യ ശൈലിയിൽ മണൽക്കല്ലിൽ നിർമിച്ച ഭായി ഹരിർ നി വാവ് കാണാനായിരുന്നു. ഗുജറാത്തിലുടനീളം കാണാവുന്ന പടിക്കിണറുകളാണ് വാവ് എന്നു വിളിക്കുന്നത്. ഗ്രാമത്തിലെ ഇടുങ്ങിയ വഴികളിലൂടെ സഞ്ചരിച്ചാണ് അവിടെ എത്തിയത്. പ്രവേശന കവാടത്തിൽ വടവൃക്ഷത്തിന്റെ തണലിൽ ഒരു താഴികക്കുടവും അത് കടന്ന് മുന്നോട്ടുപോകുമ്പോൾ അഞ്ച് ഭൂഗർഭ നിലകളിലൂടെ ക്രമേണ താഴേക്ക് ഇറങ്ങുന്ന പടികളും കാണാം. ആളുകൾക്ക് ഒത്തുകൂടാൻ കഴിയുന്നത്ര വിശാലമായിരുന്നു അതിലെ ഓരോ നിലയും. സങ്കീർണമായ കൊത്തുപണികൾകൊണ്ട് സമ്പന്നമായ ബീമുകളും സ്തംഭങ്ങളും പാരപ്പറ്റുകളും കൗതുകത്തോടൊപ്പം ദൃശ്യവിരുന്നും തരുന്നതായിരുന്നു. ഹിന്ദുരൂപങ്ങളായി വിശേഷിപ്പിക്കാവുന്ന താമര, റോസെറ്റ് തുടങ്ങിയവയും ഇസ്‍ലാമിക രൂപകൽപനകളായ മുന്തിരിവള്ളികളും പുഷ്പ വള്ളിച്ചെടികളും അവിടെ കണ്ടു.


അറബി, സംസ്‌കൃത ലിഖിതങ്ങളായിരുന്നു അവിടെ ഉണ്ടായിരുന്നത്. 1499 ഡിസംബറിലാണ് ഈ പടിക്കിണർ നിർമിച്ചതെന്ന് സംസ്കൃതത്തിൽ രേഖപ്പെടുത്തിയിരുന്നു. മഹ്മൂദ് ഷായുടെ ഭരണകാലത്ത് പ്രാദേശികമായി ധായ് ഹരീർ എന്നറിയപ്പെടുന്ന ഭായ് ഹരീർ സുൽത്താനിയാണ് പടിക്കിണർ നിർമിച്ചത്. ആ പേര് പിന്നീട് ദാദാ ഹരിയായി മാറി. അക്കാലത്ത് ഇതിന് 3,29,000 മഹ്മൂദികൾ അതായത് ഏകദേശം മൂന്നു ലക്ഷം രൂപ ചെലവായി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. വാവിനോട് ചേർന്ന് അവർ ഒരു പള്ളിയും ശവകുടീരവുംകൂടി നിർമിച്ചിരുന്നു. ഭായിയെ അവിടെയാണ് അടക്കം ചെയ്തിരിക്കുന്നത്. രസകരമായ വസ്തുത എന്തെന്നാൽ ഭായ് ഹരീർ ഒരു അന്തഃപുര സൂക്ഷിപ്പുകാരി മാത്രമായിരുന്നു.


ഞങ്ങൾ ചെന്നപ്പോൾ വാവിൽ ചുറ്റുവട്ടത്തുള്ള കുറച്ചു കുട്ടികൾ ഓടിക്കളിക്കുകയും ഏതാനും പേർ സംസാരിച്ചിരിക്കുകയും ചെയ്തിരുന്നു. ചവിട്ടുപടികൾ ഇറങ്ങി താഴെ ചെന്നപ്പോൾ രണ്ടു ചെറിയ വെള്ള സംഭരണികൾ കണ്ടു. ഒന്ന് കുടിക്കാനുള്ള ആവശ്യത്തിനുള്ള വെള്ളം സൂക്ഷിക്കാനും മറ്റൊന്ന് കൃഷിക്കായും. പക്ഷേ, രണ്ടിലും അഴുക്കു വെള്ളമായിരുന്നു ഉണ്ടായിരുന്നതെന്ന് തോന്നി. ഞങ്ങൾ പടികൾ തിരിച്ചുകയറി വാവിന് പിറകിലുള്ള പള്ളിയിലേക്ക് നടന്നു. പള്ളിക്കടുത്തു തന്നെയുള്ള ഭായ് ഹരിയുടെ ശവകുടീരമുള്ള ചെറിയ കെട്ടിടം കൊത്തുപണികളാൽ സമൃദ്ധമായതുകൊണ്ട് പെട്ടെന്നുതന്നെ നമ്മുടെ ശ്രദ്ധയാകർഷിക്കും. ഭായിയുടെതടക്കം അഞ്ചുപേരുടെ ശവക്കല്ലറ പട്ടുതുണിയിൽ പൊതിഞ്ഞവിധത്തിലാണ് ഈ ചെറിയ കെട്ടിടത്തിൽ ക്രമീകരിച്ചിട്ടുള്ളത്. ജാലികളിലൂടെ ഊഴ്ന്നിറങ്ങുന്ന പകൽവെളിച്ചം ആ മുറിക്ക് പ്രാർഥനനിർഭരമായ അന്തരീക്ഷമുണ്ടാക്കി.


