കാലാപാനി
text_fieldsഗോത്ര വിഭാഗങ്ങളുടെ സാന്നിധ്യംകൊണ്ട് ചരിത്രാന്വേഷികൾക്കും നരവംശ ശാസ്ത്രജ്ഞർക്കും അന്തമാൻ നികോബാർ ദ്വീപുകൾ ഒരു ഗവേഷണശാലതന്നെയാണ്
മ്യാന്മർ, തായ്‌ലൻഡ്, ഇന്തോനേഷ്യ അതിർത്തിയിൽനിന്ന് 190 കിലോമീറ്റർ അകലെയാണ് അന്തമാൻ നികോബാർ ദ്വീപുകൾ. 1780കൾക്കുശേഷമാണ് ബ്രിട്ടീഷുകാരുടെ സവിശേഷമായ ശ്രദ്ധ ഈ ദ്വീപസമൂഹങ്ങളിൽ പതിക്കുന്നത്. അന്നുതൊട്ട് അന്തമാൻ നികോബാർ ദ്വീപുകളുടെ ചരിത്രത്തിന്റെ ഗതിമാറാൻ തുടങ്ങി. ഈ ഗതിമാറ്റത്തിന്റെ ശേഷിപ്പുകളും അനന്തരഫലങ്ങളും ചരിത്രം, സംസ്കാരം, വികസനം, പരിസ്ഥിതി തുടങ്ങിയ സമസ്ത മേഖലകളിലും കാണാം. ഗോത്ര വർഗങ്ങളിൽപെട്ടവരെ ഒഴിച്ചുനിർത്തിയാൽ ബാക്കിയെല്ലാവരും പലവിധ കാരണങ്ങളാൽ ഇവിടേക്ക് വന്നവരാണ്. അവരാണെങ്കിൽ ഈ മണ്ണിനോടും ചരിത്രത്തോടും ചിറ്റമ്മ നയമാണ് പുലർത്തുന്നത്.
ചെന്നൈയിൽനിന്നും 1190 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന കേന്ദ്രഭരണ പ്രദേശമാണ് അന്തമാൻ നികോബാർ ദ്വീപുകൾ. തന്ത്രപ്രധാനവും പ്രകൃതിരമണീയവുമായ പ്രദേശം. 1780കളിൽ ബ്രിട്ടീഷുകാർ പതിയെ തുടങ്ങിയതും പിന്നീട് 1860കളിൽ വൻതോതിൽ ആരംഭിച്ചതും സ്വാതന്ത്ര്യാനന്തരം ഇപ്പോഴും നാമമാത്ര രീതിയിൽ തുടരുന്നതുമായ മരംവെട്ടും അതിവേഗ നഗരവത്കരണ പ്രവർത്തനങ്ങളുടെയും അനന്തര ഫലങ്ങൾ അന്തമാനിലെ ആവാസവ്യവസ്ഥയെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതവും കൂടി ചേർന്നപ്പോൾ ചൂട് കൂടുകയും മഴ കുറയുകയും ചെയ്തു. നാലുചുറ്റും കടലായതിനാൽ അന്തരീക്ഷ ഈർപ്പവും കൂടുതൽ.
ചെന്നൈയിൽനിന്ന് വിമാനമാർഗം രണ്ടു മണിക്കൂർ യാത്രചെയ്‌താൽ അന്തമാനിലെ ശ്രീവിജയപുരം (പോർട്ട് ബ്ലയർ) വിമാനത്താവളത്തിലെത്താം. ജാപ്പനീസ് ഭരണകാലത്ത് (1942-45) നിർമിച്ചതാണിത്. എങ്കിലും ഇതിന് പുറകിലുള്ള അധ്വാനവും വേദനകളുമെല്ലാം സഹിച്ചത് തടവുകാരും നിസ്സഹായരുമായ ഇന്ത്യൻ ജനതയായിരുന്നു. ലാംബ ലൈൻ എയർപോർട്ട് എന്നായിരുന്നു പഴയ പേര്. ചെന്നൈയിൽനിന്ന് കപ്പൽ മാർഗം അന്തമാനിലേക്ക് ചുരുങ്ങിയത് രണ്ടര ദിവസമെടുക്കും.
