Begin typing your search above and press return to search.
exit_to_app
exit_to_app
marayoor
cancel
camera_alt

ഫോട്ടോ: ഷിബിൻ

Homechevron_rightTravelchevron_rightExplorechevron_rightമറയൂരിലെ പഴുതറകളുടെ...

മറയൂരിലെ പഴുതറകളുടെ പൊരുൾ തേടി

text_fields
bookmark_border

കേരള ഹിസ്റ്ററിക്കൽ റിസർച്ച് സ്റ്റഡീസ് എന്ന തൃശൂരിലുള്ള സംഘത്തിനൊപ്പമാണ് ചരിത്ര ശേഷിപ്പുകൾ തേടി മറയൂരിലെത്തിയത്. ഒരുവശത്ത്‌ കോട്ട പോലെ നിൽക്കുന്ന കാന്തല്ലൂർ മലനിരകൾ, മറുവശത്ത്‌ ആനമുടി ഉൾപ്പെടുന്ന ഇരവികുളം ദേശീയോദ്യാനത്തിലെ കൊടുമുടികൾ, മറ്റൊരു ഭാഗത്ത്‌ ചിന്നാർ വന്യജീവി സങ്കേതത്തിന്‍റെ ഭാഗമായ പർവതങ്ങൾ. ഇങ്ങനെ നാലുവശവും കൊടുമുടികളാൽ ചുറ്റപ്പെട്ട്‌ മറഞ്ഞുപോയതിനാലാണ് ഈ താഴ്‌വരക്ക് 'മറഞ്ഞിരിക്കുന്ന ഊര്‌' അഥവാ മറയൂര് എന്ന പേര് വന്നതെന്ന് പറയപ്പെടുന്നു. മറവരുടെ ഊര്‌ ആണ്‌ മറയൂർ ആയി മാറിയത്‌ എന്നും ഒരു പക്ഷമുണ്ട്.

മൂന്നാറി​െൻറ അതേ കുളിര്‍മയും പച്ചപ്പും മഞ്ഞുമെല്ലാം അനുഭവിക്കുവാന്‍ കഴിയുന്ന ഇടമാണ് മറയൂർ. മൂന്നാറിൽനിന്നും 42 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം. വിസ്തൃതമായ കരിമ്പിൻ തോപ്പുകളും ചന്ദനവനങ്ങളും മറയൂർ ശർക്കരയുടെ സുഗന്ധവും കാബേജും കാരറ്റും വിളയുന്ന പച്ചക്കറി തോട്ടങ്ങളും മറയൂരിനെ മറ്റ് ഊരുകളിൽനിന്ന് വ്യത്യസ്തയാക്കുന്നു.


എന്നാൽ, ചരിത്രകുതുകികൾ ഇവിടെയെത്തുന്നത് അഞ്ചുനാടിന്‍റെ അമൂല്യമായ തിരുശേഷിപ്പുകൾ തേടിയാണ്. പഴുതറകളുടെ പൊരുൾ തേടി. കുന്നിൻ മുകളിൽ ചൂട് കനക്കുന്നതിന് മുമ്പ്​ രാവിലെത്തന്നെ ഡോൾമെനുകൾ കാണാൻ ഞങ്ങൾ യാത്ര തിരിച്ചു. മഹാശിലായുഗ കാലഘട്ടത്തിൽ നിർമിതമായ ഒറ്റ അറയുള്ള കല്ലറകളെയാണ് ഡോൾമെനുകൾ അഥവാ പഴുതറകൾ എന്ന്​ വിളിക്കുന്നത്. ആയിരത്തോളം പഴുതറകള്‍ മറയൂര്‍ മലനിരകളിലുണ്ടെന്നാണ് സംസ്ഥാന പുരാവസ്തുവകുപ്പിന്‍റെ കണക്ക്. ഇതിൽ നൂറോളമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. മറയൂര്‍ പഞ്ചായത്തിൽ ഏറ്റവും അധികം പഴുതറകൾ കാണപ്പെടുന്ന മുരുകന്‍ പാറയിലേക്കാണ് ചരിത്ര ഗവേഷകനും ഇന്ത്യൻ റോക്ക്​ ആർട്ട് ഫൗണ്ടേഷൻ മെമ്പറുമായ ബെന്നി കുര്യാക്കോസിനൊപ്പം ഞങ്ങൾ ആദ്യം യാത്ര തിരിച്ചത്.