പള്ളിയുടെ മേൽക്കൂരയിലേക്ക് വിരൽ ചൂണ്ടി സുന്ദരമായ അലങ്കാരപ്പണികൾ കാണിച്ചുതന്ന പള്ളി സൂക്ഷിപ്പുകാരൻ മുറ്റത്തുണ്ടായിരുന്ന 'ഗുപ്ത് ദർവാജ്' എന്നറിയപ്പെടുന്ന ഒരു രഹസ്യപാതകൂടി കാണിച്ചുതരുകയും, ഇതിനകത്തുകൂടി പോയാൽ നിങ്ങൾ കലുപ്പൂരിലെ ബസാറിൽ എത്തുമെന്നും പറഞ്ഞു. കുറച്ചു നേരം അദ്ദേഹത്തോട് സംസാരിച്ചുനിന്ന ശേഷം യാത്ര പറഞ്ഞിറങ്ങി.


ഗൈഡിന്റെ വാക്കുകളിൽനിന്ന് കൗതുകമുൾക്കൊണ്ട് അവിചാരിതമായി ആസൂത്രണം ചെയ്ത, പള്ളികളിലൂടെയുള്ള പ്രയാണം വേറിട്ടൊരു അനുഭവമായി എന്നുമാത്രമല്ല, അത് പഴമയും പുതുമയും തമ്മിലുള്ള ചില താരതമ്യങ്ങളിലേക്കുകൂടി മിഴി തുറന്നു. നൂറ്റാണ്ടുകൾക്കു മുമ്പുള്ളവരുടെ, മനക്കണ്ണിൽ തെളിഞ്ഞ അറിവുകളായ ആശയങ്ങൾ, കൃത്യതയോടെ, പ്രാവർത്തികമാക്കാനുള്ള കഴിവും അതോടൊപ്പം കലകൾക്കും സൗന്ദര്യത്തിനും നൽകിയ സ്ഥാനവുമൊക്കെ നമ്മെ ഏറെ ചിന്തിപ്പിക്കുന്നതാണ്. കൂടെ അത്യാധുനിക ടെക്നോളജികൾ ഉണ്ടായിട്ടുകൂടി കണ്ടെത്താനാവാത്ത ഇത്തരം എത്രയോ അറിവുകൾ വാമൊഴിയായോ വരമൊഴിയായോ പകർന്നുനൽകാത്തതിനാൽ അവരുടെ മരണത്തോടൊപ്പം നഷ്ടപ്പെടുന്ന അവസ്ഥയും നമ്മുടെ ചിന്തയിൽ ഉടക്കും.

കാഴ്ചകൾ കണ്ടും പഠിച്ചുമിറങ്ങിയപ്പോൾ പഴയ കാലത്തെ മതേതര വിവാഹങ്ങളും സ്ത്രീകൾക്ക് പ്രാധാന്യം നൽകി, അവരുടെ പേരുകളിൽ നിർമിക്കുന്ന പള്ളികളും മുസ്‍ലിം-ഹിന്ദു-ജൈന വാസ്തുവിദ്യയിലെ കൂട്ടായ നിർമിതികളുമൊക്കെ സാംസ്കാരിക പൈതൃകത്തിന്റെ മാറ്റുകൂട്ടുന്നതാണെന്ന് എനിക്കു തോന്നി. അതുകൊണ്ട് ഗൈഡ് എന്നോടു പറഞ്ഞതുപോലെ ഞാൻ എല്ലാവരോടുമായി പറയും, 'അഹ്മദാബാദിൽ പോകുമ്പോൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് ഇവിടത്തെ മുസ്‍ലിം പള്ളികൾ' എന്ന്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mosqueAhmedabad
News Summary - famous mosques in Ahmedabad photo feature
Next Story