അന്തമാൻ നികോബാർ ദ്വീപുകളുടെ യഥാർഥ അവകാശികളും ശിലായുഗ സംസ്കാരത്തിന്റെ പിന്തുടർച്ചക്കാരനെന്ന് കരുതപ്പെടുന്നവരുമായ സെന്റിനെളീസ്, ഓങ്സ്, അന്തമാനീസ്, ജരവാസ്, നികോബാറീസ്, ഷോംപെൻസ് ഗോത്ര വിഭാഗങ്ങളുടെ സാന്നിധ്യംകൊണ്ട് ചരിത്രാന്വേഷികൾക്കും നരവംശ ശാസ്ത്രജ്ഞർക്കും അന്തമാൻ നികോബാർ ദ്വീപുകൾ വളരെ പ്രധാനപ്പെട്ടതാണ്. മലയാളികളെ സംബന്ധിച്ച് മറ്റൊരു പ്രത്യേകതകൂടിയുണ്ട്. ബ്രിട്ടീഷ് മലബാറിലെ (ഏറനാട്, വള്ളുവനാട് താലൂക്ക്) മുസ്‍ലിംകൾ ഇവിടെയെത്തിയിട്ട് ഒരുനൂറ്റാണ്ട് (1922-2022) പിന്നിട്ടിരിക്കുന്നു. ജന്മനാടിനെ എക്കാലവും ഓർമിക്കാനായി അന്തമാനിലെത്തിയ മലബാറി മുസ്‍ലിം സമൂഹം താമസിക്കുന്ന സ്ഥലങ്ങൾക്ക് കാലിക്കറ്റ്, മലപ്പുറം, നിലമ്പൂർ, മണ്ണാർക്കാട്, വണ്ടൂർ, തിരൂർ, മഞ്ചേരി തുടങ്ങിയ പേരുകൾ നൽകിയത് വല്ലാത്തൊരു ഗൃഹാതുരതയാണ്.
സഞ്ചാരികളുടെ പറുദീസ
കാട്, കടൽ, ദ്വീപുകൾ, അനേകം ജാതിമത വർഗങ്ങളിൽപെട്ടവർ, വ്യത്യസ്ത സംസ്കാരങ്ങൾ, വിവിധ ഭാഷകൾ, സ്വാതന്ത്ര്യസമര ചരിത്രവുമായ ബന്ധപ്പെട്ടു നിൽക്കുന്ന വൈപ്പർ ജയിൽ, സെല്ലുലാർ ജയിൽ, റോസ് ഐലൻഡ്, ചാത്തം തടിമില്ല്, ജാപ്പനീസ് ബങ്കറുകൾ തുടങ്ങിയ നിരവധി ചരിത്രസ്മാരകങ്ങൾ, ആദ്യകാല കുടിയേറ്റക്കാരുടെ കുടുംബങ്ങൾ, മ്യൂസിയങ്ങൾ, റിസോർട്ടുകൾ, പ്രാദേശികമായി നിർമിക്കുന്ന കരകൗശലവസ്തുക്കൾ, പക്ഷിനിരീക്ഷണം, ട്രക്കിങ്, അഗ്നിപർവത സ്ഫോടനത്തിന്റെ ലാവകൾ, ലൈം സ്റ്റോൺ ഗുഹ, ഇവ ചേർന്നൊരു വ്യത്യസ്ത അനുഭവമാണ് അന്തമാൻ നികോബാർ ദ്വീപുകൾ നൽകുന്നത്.