പാണ്ഡ്യൻ പേര്

മുനിയറകൾ എന്ന് വിളിക്കാറുണ്ടെങ്കിലും ബെന്നി കുര്യാക്കോസ് ഈ ശവകുടീരങ്ങളെ അങ്ങനെ വിളിക്കുന്നതിലെ അയുക്തി ചൂണ്ടിക്കാട്ടുന്നു. പാണ്ഡ്യൻ പേര് എന്ന തമിഴിൽ അറിയപ്പെടുന്ന ഈ ശവകുടീരങ്ങളെ അങ്ങനെ വിളിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്. (പാണ്ഡ്യൻ എന്നാൽ പ്രധാനിയെന്നാണ് തമിഴിൽ അർഥം. പ്രധാനിയുടെ പേരിലുള്ളത് എന്ന അർഥത്തിലാണ് ഇതിനെ പാണ്ഡ്യൻ പേര് എന്ന് വിളിക്കുന്നത്). എന്നാൽ, തികച്ചും മലയാളിത്തമുള്ള 'പഴുതറ' എന്ന പേര് കൂടി ഈ ശവകുടീരങ്ങളെ വിശേഷിപ്പിക്കാൻ ഉപയോഗിച്ചുവരുന്നുണ്ട്.


പ്രധാനപാതയിൽ 200 മീറ്റർ ദൂരം നടന്നാൽ മുരുകൻ പാറയിലെത്താം. പരന്നുകിടക്കുന്ന പാറക്കൂട്ടങ്ങളിൽ അങ്ങിങ്ങായി ഏകദേശം പതിനഞ്ച്, ഇരുപത് പഴുതറകളെങ്കിലും ഇവിടെയുണ്ട്. ഓരോന്നും വേലികെട്ടി തിരിച്ച് സംരക്ഷിച്ചിരിക്കുന്നു. ചിലതെല്ലാം നശിക്കപ്പെട്ട അവസ്ഥയിലാണ്. പഴുതറകളുടെ പ്രാധാന്യം തിരിച്ചറിയാത്ത സഞ്ചാരികൾ ഇവയുടെ മുകളില്‍ കയറി ചിത്രം എടുക്കുന്നതും സെല്‍ഫിയെടുക്കുന്നതും പതിവായതോടെ ചരിത്രസ്നേഹികളുെട നിർബന്ധത്തിന് വഴങ്ങി മറയൂർ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ മുനിയറ സംരക്ഷിക്കാന്‍ പദ്ധതി തയാറാക്കുകയായിരുന്നു.

ഒറ്റ അറയുള്ള കല്ലറകളെയാണ് പഴുതറകൾ അഥവാ ഡോൾമെനുകൾ എന്നു വിളിക്കുന്നത്. എ.ഡി 200നും ബി.സി ആയിരത്തിനും മധ്യേ മറയൂരിലെ താഴ്‌വരയിൽ നിലനിന്ന മനുഷ്യസംസ്‌കാരത്തിന്‍റെ അവശേഷിപ്പാണ്‌ ഇവയെന്ന് ചരിത്രഗവേഷകർ പറയുന്നു. ശവശരീരങ്ങൾ കുഴിച്ചിട്ട ഇടങ്ങളല്ല ഇവ, മറിച്ച് അവയുടെ അവശിഷ്ടങ്ങൾ സൂക്ഷിക്കുന്ന രണ്ടാംഘട്ട ശവകുടീരങ്ങളാണ് (secondary burial). അഞ്ച് പാറകൾ കൊണ്ടാണിവ പ്രധാനമായും നിർ‌മിക്കുന്നത്. വലിയ പരന്ന ഒരു കുടക്കല്ലിനെ രണ്ടോ അതിലധികമോ ലംബമായ കൽപാളികൾ താങ്ങിനിർത്തിയ നിലയിലാണ് സാധാരണയായി ഇവ കണ്ടുവരുന്നത്. നാല് വശത്ത് പരന്ന പാറകൾ കൊണ്ടുള്ള തൂണുകളും മുകളിൽ മൂടിക്കല്ല് എന്ന പേരിൽ മറ്റൊരു പാറയും. ലോകത്താകമാനം ആർട്ടിക്, അന്‍റാർട്ടിക ഒഴിച്ചുള്ള വൻകരകളിലെല്ലാം ഇത്തരത്തിലെ നിർമിതികൾ കണ്ടെത്തിയിട്ടുണ്ട്.


