ഭൂമിയിലെ ചൊവ്വയിലേക്ക്!
text_fieldsവാദിറം മരുഭൂമിയിൽ
ജോർഡൻ എന്ന നാടിന്റെ കാഴ്ചകൾ തേടിയുള്ള യാത്രക്കായി ഒരുങ്ങുമ്പോൾ എന്തിനിവിടം എന്ന ചോദ്യമാണ് ആദ്യം അഭിമുഖീകരിച്ചത്. ജോർഡന് പകരം കാഴ്ചകളുടെ വിരുന്നൊരുക്കുന്ന ഒരായിരം സ്ഥലങ്ങളുടെ പേരുകൾ പലർക്കും പറയാനുണ്ടായിരുന്നു. പക്ഷേ, തൽക്കാലം അവരുടെ വാക്കുകളെ അവഗണിച്ച് ജോർഡനിലേക്ക് നീയുണ്ടോയെന്ന സുഹൃത്ത് ഷമീമിന്റെ ചോദ്യത്തോട് യെസ് പറയാനായിരുന്നു തീരുമാനം. ഒടുവിൽ കൊച്ചിയിൽനിന്നും സൗദി അറേബ്യ വഴി ജോർഡൻ തലസ്ഥാനമായ അമ്മാനിലെത്തി.
അറബ് പാരമ്പര്യം ഉൾക്കൊള്ളുന്ന ജോർഡനിൽ കാത്തിരുന്നത് പൗരാണികതയും ആധുനികതയും സമന്വയിക്കുന്ന ഒരുപറ്റം അനുഭവങ്ങളായിരുന്നു. ജോർഡൻ എന്ന പേര് ആദ്യമായി കേട്ടത് പെട്രയെന്ന ചരിത്ര നഗരത്തോടൊപ്പമായിരുന്നു. സന്തോഷ് ജോർജ് കുളങ്ങരയുടെ വാക്കുകളിലൂടെയായിരുന്നു പെട്രയും ജോർഡനിലെ മറ്റ് അത്ഭുതദേശങ്ങളും മനസ്സിലേക്ക് കുടിയേറിയത്. ഒരിക്കലെങ്കിലും ഇവിടെയെത്തണമെന്ന ആഗ്രഹം അന്നുതന്നെ മനസ്സിൽ മുളപൊട്ടിയിരുന്നു. തലസ്ഥാന നഗരമായ അമ്മാനിൽ ചരിത്രം തുടിക്കുന്ന ഒരുപാട് സ്ഥലങ്ങളാണ് ഞങ്ങളെ കാത്തിരുന്നത്.
വാദിറം മരുഭൂമിയിലെ മലകൾ
അമ്മാൻ സിറ്റാഡൽ, റോമൻ ആംഫി തിയറ്റർ, ഹെർക്കുലീസ് ക്ഷേത്രം എന്നിവയെല്ലാം ചരിത്രത്തിന്റെ സ്പന്ദനങ്ങളാണ് പകർന്നുനൽകുന്നതെങ്കിൽ യുവത്വത്തിന്റെ ആഘോഷ കേന്ദ്രങ്ങളാണ് ഡൗൺ ടൗണും റെയിൻബോ സ്ട്രീറ്റും. അമ്മാന്റെ ഒരു ദിവസത്തെ യാത്രയുടെ ക്ഷീണമകറ്റാൻ ഡൗൺ ടൗണിൽ തുടങ്ങി റെയിൻബോ സ്ട്രീറ്റ് വരെ പടർന്നുകിടക്കുന്ന ഭക്ഷ്യവൈവിധ്യങ്ങളുടെ കലവറകളായ റസ്റ്റാറന്റിലാണ് ആളുകൾ എത്തിയിരുന്നത്. ഹുക്കയും വലിച്ച് രാവേറെ ചെല്ലുവോളം അവർ അവിടെ ചെലവഴിക്കും. പക്ഷേ, എന്നെ ഏറ്റവും വിസ്മയിപ്പിച്ച ജോർഡനിലെ കാഴ്ചയിലേക്ക് എത്തിയത് അഞ്ചാം ദിവസമായിരുന്നു.
പെട്രയും ചാവുകടലും കടന്ന് വാദിറം
അമ്മാൻ നഗരത്തിലെ കാഴ്ചകൾ അവസാനിപ്പിച്ച് മൂന്നാം ദിവസമാണ് ജോർഡൻ തലസ്ഥാന നഗരത്തിൽനിന്നുള്ള മറ്റു കാഴ്ചകളിലേക്ക് പോയത്. ചാവുകടലായിരുന്നു മൂന്നാംനാളിലെ പ്രധാന കാഴ്ചയെങ്കിൽ ചരിത്രനഗരമായ പെട്രയിലെത്തിയത് നാലാം ദിവസമായിരുന്നു. അഞ്ചാം ദിനത്തിലായിരുന്നു നാം ഇതുവരെ കണ്ടു പരിചയിച്ചിട്ടില്ലാത്ത ഭൂമിയിലെ ചൊവ്വയെന്ന് അനുഭവപ്പെടുന്ന മരുഭൂമിയായ വാദിറമ്മിലെത്തുന്നത്. ചൊവ്വ ഗ്രഹത്തെ അനുസ്മരിപ്പിക്കും വിധമുള്ള ഭൂപ്രകൃതിയാണ് വാദിറമ്മിനുള്ളത്. ഇതാണ് വാദിറമ്മിന് ഈ പേരുവരാൻ കാരണം. ഇതിനൊപ്പം ഇവിടത്തെ ചുവന്ന മണ്ണും മരുഭൂമിയെ വ്യത്യസ്തമാക്കുന്നു.