1858ലെ ആദ്യ ബാച്ച് തടവുകാർ
പോർട്ട് ബ്ലയറിലെ ബ്രിട്ടീഷ് അധികാരികൾക്ക് വേണ്ടത്ര തൊഴിലാളികളെ കിട്ടാതെ വന്നപ്പോൾ അവർ കണ്ടെത്തിയ മാർഗമായിരുന്നു ഇന്ത്യയിലെ വിവിധ ജയിലുകളിൽനിന്നും കൂടുതൽ തടവുകാരെ അന്തമാനിലേക്ക് എത്തിക്കുകയെന്നത്. അക്കാലത്ത് ബ്രിട്ടീഷുകാർ പ്രധാനമായും കേന്ദ്രീകരിച്ചിരുന്നത് ചാത്തം ഐലൻഡ്, റോസ് ഐലൻഡ്, വൈപ്പർ ഐലൻഡ് എന്നിവിടങ്ങളിലായിരുന്നു. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത 200 പേരെ 1858 മാർച്ച് മാസം ചാത്തം തുറമുഖത്തെത്തിച്ചു. പിന്നീട് റോസ് ഐലൻഡിലെ തുറന്ന ജയിലിലേക്ക് മാറ്റി. ഇവിടെ തടവുകാർക്കുവേണ്ടി പ്രാഥമിക സൗകര്യങ്ങൾ മാത്രമല്ല, കുടിവെള്ളം പോലുമുണ്ടായിരുന്നില്ല. 1858ൽ ആദ്യ ബാച്ച് തടവുകാരായി അന്തമാനിലെത്തിയ 1857ലെ ഒന്നാം സ്വാതന്ത്ര്യസമര സേനാനികളായിരുന്ന ഇരുനൂറോളം പേരിൽ പകുതിയോളം പേരും മൂന്നുമാസത്തിനുള്ളിൽ അന്തമാനീസ് ഗോത്രവർഗക്കാരുടെയും ഡോ. വാക്കർ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥന്റെയും കൈകൊണ്ട് കൊല്ലപ്പെട്ടു. ഒരൊറ്റ ദിവസം 81 തടവുകാരെയാണ് ഡോ. വാക്കർ പരസ്യമായി തൂക്കിക്കൊന്നത്. ഈ ക്രൂരമായ കൊലപാതകങ്ങൾ പുറം ലോകം അറിഞ്ഞിരുന്നില്ല.
ചാത്തം ദ്വീപ്
1860കളിൽ ചാത്തം ദ്വീപ് കൊടും വനമായിരുന്നു. കനത്ത മഴയും വസൂരി, മലേറിയ ഉൾപ്പെടെയുള്ള രോഗങ്ങളുടെ വ്യാപനവും അന്തമാനീസ്, ജരവ ഗോത്ര വർഗങ്ങളുടെ ആക്രമണവും ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ കനത്ത ശാരീരിക-മാനസിക പീഡനങ്ങളും, ജയിൽ അധികൃതർ നടത്തിയ കൊലപാതകങ്ങളും ഭക്ഷണ ദൗർലഭ്യവും കാരണം അനേകം ഇന്ത്യക്കാരായ തടവുകാർ കൊല്ലപ്പെട്ടു. കുറെ തടവുകാർ കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. ഇവരിൽ ചിലരെ അന്തമാനീസ് ഗോത്രവർഗങ്ങൾ കൊലപ്പെടുത്തി. ചിലർക്ക് പിന്നീട് എന്തു സംഭവിച്ചെന്ന് ആർക്കുമറിയില്ല. ചിലർ ദിവസങ്ങളോളം, മാസങ്ങളോളം അല്ലെങ്കിൽ വർഷങ്ങളോളം അന്തമാനീസിനോടൊപ്പം കാട്ടിൽ കഴിഞ്ഞതിനുശേഷം നിവൃത്തിയില്ലാതെ സ്വമേധയാ ജയിലിലേക്ക് മടങ്ങി. അന്തമാനിൽ തടവുകാരായി എത്തിയവരുടെ കണ്ണീരും വിയർപ്പും ചോരയും വേദനയും നിലവിളികളും കൊണ്ടാണ് ചാത്തം ദ്വീപിനെ താമസിക്കാനുള്ള ഇടമായി മാറ്റിയെടുത്തതും ഏഷ്യയിലെ ഏറ്റവും വലിയ തടിമില്ല് സ്ഥാപിച്ചതും.