സംസ്​കാര സമ്പന്നരായ ജനത

മഹാശിലായുഗ കാലത്ത് ഇവിടെ ജീവിച്ചിരുന്നവരെക്കുറിച്ച് അധികം വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും മരണം രേഖപ്പെടുത്തിവെച്ചിരിക്കുന്ന രീതി കൊണ്ടുതന്നെ വളരെ സംസ്​കാര സമ്പന്നരായ ജനതയാണ് ഇവിടെ ഉണ്ടായിരുന്നതെന്നാണ്​ ചരിത്രകാരന്മാരുടെ പക്ഷം. താഴ്വരയിലേക്ക് അഭിമുഖമായാണ് പഴുതറകളെല്ലാം സ്ഥിതി ചെയ്യുന്നത്. മരിച്ചുപോയ പിതാമഹന്മാർ താഴ്വരയിലെ ജനങ്ങളേയും കൃഷിയേയും സംരക്ഷിച്ചുകൊള്ളുമെന്ന വിശ്വാസമായിരിക്കാം ഇതിന്​ പിന്നിലെന്ന് കരുതപ്പെടുന്നു.

മറയൂർ, കാന്തല്ലൂർ ഉൾപ്പെടുന്ന മേഖല അഞ്ചുനാടെന്ന പേരിലാണ് അറിയപ്പെടുന്നത്. മറയൂർ, കാരയൂർ, കീഴാന്തൂർ, കാന്തല്ലൂർ, കൊട്ടക്കുടി എന്നീ ഗ്രാമങ്ങൾ ചേർന്നതാണ് അഞ്ചുനാട്. കൊട്ടക്കുടി എന്ന ഗ്രാമം തമിഴ്നാട്ടിലാണ് ഇപ്പോഴുള്ളത്. പൊതുസമൂഹത്തിൽനിന്നും വ്യത്യസ്തമായി അവരുടേതായ നീതിയും നിയമങ്ങളും ശിക്ഷാരീതികളും പാലിച്ചുപോരുന്ന ജീവിത രീതിയായിരുന്നു അഞ്ചുനാട്ടുകാരുടേത്. ഇതിൽനിന്നും വ്യത്യസ്തമായി പുതിയ കാലഘട്ടത്തോടൊപ്പം ജീവിക്കാൻ പലരും ശ്രമിക്കുന്നുണ്ടെങ്കിലും ഊരുവിലക്കും മറ്റ് ആചാരങ്ങളും അപൂർവമായി ഇപ്പോഴും ഇവിടെ നിലനിൽക്കുന്നു.


മലപുലയരും മുതുവരുമാണ് അഞ്ചുനാട്ടിൽ താമസിച്ചുവന്നിരുന്നത്. തന്ന്യാസി അപ്പൻ, എരുമ നാച്ചിയമ്മൻ എന്നീ പേരിലുള്ള ദൈവങ്ങളായിരുന്നു ഇവരെ കാത്തുപോന്നത്. പിന്നീട് ഇവിടെ കുടിയേറിയ മലയാളികൾ ഇവരുടെ ദൈവങ്ങളെ മാറ്റി പകരം തെങ്കാശിനാഥൻ, അരുണാക്ഷിയമ്മൻ എന്നീ മലയാളിത്തമുള്ള ദൈവങ്ങളെ കുടിവെച്ചതായും പറയപ്പെടുന്നു.

മഴനിഴല്‍ താഴ്വര

കേരളത്തിലെ മറ്റു പ്രദേശങ്ങളുമായി ഒരു സാമ്യവുമില്ലാത്തതാണ് ഈ മഴനിഴല്‍ താഴ്വര. കേരളത്തിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും തമിഴ്നാടിന്‍റെ കാലാവസ്ഥയോടാണ് ഇവിടം കൂടുതൽ ചേർന്നുനിൽക്കുന്നത്. തുലാമഴയാണ് ലഭിക്കുക. എന്നാൽ, മൺസൂണിൽ പെയ്യുന്ന മഴവെള്ളം മലമുകളിൽനിന്ന് സമൃദ്ധമായി ഒഴുകിവരുന്നതിനാൽ താഴ്വരയിൽ വെള്ളം സുലഭമായി ലഭിക്കുന്നു. തെക്ക് ആനമുടി മലനിരകളും പടിഞ്ഞാറ് പോത്തടി മലയു൦ ആനമലയുടെ കിഴക്കൻ മലകളു൦ കിഴക്ക് പഴനി മലകളും വടക്ക് ചിന്നാർ താഴ്വാരവും ചേരുന്ന മനോഹര ദൃശ്യമാണ് മുരുകൻ പാറയുടെ മുകളിൽനിന്ന് നോക്കുമ്പോൾ തെളിയുക. ഇവിടെ നിന്നുള്ള കാഴ്ച ഏതൊരു സഞ്ചാരിയുടേയും മനം നിറക്കും.