തലസ്ഥാനമായ അമ്മാനിൽനിന്നും 320 കിലോ മീറ്റർ അകലെയാണ് വാദിറം. മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള ജോർഡനിൽ ഈ ദൂരം കാറിന് ഓടിയെത്താൻ നാലു മണിക്കൂർ മതിയാകും. അമ്മാനിൽനിന്ന് വാദിറമ്മിലേക്കുള്ള യാത്രയിൽ നഗരം വിട്ടുകഴിഞ്ഞാൽ നിങ്ങളെ കാത്തിരിക്കുന്നത് വിരസമായ മരുഭൂമികൾ മാത്രമായിരിക്കും. ഇടക്ക് ചാവുകടലിന്റെ നീലിമയുണ്ടെങ്കിലും ഒട്ടൊരു വിരസമായിരിക്കും ഈ യാത്ര. പക്ഷേ, വിരസത കടന്നെത്തുന്നത് അത്ഭുതങ്ങൾ ഒളിപ്പിച്ചുവെച്ച മരുഭൂമിയിലേക്കാണ്.
വാദിറമ്മിലെ ഡെസേർട്ട് ക്യാമ്പ്
വാദിറമ്മിലെ ഏറ്റവും ആകർഷണീയത അവിടത്തെ ഡെസേർട്ട് ക്യാമ്പിലെ താമസമാണ്. ഏതെങ്കിലുമൊരു ഡെസേർട്ട് ക്യാമ്പ് ബുക്ക് ചെയ്ത് മാത്രമേ വാദിറമ്മിൽ എത്താനാവൂ. അവിടെയെത്തി ഇത്തരം ക്യാമ്പുകൾ ബുക്ക് ചെയ്യുകയുമാവാം. വാദിറമ്മിലെത്തിയാൽ ആദ്യം പോകേണ്ടത് വിസിറ്റേഴ്സ് സെന്ററിലാണ്. നമ്മൾ താമസിക്കുന്ന ക്യാമ്പിനെ കുറിച്ച് വിവരങ്ങൾ നൽകണം. അവിടെ ഞങ്ങൾ ഇത്രയും ദൂരം സഞ്ചരിച്ച കാർ പാർക്ക് ചെയ്ത് ക്യാമ്പ് ജീവനക്കാരുടെ വാഹനത്തിലായിരുന്നു പിന്നീടുള്ള യാത്ര. ഞങ്ങളെ കാത്തിരുന്നത് മിസ്തുബുഷിയുടെ പഴഞ്ചനൊരു ട്രക്കായിരുന്നു. കത്തിയാളുന്ന ഉച്ചവെയിലിൽ ട്രക്കിൽ കയറി മരുഭൂമിയിലൂടെയുള്ള യാത്ര.
വാദിറമ്മിലെ അസ്തമയക്കാഴ്ച
മരുഭൂമിക്ക് നടുവിൽ ആധുനികമായ എല്ലാ സൗകര്യങ്ങളോടുംകൂടി താമസിക്കാനുള്ള ടെന്റുകളാണ് ഡെസേർട്ട് ക്യാമ്പിൽ ഒരുക്കിയിരുന്നത്. ഞങ്ങളെത്തുമ്പോൾ കോവിഡ് പ്രതിസന്ധിയെ മറികടന്ന് സീസണിൽ പുതിയ സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങുന്ന ക്യാമ്പിൽ അറ്റകുറ്റപ്പണികൾ നടക്കുകയായിരുന്നു. ഞങ്ങൾക്കൊപ്പം അന്ന് ക്യാമ്പിലുണ്ടായിരുന്നത് അമേരിക്കയിൽനിന്നെത്തിയ വനിത സംഘമായിരുന്നു. ക്യാമ്പിലെത്തിയയുടൻ നല്ലൊരു ജോർഡൻ ചായ തന്നായിരുന്നു ഡ്രൈവർ അബു നാസർ ഞങ്ങളെ സ്വീകരിച്ചത്. ദീർഘയാത്രയുടെ ക്ഷീണം ആ ചായയുടെ കടുപ്പത്തിൽ മറന്നു. ടെന്റിൽ പോയി ഒരു മണിക്കൂറിനകം തിരിച്ചെത്താൻ അബുനാസർ പറഞ്ഞു. ക്ഷീണമുണ്ടെങ്കിലും പറഞ്ഞ സമയത്ത് തന്നെ തിരിച്ചെത്തി.