സ്മാരകഫലകങ്ങൾ
ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത പലരും ഉന്നത കുലജാതരായിരുന്നു. അവരിൽ കുറെയധികം ആളുകളെ തടവുകാരായി 1858 മുതൽ അന്തമാനിലേക്ക് നാടുകടത്തിയിരുന്നു. ഇവരെയും അടിമവേല ചെയ്യിപ്പിച്ചിരുന്നു. ജഗന്നാഥപുരിയിലെ രാജാവിനും അടിമപ്പണി ചെയ്യേണ്ടിവന്നു. മാത്രമല്ല, ജയിലിൽ കിടന്നു നരകിച്ചു മരിക്കാനുമായിരുന്നു വിധി. 1858ലെ ആദ്യ ബാച്ച് തടവുകാർക്കും ചാത്തം തടിമില്ല് (1883) സ്ഥാപിക്കാൻ ജീവത്യാഗം ചെയ്തവർക്കും വേണ്ടി വെവ്വേറെ സ്മാരകങ്ങൾ ചാത്തം തടിമില്ലിൽ സ്ഥാപിച്ചിട്ടുണ്ട്.
കാലാപാനിയിലെ നിർമിതികൾ
അന്തമാൻ നികോബാർ ദ്വീപുകളിലെ ജയിലുകൾ, ബ്രിട്ടീഷ് സേനാതാവളങ്ങൾ, ആയുധപ്പുരകൾ, ആരാധനാലയങ്ങൾ, ബ്രിട്ടീഷ് സൗധങ്ങൾ, റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ തുടങ്ങിയവയെല്ലാം സ്വാതന്ത്ര്യ സമര സേനാനികളെക്കൊണ്ട് അടിമപ്പണിയിലൂടെ നിർമിച്ചതായിരുന്നു. ജാപ്പനീസ് അധിനിവേശ കാലത്ത് (1942-45) തടവുകാരുടെയും തദ്ദേശ വാസികളുടെയും അവസ്ഥ കുറെക്കൂടി മോശമായിരുന്നു. ജാപ്പനീസ് സൈനികരും അവരാൽ കഴിയുന്നത്ര അതിക്രൂരമായ രീതിയിൽ തടവുകാരെയും തദ്ദേശവാസികളെയും പണിചെയ്യിപ്പിച്ചിരുന്നു. പാലങ്ങൾ, റോഡുകൾ, എയർപോർട്ട് തുടങ്ങിയവ അങ്ങനെ നിർമിച്ചതാണ്.
വൈപ്പർ ജയിൽ
അന്തമാനിലെ ആദ്യത്തെ ലക്ഷണമൊത്ത ജയിലാണ് വൈപ്പർ ജയിൽ അഥവാ ചെയിൻ-ഗാങ് ജയിൽ. ഇവിടെ തടവുകാരുടെ കാലുകൾ പരസ്പരം ഇരുമ്പ് ചങ്ങലകൊണ്ട് ബന്ധിപ്പിച്ചിരുന്നു. ഇങ്ങനെയാണ് ചെയിൻ-ഗാങ് ജയിൽ എന്ന പേരുണ്ടായത്. കാലുകൾ ചങ്ങലയിൽ ബന്ധിപ്പിക്കപ്പെട്ട നിലയിൽ തടവുകാരെക്കൊണ്ട് അതിരാവിലെ മുതൽ സന്ധ്യയാകും വരെ പണിയെടുപ്പിക്കുമായിരുന്നു. തടവുകാരെ എല്ലാ സമയവും നിരീക്ഷിക്കാൻ പാറാവുകാരെയും നിയമിച്ചിരുന്നു. ആദ്യകാലത്ത് പരസ്യമായി വെടിവെച്ചും തൂക്കിലിട്ടും കൊല്ലുമായിരുന്നു. പിന്നീട് 1864-67 കാലത്തിനിടക്ക് വൈപ്പർ ജയിൽ നിർമിച്ചു. കൂടാതെ തൂക്കിക്കൊല്ലാൻ വേണ്ടിയുള്ള ചെറിയ കെട്ടിടവും നിർമിച്ചു. 1867 തൊട്ട് 1907 വരെ വൈപ്പർ ജയിൽ സജീവമായിരുന്നു. പിന്നീട് തടവുകാരെ സെല്ലുലാർ ജയിലിലേക്ക് കൊണ്ടുപോയി.