മുരുകൻ പാറയിൽ നിന്നിറങ്ങി ചായ കുടിച്ച് യാത്ര ചെയ്യുന്നതിനിടയിലാണ് റോഡരികിലെ ശർക്കര നിർമാണ സ്ഥലത്ത് കയറിയത്. കരിമ്പിന്‍റെ ഓലകൊണ്ട് മേഞ്ഞ ചെറിയ കുടിലിലാണ് ശർക്കര നിർമാണം. മറയൂർ, കാന്തല്ലൂർ ഭാഗങ്ങളിൽ വർഷത്തിൽ എല്ലാ സമയത്തും കരിമ്പ് വിളയുന്നുണ്ട്. ഉപ്പിന്‍റെ അംശം തെല്ലുപോലും ഇല്ലാത്തതിനാൽ ഈ കരിമ്പിൽനിന്നും പരമ്പരാഗത രീതിയിൽ ഉണ്ടാക്കുന്ന ശർക്കരയുടെ രുചിയോട് കിടപിടിക്കുന്നതായി മറ്റൊന്നുമില്ല. അതിനാലാണ് മറയൂർ ശർക്കരക്ക് ഭൗമസൂചിക പദവി ലഭിച്ചതും.

ഏകദേശം 900ത്തോളം കർഷകരാണ് ഇവിടെ കരിമ്പുകൃഷി ചെയ്യുന്നത്. വലിയ അധ്വാനം വേണ്ടിവരുന്ന ജോലിയാണ് ശർക്കര നിർമാണം. കരിമ്പുവെട്ടിയെടുത്ത് യന്ത്രത്തിന്‍റെ സഹായത്തോടെ കരിമ്പ് ചതച്ച് നീര് ശേഖരിക്കുകയാണ് ആദ്യപടി. അതിന്‍റെ തെളി ഒരു വലിയ ചരുവത്തിൽ ചൂടാക്കുന്നു. വലിയ അളവിൽ ഇത്തരത്തിൽ ശർക്കര ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ചരുവത്തെ കൊപ്രയെന്നാണ് വിളിക്കുന്നത്. ചൂള പോലുള്ള വലിയ അടുപ്പിൽ വെച്ചാണ് കൊപ്ര ചൂടാക്കുന്നത്.


കത്തിക്കാനുപയോഗിക്കുന്നത് നീരെടുത്ത് ഉണക്കിയ കരിമ്പിൻ ചണ്ടിയാണ്. കരിമ്പിൻ നീര് ചൂടായിവരുമ്പോൾ മുകളിലെ അഴുക്ക് കോരി നീക്കുന്നു. കുറച്ച് ചുണ്ണാമ്പ് ചേർത്ത ഈ ദ്രാവകം കപ്പിയുടെ സഹായത്തോടെ മറ്റൊരു വലിയ പാത്രത്തിലേക്ക് ഒഴിക്കുന്നു.

ഇത് തണുത്തുവരുമ്പോൾ കൈകൊണ്ട് ഉരുട്ടിയെടുത്താണ് ശർക്കര ഉണ്ടാക്കുന്നത്. മറയൂർ ശർക്കരക്ക് കടുത്ത തവിട്ടുനിറമാണ്. മറ്റു ശർക്കരയേക്കാൾ ഉപ്പിന്‍റെ അംശം കുറവും മധുരം കൂടുതലുമാണ് മറയൂർ ശർക്കരക്ക്.


മറയൂരിലൂടെ സഞ്ചരിക്കുന്നതിനിടെ വഴിയരികിലും മറ്റും ശർക്കര നിർമിക്കുന്ന അനേകം കുടിലുകൾ കാണാനിടയായി. പാടം ഒന്നാകെ പാട്ടത്തിനെടുത്ത് ശർക്കര ഉണ്ടാക്കാൻ വേണ്ടി കുടുംബത്തോടെ ഒന്നോ രണ്ടോ വർഷത്തേക്ക് ഇവിടെ വന്ന് താമസിക്കുന്നവരേയും ഞങ്ങൾ പരിചയപ്പെട്ടു. 100-130 രൂപ നിരക്കിലാണ് ഇവിടെ ശർക്കര ലഭിക്കുന്നത്.

2019 മാര്‍ച്ച് ആറിനാണ് മറയൂര്‍ ശര്‍ക്കരക്ക് ഭൗമസൂചിക പദവി ലഭിച്ചത്. സ്വന്തമായി അംഗീകൃത ലോഗോയുള്‍പ്പെടെ ലോകോത്തര നിലവാരത്തിലേക്ക് ഇപ്പോൾ മറയൂര്‍ ശര്‍ക്കര എത്തിക്കഴിഞ്ഞു. ഇത് വാങ്ങാനും ശർക്കര നിർമാണം കാണാനും ധാരാളം സഞ്ചാരികളാണ് ഇവിടെയെത്തുന്നത്.Show Full Article
TAGS:marayoor idukki muniyara 
News Summary - Searching for the meaning of the ruins of Marayoor
Next Story