Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തടവറയിൽ തങ്ങാൻ ലക്ഷങ്ങൾ; ജപ്പാനിൽ വൻ ഹിറ്റായി 118 വർഷം പഴക്കമുള്ള ജയിൽ

text_fields
bookmark_border
തടവറയിൽ തങ്ങാൻ ലക്ഷങ്ങൾ; ജപ്പാനിൽ വൻ ഹിറ്റായി 118 വർഷം പഴക്കമുള്ള ജയിൽ
cancel

ടോക്കിയോ: ഒരു കാലത്ത് കുറ്റവാളികളെ തടവിലിട്ടിരുന്ന ഇരുട്ടുമുറികളും ചുവന്ന ഇഷ്ടികച്ചുവരുകളും ഇനി അതിഥികൾക്ക് ആഡംബരത്തിന്റെ പുതിയ അനുഭവമേകും. ജപ്പാനിലെ 118 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ 'നാര' ജയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന പഞ്ചനക്ഷത്ര ആഡംബര ഹോട്ടലായി മാറി. പൗരാണിക തടവറയുടെ ഘടനയ്ക്ക് യാതൊരു കോട്ടവും വരുത്താതെ അത്യാധുനിക സൗകര്യങ്ങളോടെ പുനരവതരിപ്പിച്ച ഈ അപൂർവ്വ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ പ്രവാഹമാണ്.

തടവറയ്ക്കുള്ളിൽ ഒരു രാത്രി കഴിച്ചുകൂട്ടാൻ ലക്ഷങ്ങൾ ചെലവഴിക്കാൻ സഞ്ചാരികൾ ക്യൂ നിൽക്കുന്ന വേറിട്ട കാഴ്ചയ്ക്കാണ് ജപ്പാൻ സാക്ഷ്യം വഹിക്കുന്നത്. 118 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ 'നാര' ജയിലാണ് കോടികൾ വിലമതിക്കുന്ന പഞ്ചനക്ഷത്ര ആഡംബര റിസോർട്ടായി പുനരവതരിച്ചിരിക്കുന്നത്. ജപ്പാന്റെ സാംസ്കാരിക പൈതൃക പട്ടികയിലുള്ള ഈ പുരാതന നിർമിതിയുടെ സംരക്ഷണവും വിനോദസഞ്ചാര വികസനവും ലക്ഷ്യമിട്ട് കഴിഞ്ഞ ജൂലൈയിലാണ് ഹോട്ടൽ പ്രവർത്തനം ആരംഭിച്ചത്.

പൈതൃകം തൊടാത്ത 'പാനോപ്റ്റിക്കൺ' ഡിസൈൻ

1908-ൽ മീജി ഭരണകാലത്ത് പ്രശസ്ത ശില്പി കെയ്ജിറോ യമഷിതയാണ് യൂറോപ്യൻ ശൈലിയിൽ ചുവന്ന ഇഷ്ടികകൾ കൊണ്ട് ഈ കൂറ്റൻ കെട്ടിടം നിർമിച്ചത്. 2017 വരെ ജുവനൈൽ ജയിലായി പ്രവർത്തിച്ചിരുന്ന ഇവിടെ അഞ്ച് ബ്ലോക്കുകളും മധ്യത്തിലായി നിരീക്ഷണ ഗോപുരവുമുള്ള 'പാനോപ്റ്റിക്കൺ' വാസ്തുവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ചരിത്രപ്രാധാന്യമുള്ള ഈ നിർമാണ ഘടനയ്ക്ക് യാതൊരു കോട്ടവും തട്ടാതെയാണ് കെട്ടിടത്തെ ഹോട്ടലാക്കി മാറ്റിയത്.

ഏകദേശം അഞ്ഞൂറോളം പഴയ ജയിൽ സെല്ലുകൾ സംയോജിപ്പിച്ചാണ് 48 അതിവിശാലമായ സ്യൂട്ടുകളും റസ്റ്ററന്റുകളും ഒരുക്കിയിരിക്കുന്നത്. ഒൻപത് മുതൽ പതിനൊന്ന് വരെ സെല്ലുകൾ ഒന്നിച്ചുചേർത്താണ് ഓരോ മുറിയും രൂപകൽപ്പന ചെയ്തിരിക്കുന്നത്. സെല്ലുകളുടെ കനത്ത ഇരുമ്പ് വാതിലുകളും ഇഷ്ടികച്ചുവരുകളും ലോബിയിലടക്കം പഴയപടി നിലനിർത്തിയിട്ടുണ്ട്.

മുറികൾക്കുള്ളിൽ അത്യാധുനിക ഫൈവ് സ്റ്റാർ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വിശാലമായ ലൗഞ്ച്, സൗജന്യ മിനി ബാർ, വാക്ക്-ഇൻ ക്ലോസറ്റ്, പൗരാണിക കാസറ്റ് പ്ലെയർ, അത്യാധുനിക ബാത്ത്റൂമുകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഭൂകമ്പ സാധ്യത മുൻനിർത്തി കെട്ടിടത്തിന്റെ സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്.

സൗകര്യങ്ങൾക്കനുസരിച്ച് ഒരു രാത്രി തങ്ങുന്നതിന് 30,000 രൂപ മുതൽ ഒരു ലക്ഷം രൂപയ്ക്ക് മുകളിലാണ് നിരക്ക്. തടവറയുടെ പൗരാണിക അന്തരീക്ഷവും ആഡംബരവും ഒരുപോലെ അനുഭവിക്കാൻ ലോകമെമ്പാടുമുള്ള യാത്രികരാണ് ഇവിടേക്ക് എത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Paying Lakhs to Stay Behind Bars: 118-Year-Old Jail Becomes Huge Hit in Japan
Next Story