സെല്ലുലാർ ജയിൽ
ഓരോ ഇന്ത്യക്കാരനും നിർബന്ധമായും സന്ദർശിക്കേണ്ട സ്ഥലമാണ് സെല്ലുലാർ ജയിൽ. നൂറുകണക്കിന് തടവുകാർ പത്ത് വർഷത്തോളം (1896-1906) രാപ്പകൽ കഠിനമായ വെയിലിലും മഴയത്തും പകർച്ചവ്യാധികൾ നേരിട്ടും മാനസികവും ശാരീരികവുമായുള്ള ക്രൂരതകളും ശിക്ഷകളും വേദനകളുമൊക്കെ അനുഭവിച്ചും ഭക്ഷണദൗർലഭ്യം സഹിച്ചും കണ്ണുനീരും വിയർപ്പുംകൊണ്ടും നിർമിച്ച ഏഴു ദളങ്ങളുള്ള, മൂന്നുനിലകളുള്ള ഒരു വമ്പൻ ജയിലായിരുന്നു സെല്ലുലാർ. 696 സെല്ലുകളുണ്ട്. ഓരോ സെല്ലുകളിലെയും തടവുകാർ പരസ്പരം കാണാതെയും ബന്ധപ്പെടാതെയും ഇരിക്കാനുള്ള മുൻകരുതൽ ജയിൽ നിർമാണത്തിന് സമയത്തുതന്നെ എടുത്തിരുന്നു. ആദ്യം വൈപ്പർ ജയിലിലെ തടവുകാരെ സെല്ലുലാറിലേക്ക് കൊണ്ടുവന്നു. പിന്നീട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും തടവുകാരെ കൊണ്ടുവന്നു. 1858 തൊട്ട് 1945 വരെയുള്ള ഏകദേശം 90 വർഷത്തിനുള്ളിൽ ആയിരക്കണക്കിന് സ്വാതന്ത്ര്യസമര സേനാനികളെ തടവുകാരായി അന്തമാനിലേക്ക് (വൈപ്പർ, റോസ് ഐലൻഡ്, സെല്ലുലാർ ജയിലുകളിലേക്ക്) നാടുകടത്തിയിട്ടുണ്ട്. ഇതിൽ വലിയൊരു ശതമാനം തടവുകാരും മരിച്ചു അഥവാ കൊല്ലപ്പെട്ടു. മൃതദേഹങ്ങളിൽ പലതും കടലിലേക്ക് വലിച്ചെറിയുകയാണ് ചെയ്തിരുന്നത്.