ഇനി മൂന്നു മണിക്കൂർ ദൈർഘ്യമുള്ള ഡെസേർട്ട് സഫാരി തുടങ്ങുകയാണ്. സഫാരിക്കായി റേഞ്ച് റോവർ പോലുള്ള വണ്ടികൾ പ്രതീക്ഷിച്ച ഞങ്ങൾക്ക് മുന്നിലേക്കെത്തിയത് ക്യാമ്പിലേക്ക് വന്ന പഴഞ്ചൻ മിസ്തുബുഷി. പക്ഷേ, യാത്ര തുടങ്ങി മിനിറ്റുകൾക്കകംതന്നെ വാദിറം വിസ്മയിപ്പിച്ചു. ഇരുവശത്തും മലകൾ അതിന് നടുവിൽ മരുഭൂമി അതിനിടയിലൂടെ ഞങ്ങളെയുംകൊണ്ട് നീങ്ങുന്ന വാഹനം. സിനിമകളിലും മറ്റും കണ്ടു പരിചയിച്ച മരുഭൂമികളിൽനിന്നും തീർത്തും വ്യത്യസ്തമാണിത്. മണൽകൂനകൾ മാത്രമാണ് മരുഭൂമിയെന്ന സങ്കൽപത്തെ പാടെ മാറ്റിമറിക്കുന്നതായിരുന്നു വാദിറം.
വാഹനം കുറച്ചു ദൂരംകൂടി മുന്നോട്ടു പോയതോടെ മരുഭൂമിയിലെ മണലിന്റെ നിറം ചുവപ്പായി മാറി. വാദിറമ്മിൽ ആദ്യമെത്തിയത് രണ്ട് മനുഷ്യരുടെ മുഖത്തോട് സാമ്യമുള്ള മലയുടെ അടുത്തേക്കായിരുന്നു. പിന്നീട് എ.ഡി ഒന്നാം നൂറ്റാണ്ടിൽ കോറിയിട്ട ചിത്രങ്ങളിലേക്കും. ഒടുവിൽ മരുഭൂമിയിൽ ജോർഡൻ ഭരണകൂടം ഒരുക്കിയ ചായസൽക്കാരവും കഴിഞ്ഞ് അസ്തമയം കാണാനായി ഒരിടത്ത് വണ്ടി നിർത്തി.മരുഭൂമിയിലെ കുന്ന് കാണിച്ചു തന്ന് അതിന് മുകളിലേക്ക് പോയി അസ്തമയം കാണാൻ അബുനാസർ പറഞ്ഞു. പറഞ്ഞുതന്ന വഴിയിലൂടെ ചെറിയ കുന്നിൻ മുകളിലെത്തിയപ്പോൾ കണ്ട കാഴ്ച വിവരണാതീതമായിരുന്നു. ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത അസ്തമയമായിരുന്നു വാദിറം ഞങ്ങൾക്കായി ഒരുക്കിവെച്ചത്. അത്ര മനോഹരമായ കാഴ്ച.
ബദുവിയൻ ഡിന്നർ കഴിച്ച് ഉറക്കം
ക്യാമ്പിൽ രാത്രി ഞങ്ങളെ കാത്തിരുന്നത് ഭക്ഷ്യവൈവിധ്യമായിരുന്നു. മണിക്കൂറുകൾ മണ്ണിനടിയിൽ കുഴിച്ചിട്ട് പാകം ചെയ്തെടുത്ത ബദുവിയൻ സ്റ്റൈൽ ചിക്കനും മറ്റു ഭക്ഷ്യവിഭവങ്ങളും അതീവ രുചികരമായിരുന്നു. ഒടുവിൽ നല്ല കാഴ്ചകളിലേക്ക് ഞങ്ങളെ നയിച്ച ബദുവിയൻ യുവാക്കളോട് നന്ദി പറഞ്ഞ് ഉറക്കത്തിലേക്ക്. മരുഭൂമിയിലെ ചൂട് രാത്രി തണുപ്പിന് വഴിമാറിയപ്പോൾ സുഖമായ ഉറക്കം. അതിരാവിലെ ഉണർന്ന് സൂര്യോദയം കാണുകയായിരുന്നു ലക്ഷ്യം.
വാദിറം മരുഭൂമിയിലെ മലകൾഅതിമനോഹരമായിരുന്നു മരുഭൂമിയിലെ പ്രഭാതകാഴ്ചകൾ. ഒടുവിൽ പ്രാതലിന് ശേഷം വാദിറമ്മിൽനിന്ന് തിരികെ വരുമ്പോൾ അറബ് നാട്ടിലെ ആതിഥേയത്വത്തിന്റെ ഊഷ്മളതക്കൊപ്പം കുറെ നല്ല അനുഭവങ്ങളും ഒപ്പമുണ്ടായിരുന്നു. തലസ്ഥാന നഗരമായ അമ്മാനിലെത്തുമ്പോൾ ഒരിക്കൽകൂടി ഇവിടെ വരണമെന്ന് മനസ്സ് മന്ത്രിച്ചുകൊണ്ടേയിരുന്നു.