ഗോത്രവർഗങ്ങൾ
ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പ് തന്നെ ഇവിടെ മനുഷ്യവാസമുണ്ടായിരുന്നതായി പുരാവസ്തുപരവും നരവംശശാസ്ത്രപരവുമായ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ദ്വീപസമൂഹങ്ങളിലെ യഥാർഥ അവകാശികളായ ഗോത്രവിഭാഗക്കാരിൽ നികോബാറീസും ഷോംപെൻസും മംഗ്ലോയിഡ് വിഭാഗത്തിൽപെട്ടവരാണ്. അന്തമാനീസും ജരവാസും ഓങ്സും സെന്റിനെലീസും നെഗ്രിറ്റോ വിഭാഗത്തിൽപ്പെടുന്നവരാണ്. ജരവ, ഗ്രേറ്റ് അന്തമാനീസ്, ഓങ്സ്, നികോബാറീസ് ഗോത്ര വിഭാഗങ്ങളെ അന്തമാനിൽ എത്തിയ ആദ്യനാളുകളിൽ എനിക്ക് നേരിൽ കാണാൻ സാധിച്ചു. അവരുമായി സംസാരിക്കാനോ ഫോട്ടോ എടുക്കാനോ അനുവാദമുണ്ടായിരുന്നില്ല.
ഗോത്ര ജനസംഖ്യ
കോളനികൾ സ്ഥാപിക്കുന്നതിനുമുമ്പ് ഗോത്രവർഗക്കാരുടെ ജനസംഖ്യ വളരെ കൂടുതലായിരുന്നു. ഇന്നിപ്പോൾ സെന്റിനെലീസ്, അന്തമാനീസ്, ഓങ്സ് എന്നീ ഗോത്രവർഗങ്ങളുടെ ജനസംഖ്യ തുലോം ചെറുതാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 2023-24ലെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം സ്ട്രെയ്റ്റ് ഐലൻഡിൽ ജീവിക്കുന്ന അന്തമാനീസ് ഗോത്രവർഗക്കാരുടെ ജനസംഖ്യ 58ഉം നോർത്ത് സെന്റിനലീസ് ദ്വീപിൽ താമസിക്കുന്ന സെന്റിനലീസ് ഗോത്രവർഗക്കാരുടെ മൊത്തം ജനസംഖ്യ 50ഉം ലിറ്റിൽ അന്തമാനിൽ താമസിക്കുന്ന ഓങ്സ് ഗോത്രവർഗക്കാരുടെ മൊത്തം ജനസംഖ്യ 137ഉം ആണ്. ഗ്രേറ്റ് നികോബാറിൽ ജീവിക്കുന്ന ഷോംപെൻസ് ഗോത്രവർഗക്കാരുടെ ജനസംഖ്യ 245, സൗത്ത്-മിഡിൽ അന്തമാനിൽ താമസിക്കുന്ന ജറവ ഗോത്ര വിഭാഗക്കാരുടെ എണ്ണം 625 എന്നിങ്ങനെയാണ്. ഈ ഗോത്ര വിഭാഗങ്ങളെ സംരക്ഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് സർക്കാറിന്റെ ഇടപെടലുകളാണ്. അന്തമാനീസും ഓങ്കീസും തുടങ്ങിയ എല്ലാവർക്കും വേണ്ടി വൈദ്യസേവനമുൾപ്പെടെയുള്ള ആധുനികമായ അത്യാവശ്യ സൗകര്യങ്ങളെല്ലാം സർക്കാർ ചെയ്തിട്ടുണ്ട്.
വേട്ടയാടൽ, മത്സ്യബന്ധനം, കാടുകളിൽനിന്നും ഭക്ഷ്യവസ്തുക്കൾ ശേഖരിക്കൽ തുടങ്ങിയവക്ക് പ്രാചീനമായ രീതികളാണ് ഇപ്പോഴും ഇവർ പിന്തുടരുന്നത്. അതിപ്രാചീനമായ ജീവിത രീതികളും ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണ് ഈ ഗോത്ര വിഭാഗങ്ങളുടെ മറ്റൊരു പ്രത്യേകത. വനവിഭവങ്ങളുടെ ദൗർലഭ്യം, കാലാവസ്ഥ വ്യതിയാനം, ഭക്ഷ്യ ദൗർലഭ്യം, രോഗങ്ങൾ തുടങ്ങിയവ ഈ ഗോത്രവിഭാഗങ്ങളുടെ നിലനിൽപിനെ ബാധിക്കുന്നുണ്ട്. എങ്കിലും 2004ലെ ഏഷ്യൻ സൂനാമിയെ അതിജീവിച്ചവരാണ് അന്തമാൻ നികോബാർ ദ്വീപുകളിലെ ഗോത്രവർഗങ്ങൾ.
ആബർദീൻ യുദ്ധം
നൂറ്റാണ്ടുകളോളം സൗത്ത് അന്തമാൻ (പോർട്ട് ബ്ലയർ, ഫെറാഗഞ്ച്, ലിറ്റിൽ അന്തമാൻ) ജന്മദേശമായി വിശ്വസിച്ചു ജീവിച്ചവരും ഏകദേശം 3500 തൊട്ട് 5000ത്തോളം വരെ ജനസംഖ്യയുണ്ടായിരുന്നതുമായ അന്തമാനീസ് (നെഗ്രിറ്റോ) ഗോത്രവിഭാഗം 1780 മുതൽ 1947 വരെയുള്ള കാലത്തിനിടയിൽ വംശഹത്യയുടെ നിഴലിലേക്ക് വീഴുന്നത് ദുഃഖകരമായ വസ്തുതയാണ്. പുറമെനിന്നു വന്നവരുടെ, പ്രത്യേകിച്ചും ബ്രിട്ടീഷ് കൊളോണിയൽ ഇടപെടലുകൾ കാരണം നെഗ്രിറ്റോ വർഗങ്ങളുടെ ജനസംഖ്യ വളരെയധികം ഇടിഞ്ഞുപോയി. 1859ൽ നടന്ന ആബർദീൻ യുദ്ധത്തിൽ നൂറുകണക്കിന് ഗ്രേറ്റ് അന്തമാനീസ് കൊല്ലപ്പെട്ടുവത്രെ. വെടിക്കോപ്പുകളുമായി വന്ന ബ്രിട്ടീഷ് സേനയും അമ്പും വില്ലുമായി വന്ന അന്തമാനീസും തമ്മിൽ നടന്നത് ഏകപക്ഷീയമായ യുദ്ധമായിരുന്നു.
മലബാറികളുടെ നൂറുവർഷങ്ങൾ
അന്തമാനിൽവെച്ച് വളരെ യാദൃച്ഛികമായി ഒരാളോട് വഴി ചോദിക്കാനിടയായി. അങ്ങനെ വിശദമായി പരിചയപ്പെട്ടപ്പോൾ അന്തമാൻ ട്രാഫിക് പൊലീസിൽ എ.എസ്.ഐ ലെവൽ ഉദ്യോഗസ്ഥനായ കരീം. അദ്ദേഹത്തിന്റെ ഉപ്പയുടെ പേര് കുട്ടി ബാവ. 1942ൽ സെല്ലുലാർ ജയിലിലേക്ക് എത്തിയതായിരുന്നു കുട്ടി ബാവ. അതിനും 20 വർഷം മുമ്പായിരുന്നു (1922ൽ) മലബാർ കലാപത്തിൽ ശിക്ഷിക്കപ്പെട്ടവരായ 210 തടവുകാരെ സെല്ലുലാർ ജയിലിലേക്ക് കൊണ്ടുവന്നത്. എസ്.എസ് മഹാരാജ എന്ന കപ്പലിലായിരുന്നു കൊണ്ടുവന്നത്. 1922 തൊട്ട് 1928 വരെയുള്ള ഏഴു വർഷങ്ങളിലായി അന്തമാനിലേക്ക് 1235 തൊട്ട് 1277 വരെ മുസ്‌ലിം വിഭാഗത്തിൽപെട്ടവർ എത്തിയിട്ടുണ്ടെന്നാണ് ചില രേഖകൾ പറയുന്നത്. ഇതിൽ ഏകദേശം 259 പേരുടെ മേൽവിലാസം മാത്രമാണ് കൃത്യമായി കണ്ടെത്താൻ കഴിഞ്ഞത്. വെള്ളല മൊയ്‌തീൻകുട്ടി, പയ്യനാതുങ്കര ഉണ്ണി മൊഹമ്മദ് ഉൾപ്പെടെ 15 പേരുടെ ഫോട്ടോയും മേൽവിലാസവും സെല്ലുലാർ ജയിലിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.
അന്തമാനിലെ ‘മാപ്പിള കോളനിവത്കരണ പദ്ധതി’
മലബാർ കലാപത്തിലും മറ്റ് ക്രിമിനൽ കേസുകളിലും ശിക്ഷിക്കപ്പെട്ട അനേകം മുസ്‍ലിം തടവുകാർക്ക് അന്തമാനിൽ കോളനികൾ സ്ഥാപിക്കാൻ ബ്രിട്ടീഷുകാർ 1923ൽ ശ്രമങ്ങൾ തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി സെല്ലുലാർ ജയിലിൽനിന്ന് ശിക്ഷാ കാലാവധി കഴിഞ്ഞും കഴിയാതെയും സ്വതന്ത്രരാക്കപ്പെട്ട മുസ്‍ലിം തടവുകാരിൽ കുറെയധികം ആളുകൾ നാട്ടിൽനിന്നും കുടുംബാംഗങ്ങളെ കൊണ്ടുവരുകയും അന്തമാനിലെ വിവിധ സ്ഥലങ്ങളിൽ താമസം തുടങ്ങുകയും ചെയ്തു. ഇതിന് ബ്രിട്ടീഷ് സർക്കാറിന്റെ ധന സഹായവും പിന്തുണയും ലഭിച്ചിരുന്നു.
അട്ടപ്പാടി ടു അന്തമാൻ
അട്ടപ്പാടി ട്രൈബൽ താലൂക്കിനെക്കാൾ ഏകദേശം 11 മടങ്ങ് വലുപ്പമുള്ള പ്രദേശമാണ് അന്തമാൻ നികോബാർ ദ്വീപുകൾ. അട്ടപ്പാടിക്കാരായ ആളുകൾ അന്തമാനിലും താമസിക്കുന്നുണ്ട്. ഒരു കാലത്ത് പടിഞ്ഞാറൻ അട്ടപ്പാടിയിൽ എട്ട് മാസം മഴ ലഭിച്ചിരുന്നതുപോലെ ഈ ദ്വീപ സമൂഹങ്ങളിലും മഴ ലഭിച്ചിരുന്നു. മലേറിയയുടെ താഴ്‌വാരമായിരുന്നു അട്ടപ്പാടി. അതുപോലെ മലേറിയ ഉൾപ്പെടെയുള്ള പകർച്ചവ്യാധികളുടെ വിഹാരകേന്ദ്രമായിരുന്നു ഈ ദ്വീപസമൂഹങ്ങൾ. 2011 സെൻസസ് പ്രകാരം ഏകദേശം മുപ്പതിനായിരത്തോളമാണ് അട്ടപ്പാടിയിലെയും അന്തമാൻ നികോബാർ ദ്വീപുകളിലെയും ഗോത്ര വർഗക്കാരുടെ ജനസംഖ്യ. ഈ ദ്വീപസമൂഹങ്ങളിലെ മൊത്തം ഗോത്ര വർഗക്കാരുടെ ജനസംഖ്യയിൽ 96 ശതമാനം നികോബാറികളാണ്. അതുപോലെ അട്ടപ്പാടിയിലെ ആദിവാസി ജനസംഖ്യയിൽ 75 ശതമാനവും ഇരുള വിഭാഗമാണ്. നികോബാറികൾ മുഖ്യധാരയിലേക്കെത്തിയിട്ടള്ളതുപോലെ അട്ടപ്പാടിയിലെ ഗോത്രവർഗങ്ങളും വികസനത്തിന്റെ പാതയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

